എവിടെയും എനിക്കൊരു വീടുണ്ട്
Posted on: 04 Jun 2011
ഊട്ടിയുടെ കുളിരില്‍ തന്റെ ഹിറ്റ് സിനിമകള്‍ പിറന്ന വീടുകളിലൂടെ പഴയ ഓര്‍മകളുമായി മോഹന്‍ലാല്‍...
ഊട്ടിയിലെത്തുമ്പോള്‍ എപ്പോഴും സ്വന്തം വീട്ടില്‍ എത്തുന്ന പോലെയാണ്. ഇവിടെ എനിക്ക് സ്വന്തമായി ഒരു വീട് ഉള്ളതുകൊണ്ടല്ല ഈ തോന്നല്‍. നീലഗിരിയും അതിന്റെ താഴ്‌വാരങ്ങളും പൈന്‍മരങ്ങളും പൊയ്കകളും പൂന്തോട്ടങ്ങളുമെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാനുമായി പ്രണയത്തിലായതാണ്. ഇവിടുത്തെ തണുപ്പില്‍ ഞാന്‍ സ്വസ്ഥനാണ്. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ ഇവിടെ ഒരു വീടുവെച്ചത്.
ഒരുപാട് വര്‍ഷങ്ങള്‍ക്കു മുമ്പ് തേനും വയമ്പും എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ഞാന്‍ ആദ്യമായി ഊട്ടിയില്‍ എത്തുന്നത്. പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ഒരു സുഖവാസകേന്ദ്രം മാത്രമായിരുന്നു അന്ന് ഇവിടം. പിന്നീട് എന്റെ വളര്‍ച്ചയ്‌ക്കൊപ്പം ഊട്ടിയും വളര്‍ന്നു എന്നു പറയുന്നതാവും ശരി. കാരണം എന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലുകളായ ഒരുപാട് സിനിമകള്‍ ഇവിടെ ചിത്രീകരിച്ചു. ഇവിടെ തുടങ്ങുന്നു, എങ്ങിനെ നീ മറക്കും, കുയിലിനെത്തേടി, താളവട്ടം, ചിത്രം, ദശരഥം, കിലുക്കം, മിന്നാരം, കളിപ്പാട്ടം, ഉള്ളടക്കം, ഇരുവര്‍, ഹലോ... ഒറ്റനിമിഷം ഓര്‍ത്താല്‍ ഇത്രയും പറയാം. ജീവിത്തില്‍ ഏറ്റവും അധികം തവണ ഞാന്‍ വന്നു താമസിച്ച കേരളത്തിനു പുറത്തുള്ള സ്ഥലം ഊട്ടിയായിരിക്കും. ഒരു വീടു കൂടി വച്ചപ്പോള്‍ അതെന്റെ സ്വദേശം തന്നെയായി.
എന്റെ വീടുകളെ കുറിച്ച് ഒരുപാട് പ്രചരണങ്ങള്‍ ഒരു കാലത്ത് കേരളത്തില്‍ നിറയെ ഉണ്ടായിരുന്നു. പലതും കേട്ട് ഞാന്‍ അമ്പരക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ ആഡംബരപൂര്‍ണമായ ഒരു പുതിയ വീട് ഉയര്‍ന്നാലും 'അത് മോഹന്‍ലാലിന്റേതാണ്.' എന്ന് പറഞ്ഞുപരന്നു. സത്യം പറഞ്ഞാല്‍ തിരുവനന്തപുരത്തെ പഴയ വീടും ചെന്നെയിലെ വീടും മാത്രമാണ് അന്നെനിക്കുണ്ടായിരുന്നത്. വളരെ കഴിഞ്ഞാണ് ഞാന്‍ ഊട്ടിയിലും എറണാകുളത്തും വീട് വെച്ചത്.
ഊട്ടിയില്‍ ആദ്യകാലത്ത് വന്നപ്പോഴേ ഞാന്‍ ജോണ്‍ സള്ളിവനെക്കുറിച്ച് കേട്ടിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കോയമ്പത്തൂര്‍ ഗവര്‍ണ്ണറായിരുന്ന അദ്ദേഹമാണ് ഊട്ടിയുടെ ശില്‍പി എന്നു പറയാം. തോടന്‍മാര്‍ എന്ന ഗോത്രവര്‍ഗക്കാരില്‍ നിന്നാണ് സള്ളിവന്‍ ഊട്ടി ഏറ്റെടുത്തത്. ചായയും തേക്കുമടക്കമുള്ള കൃഷികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തോടന്‍മാര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അദ്ദേഹവുമായി സഹകരിച്ചു. തോടന്‍മാരുടെ സാംസ്‌കാരികമായ അംഗീകാരത്തിനും ഭൂമിയിലുള്ള അവകാശത്തിനും വേണ്ടി സള്ളിവന്‍ ശ്രമിച്ചു. ഇതു പക്ഷെ ബ്രിട്ടീഷ് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ എല്ലാതരത്തിലും അവര്‍ ശിക്ഷിച്ചു. ഊട്ടിയിലെ ഒരോ മഞ്ഞുതുള്ളിയും സള്ളിവന്റെയും അദ്ദേഹത്തെ സ്‌നേഹിച്ച തോടന്‍മാരുടെയും കണ്ണുനീരാണ്.
നിരവധി വര്‍ഷങ്ങളിലെ വന്നുപോവലുകള്‍ക്കിടെ എപ്പോഴോ ഒരിക്കലാണ് ഊട്ടിയില്‍ ഒരു വീടുവെക്കണം എന്ന തോന്നല്‍ എനിക്കുണ്ടായത്. ഒരുപാടന്വേഷിച്ചപ്പോള്‍ ഒരു വിദേശിയായ അമ്മൂമ്മയുടെ സ്ഥലം ഉണ്ടെന്നറിഞ്ഞു. ലൗഡെയ്ല്‍ എന്ന സ്ഥലത്തായിരുന്നു അത്. വലിയ മലകള്‍ക്കഭിമുഖമായി ഒരു ചെറുവനത്തിനു നടുവിലുളള ആ സ്ഥലത്താണ് ഞാന്‍ വീട് വെച്ചത്.
അപൂര്‍വ്വമായ ശാന്തതയും മധുരമായ പ്രഭാതങ്ങളുമാണ് ഈ വീടിന്റെ സൗഖ്യം. രാവിലെ മലകള്‍ക്കപ്പുറത്ത് ഉഷസുണര്‍ന്നു വരുന്നത് നേരിട്ടു കാണാം. താഴെ ഉറഞ്ഞ തണുപ്പിലേക്ക് ഇളം ചൂടുള്ള രശ്മികള്‍ തെറിച്ചുവീഴും. വീടിനു ചുറ്റുമുള്ള വനവഴികളിലൂടെ സ്വസ്ഥമായി നടക്കാം. നടന്നുപോകുമ്പോള്‍ തൊട്ടരികിലൂടെ മേട്ടുപാളയത്തേക്കുള്ള നീലഗിരി പാസഞ്ചര്‍ കടന്നു പോകും. കുറേ നടന്നു കഴിയുമ്പോഴേക്കും വനത്തില്‍ നിറയെ വെയില്‍ പരന്നിരിക്കും.
ഊട്ടിയിലെത്തുമ്പോള്‍ എപ്പോഴും സ്വന്തം വീട്ടില്‍ എത്തുന്ന പോലെയാണ്. ഇവിടെ എനിക്ക് സ്വന്തമായി ഒരു വീട് ഉള്ളതുകൊണ്ടല്ല ഈ തോന്നല്‍. നീലഗിരിയും അതിന്റെ താഴ്‌വാരങ്ങളും പൈന്‍മരങ്ങളും പൊയ്കകളും പൂന്തോട്ടങ്ങളുമെല്ലാം എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാനുമായി പ്രണയത്തിലായതാണ്. ഇവിടുത്തെ തണുപ്പില്‍ ഞാന്‍ സ്വസ്ഥനാണ്. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ ഇവിടെ ഒരു വീടുവെച്ചത്.
'കിലുക്ക'ത്തിന്റെ ഓര്‍മ്മകളില്‍ ഫേണ്‍ഹില്‍ പാലസ് |
എന്റെ വീടുകളെ കുറിച്ച് ഒരുപാട് പ്രചരണങ്ങള്‍ ഒരു കാലത്ത് കേരളത്തില്‍ നിറയെ ഉണ്ടായിരുന്നു. പലതും കേട്ട് ഞാന്‍ അമ്പരക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. എവിടെ ആഡംബരപൂര്‍ണമായ ഒരു പുതിയ വീട് ഉയര്‍ന്നാലും 'അത് മോഹന്‍ലാലിന്റേതാണ്.' എന്ന് പറഞ്ഞുപരന്നു. സത്യം പറഞ്ഞാല്‍ തിരുവനന്തപുരത്തെ പഴയ വീടും ചെന്നെയിലെ വീടും മാത്രമാണ് അന്നെനിക്കുണ്ടായിരുന്നത്. വളരെ കഴിഞ്ഞാണ് ഞാന്‍ ഊട്ടിയിലും എറണാകുളത്തും വീട് വെച്ചത്.
ഊട്ടിയില്‍ ആദ്യകാലത്ത് വന്നപ്പോഴേ ഞാന്‍ ജോണ്‍ സള്ളിവനെക്കുറിച്ച് കേട്ടിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിലെ കോയമ്പത്തൂര്‍ ഗവര്‍ണ്ണറായിരുന്ന അദ്ദേഹമാണ് ഊട്ടിയുടെ ശില്‍പി എന്നു പറയാം. തോടന്‍മാര്‍ എന്ന ഗോത്രവര്‍ഗക്കാരില്‍ നിന്നാണ് സള്ളിവന്‍ ഊട്ടി ഏറ്റെടുത്തത്. ചായയും തേക്കുമടക്കമുള്ള കൃഷികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തോടന്‍മാര്‍ അദ്ദേഹത്തെ സ്‌നേഹിച്ചു. അദ്ദേഹവുമായി സഹകരിച്ചു. തോടന്‍മാരുടെ സാംസ്‌കാരികമായ അംഗീകാരത്തിനും ഭൂമിയിലുള്ള അവകാശത്തിനും വേണ്ടി സള്ളിവന്‍ ശ്രമിച്ചു. ഇതു പക്ഷെ ബ്രിട്ടീഷ് സര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല. അദ്ദേഹത്തെ എല്ലാതരത്തിലും അവര്‍ ശിക്ഷിച്ചു. ഊട്ടിയിലെ ഒരോ മഞ്ഞുതുള്ളിയും സള്ളിവന്റെയും അദ്ദേഹത്തെ സ്‌നേഹിച്ച തോടന്‍മാരുടെയും കണ്ണുനീരാണ്.
ഊട്ടിയിലെ തന്റെ പ്രിയപ്പെട്ട വാസകേന്ദ്രങ്ങളിലൊന്നായ സള്ളിവന്‍ കോര്‍ട്ടിലെ ലിഫ്റ്റില്‍ മോഹന്‍ലാല്‍ |
അപൂര്‍വ്വമായ ശാന്തതയും മധുരമായ പ്രഭാതങ്ങളുമാണ് ഈ വീടിന്റെ സൗഖ്യം. രാവിലെ മലകള്‍ക്കപ്പുറത്ത് ഉഷസുണര്‍ന്നു വരുന്നത് നേരിട്ടു കാണാം. താഴെ ഉറഞ്ഞ തണുപ്പിലേക്ക് ഇളം ചൂടുള്ള രശ്മികള്‍ തെറിച്ചുവീഴും. വീടിനു ചുറ്റുമുള്ള വനവഴികളിലൂടെ സ്വസ്ഥമായി നടക്കാം. നടന്നുപോകുമ്പോള്‍ തൊട്ടരികിലൂടെ മേട്ടുപാളയത്തേക്കുള്ള നീലഗിരി പാസഞ്ചര്‍ കടന്നു പോകും. കുറേ നടന്നു കഴിയുമ്പോഴേക്കും വനത്തില്‍ നിറയെ വെയില്‍ പരന്നിരിക്കും.
ഇതെന്റെ വീട്: ഊട്ടിയിലെ തന്റെ വീടിന് മുന്നില്‍ |
ഒരു വീടാണ് ഞാന്‍ ഊട്ടിയില്‍ വെച്ചത്. എന്നാല്‍ ഒരുപാട് വീടുകള്‍ ഈ സ്ഥലം എനിക്ക് സ്വന്തമെന്ന പോലെ തന്നു. എപ്പോഴും വരികയും ഷൂട്ട് ചെയ്യുകയും ഉറങ്ങുകയും എല്ലാം ചെയ്ത വീടുകള്‍. ഊട്ടിയിലെ സ്വന്തം വീട്ടില്‍ ചെലവഴിച്ചതിനേക്കാള്‍ സമയം ഞാന്‍ ഒരു പക്ഷെ ഈ വീടുകളില്‍ കഴിഞ്ഞിട്ടുണ്ടാകാം. അത്രയുമധികം സിനിമകള്‍ അവയുടെ മേല്‍ക്കൂരയ്ക്ക് കീഴില്‍ വെച്ച് ചിത്രീകരിച്ചിട്ടുണ്ട്.
ബോബിയെ ഓര്‍മ്മയില്ലേ, 'മിന്നാര'ത്തിലെ ആ രംഗം ഇവിടെയായിരുന്നു |
ഫേണ്‍ഹില്‍ പാലസിന്റെ ഉള്‍ത്തളങ്ങിലെ ചുമരുകളില്‍ പഴയകാലത്തെ ബഌക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ ഫ്രെയിമിട്ട് വച്ചിരിക്കുന്നത് കാണാം. ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ ഞാന്‍ വെറുതെ അവ കണ്ടു നടക്കും. ആ കാലത്തെ ഫേണ്‍ഹില്‍ പാലസ് അവയില്‍ നോക്കി സങ്കല്‍പിച്ചെടുക്കാം. നായ്കളുടെ വന്‍ സംഘത്തോടൊപ്പം കുതിരപ്പുറത്തിരിക്കുന്ന വെള്ളക്കാരെ ആ ചിത്രങ്ങളില്‍ കാണാം. ദശരഥം ചിത്രീകരിക്കുമ്പോള്‍ ഒരു ദിവസം ഞാന്‍ തനിച്ച് ഫേണ്‍ഹില്‍ പാലസില്‍ കിടന്നുറങ്ങി. അന്നു രാത്രി, ആ ചിത്രങ്ങളില്‍ കണ്ട പലരും എന്റെ സ്വപ്‌നങ്ങളില്‍ വന്നുപോയി.
ഫേണ്‍ഹില്‍ പാലസിലെ ഷൂട്ടിങ്ങിനിടയില്‍ തന്നെയാണ് ഞാന്‍ അതിന്റെ വിളിപ്പാടകലെ താമസിക്കുന്ന ഗുരു നിത്യചൈതന്യയതിയെ കാണുകയും പരിചയപ്പെടുകയും ചെയ്തത്. എന്‍.എല്‍ ബാലകൃഷ്ണനും അന്ന് എന്നോടൊപ്പമുണ്ടായിരുന്നു. അന്ന് ഞാനാ യതിവര്യന്റെ ഒരുപാട് ഫോട്ടോകള്‍ എടുത്തു. രസികനായ ഒരു സംന്യാസി.
താളവട്ടവും ഉള്ളടക്കവും ചിത്രീകരിച്ചത് വൃന്ദാവന്‍ പാലസിലാണ്. ആ പഴയ വീട്ടില്‍, വ്യത്യസ്ത സിനിമകളില്‍ ഭ്രാന്തനായുംഡോക്ടറായും ഞാന്‍ അഭിനയിച്ചു. രണ്ടു സിനിമകളും ഭ്രാന്തിന്റെ ലോകത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു എന്നത് യാദൃശ്ചികമാവാം.
ഫേണ്‍ഹില്‍ പാലസിന്റെ യാത്രയും പുരാതനമോ പ്രൗഢിയുള്ളതോ അല്ല വൃന്ദാവന്‍ പാലസ്. നോട്ടക്കുറവിന്റെ പാടുകള്‍ എല്ലായിടത്തുമുണ്ട്. എങ്കിലും അതിന്റെ മുറ്റവും തണലുവിരിച്ച നടവഴികളും എനിക്കിഷ്ടമാണ്.
സള്ളിവന്‍ കോര്‍ട്ടിന് മുന്നില്‍ |
ഹോം എലോണ്‍: നവനഗര്‍ പാലസ്. 'മിന്നാരം' പോലുള്ള നിരവധി ഹിറ്റുകള്‍ ഷൂട്ട് ചെയ്തത് ഇവിടെയാണ് |
ഒരു വീട്ടിലും ഒരുപാട് കാലം താമസിക്കാന്‍ യോഗമില്ലാത്തയാളാണ് ഞാന്‍. ഒന്നിലധികം വീടുകളുണ്ടെങ്കിലും ഹോട്ടല്‍ മുറികളാണ് എന്റെ ആലയം. എങ്കിലും ഊട്ടിയിലെത്തുമ്പോള്‍ ഞാന്‍ ഇത്തിരിയിത്തിരി ദൂരങ്ങളുടെ വ്യത്യാസത്തില്‍ ഒരുപാട് വീടുകളുടെ ഉടമസ്ഥനായതു പോലെ. ഒരു വീടും ആത്യന്തികമായി നമ്മുടേതല്ല എന്നറിയും പോലെ തന്നെ എല്ലാ വീടുകളും നമ്മുടേതാണ് എന്ന അറിവും സുഖം തരുന്നതല്ലേ?
ചെകുത്താന്റെ പാചകപ്പുരയില്‍
Posted on: 25 Mar 2011
ചിതറിയ അസ്ഥികൂടങ്ങള്‍ക്കും എല്ലാം മറയ്ക്കുന്ന ഇരുട്ടിനും മധ്യേ
പാതാളത്തോളം താഴെ ചെകുത്താന്റെ സാമ്രാജ്യം
സാധാരണ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം കൊടൈക്കനാല്‍ എന്നാല്‍ നക്ഷത്രരൂപത്തിലുള്ള നീലത്തടാകവും വെയില്‍ നിറം മാറി കളിക്കുന്ന പൈന്‍മരക്കാടുകളും പച്ചകംബളം നീട്ടിവിരിച്ചതുപോലുള്ള ഗോള്‍ഫ് മൈതാനങ്ങളും കുതിര സവാരിയും പിന്നെ, പേടിപ്പിക്കുന്ന സൂയിസൈഡ് പോയന്റും മാത്രമാണ്. എന്നാല്‍ കൊടൈക്കനാലിന് മറ്റൊരു മുഖമുണ്ട്. അധികമാരും കാണാത്ത, ഇരുണ്ടമുഖം. ആരും അങ്ങോട്ടു പോകാറില്ല. പോകുന്നവര്‍ മരിയ്ക്കാന്‍ വേണ്ടിയാണ് പോകുന്നത്. അവിടെ എപ്പോഴും ഇരുട്ടാണ്, പിന്നെ പേടിെപ്പടുത്തുന്ന ഏകാന്തതയും. ഡെവിള്‍സ് കിച്ചന്‍ (ചെകുത്താന്റെ പാചകപ്പുര) എന്നാണ് ഇതിനെ ഭാവനാശീലനായ ഏതോ സായിപ്പ് പേരിട്ടു വിളിച്ചത്. ഈ ഇരുണ്ട അധോലോകം കൂടി കണ്ടാല്‍ മാത്രമേ കൊടൈക്കനാലിലെ കാഴ്ചകള്‍ പൂര്‍ണ്ണമാവൂ.
കൊടൈക്കനാലിന്റെ കേന്ദ്രബിന്ദുവായ തടാകത്തില്‍ നിന്നും ആറുകിലോമീറ്ററോളം മാറിയാണ് ഡെവിള്‍സ് കിച്ചണ്‍. പില്ലര്‍റോക്ക് ആണ് അതിനടുത്ത, സാധാരണക്കാര്‍ എത്തിച്ചേരുന്ന സൈറ്റ് സീയിങ് പോയിന്റ്. അവിടെ നിന്നും മുകളിലേക്ക് പോയി, കറുത്ത മണ്ണില്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പൈന്‍മരക്കാടുകള്‍ കടന്ന് വേണം ഡെവിള്‍സ് കിച്ചനിലേക്ക് പോകാന്‍. പരസ്പരം പിണഞ്ഞു കിടക്കുന്ന വേരുകള്‍, ഇടയ്ക്ക് കൂറ്റന്‍ മരങ്ങള്‍, അവയുണ്ടാക്കുന്ന ഇരുട്ട്, എണ്ണമറ്റ വാനരസംഘങ്ങള്‍.... അങ്ങേയറ്റത്ത് വേലികെട്ടിത്തിരിച്ച കൂറ്റന്‍ പാറത്തുഞ്ചാണ്. അതുവരെയേ അന്വേഷികളായ സഞ്ചാരികള്‍ക്ക് പ്രവേശനമുള്ളു. എന്നാല്‍ അതിനപ്പുറത്തെ ആഴങ്ങളിലായിരുന്നു കാഴ്ച; അനുഭവവും. പിണഞ്ഞ് കിടക്കുന്ന വേരുകള്‍ പിടിച്ചു പിടിച്ചു വേണം ചെങ്കുത്തായ ഇറക്കം ഇറങ്ങാന്‍. ഇറക്കം തുടങ്ങുന്ന സ്ഥലത്തു തന്നെ പച്ചപുല്ലുകള്‍ക്കിടയില്‍ ഒരു തലയോട്ടി പേടിപ്പിക്കും വിധം പല്ലിളിച്ചു കിടക്കുന്നു. എന്നോ, എന്തൊക്കെയോ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്ത ഏതോ അജ്ഞാതന്റെതാവാം അത്. അത്രയധികം പേരാണ് കാറ്റ് ചൂളം കുത്തുന്ന ആ കൊക്കയിലേക്ക് ചാടി ജീവനൊടുക്കുന്നത്. കൊല ചെയ്യപ്പെടുന്നവര്‍ വേറെയും. വീണാല്‍ പിന്നെ തിരിച്ചെടുക്കലുകളില്ല. ആരും അറിയുകയുമില്ല.
വേരുകളില്‍ പിടിച്ചുള്ള ഇറക്കം പാതിവഴിയില്‍ എനിയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നു. കാലിലെ മസിലുകള്‍ ഉരുണ്ടു കയറുന്നത് ഞാനറിഞ്ഞു. പിന്നീട് രണ്ടു വശത്തും മരക്കഷണങ്ങള്‍ അടിച്ച് കോണിയുണ്ടാക്കി ഇറങ്ങാന്‍ ശ്രമിച്ചു. പിടിക്കാന്‍ ഒരു കയര്‍ തൂക്കിയിട്ടു.
പാറക്കൂട്ടങ്ങളും പച്ചക്കാടുകളും കൂടിക്കലര്‍ന്നു കിടക്കുന്ന ആ വഴി മുന്നോട്ട് പോകുന്തോറും പേടിപ്പിക്കുന്നതായിരുന്നു. താഴേക്ക് എത്തുന്നതിനനുസരിച്ച് ചുറ്റുമുള്ള പാറകളുടെ ഉയരം വര്‍ധിക്കുന്നതു പോലെ. വലതുവശത്ത് കൊടുംകാട് നിറഞ്ഞ ആഴങ്ങള്‍. അടിയില്‍ നിന്നും പൊന്തി അതിന്റെ ഉച്ചിയിലേക്ക് പറന്ന് പരക്കുന്ന മഞ്ഞുപുക. കൊടും തണുപ്പ്. ഇടതു വശത്തു കൃത്യമായി മുറിച്ചു വച്ചതു പോലുള്ള പാറകള്‍. ഇടക്കിടെ പാഞ്ഞ് വന്ന് അസ്ഥിയില്‍ വരെ സ്പര്‍ശിച്ചു പോകുന്ന ശീതക്കാറ്റ്.
താഴേക്കുര്‍ന്നു പോകുന്ന ആ വഴിയുടെ അറ്റം ഒരു കൂറ്റന്‍ കരിമ്പാറയില്‍ ചെന്ന് സ്തംഭിച്ചു നിന്നു. അതിന്റെ അരികിലൂടെയുള്ള വഴി പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ പുളഞ്ഞ് പുളഞ്ഞ് അജ്ഞാതമായ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നു. ആ കരിമ്പാറയ്ക്കപ്പുറം ഞാന്‍ ചെകുത്താന്റെ പാചകപ്പുര കണ്ടു.
ആഴത്തിലുള്ള ഒരു ഗുഹയും അതില്‍ നിന്നും നീണ്ടുപോകുന്ന ഇരുട്ടിന്റെ തുരങ്കങ്ങളും വീണ്ടും വീണ്ടും വരുന്ന ഗുഹകളും ചേര്‍ന്നതായിരുന്നു അത്. മുകളിലേക്ക് നോക്കിയാല്‍ ആയിരത്തിലധികം അടി ഉയരത്തില്‍ പാറ പിളര്‍ന്നു മാറിയതിന്റെ വിടവ്. വിടവിനു മുകളില്‍ മരങ്ങള്‍ പടര്‍ന്നു നില്‍ക്കുന്നു. അതിനുമപ്പുറം ദൂരെ ആകാശത്തിന്റെ നീലത്തുണ്ടുകള്‍. തികഞ്ഞ നിശബ്ദത. വല്ലപ്പോഴും ഒരു മഞ്ഞുതുള്ളി മുകളില്‍ നിന്നും അടര്‍ന്ന്, വിടവിലൂടെ പാഞ്ഞുവന്ന് പാറയുടെ കൂര്‍ത്ത പ്രതലത്തില്‍ വീണ് ചിതറുന്നതിന്റെ ശബ്ദം പോലും ആ നിശബ്ദതയില്‍ തെളിഞ്ഞു കേള്‍ക്കാം.
ആഴങ്ങളില്‍ നിന്നും പെട്ടെന്ന് വമിക്കുന്ന മഞ്ഞുപുകയാണ് ഈ ഗുഹയ്ക്ക് മായികമായ സൗന്ദര്യം നല്‍കുന്നത്. തെളിഞ്ഞ പകലിലേയ്ക്ക് നോക്കിനില്‍ക്കെ ഒരു കൂട്ടം കോടമഞ്ഞിന്‍ പുകയെ ഈ ഗുഹ പറത്തിവിടുന്നു. മുകളിലെ വിടവുകള്‍ക്കിയിലൂടെ നൂഴ്ന്ന് അവ പുറത്തെത്തുന്നു. പിന്നെ കൊടൈക്കനാലിന്റെ ആകാശത്തിലൂടെ അലയുന്നു. എവിടെ നിന്നൊക്കെയോ അത് കണ്ട് സഞ്ചാരികള്‍ കുളിര്‍ന്ന് നിര്‍വൃതിയടയുന്നു. നിരന്തരം കോടമഞ്ഞിന്‍ പുക തുപ്പുന്നതു കൊണ്ടാണ് ഈ ഗുഹയ്ക്ക് സായ്പ് ചെകുത്താന്റെ പാചകപ്പുര എന്നു പേരിട്ടത്. എത്ര അന്വര്‍ഥമായ പേര്!
കുന്നുകള്‍ക്കും താഴ്‌വരകള്‍ക്കും ഭൂശോഷണം സംഭവിച്ചാണ് ഈ സ്ഥലം ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിയത് എന്ന് ഭൂമിശാസ്ത്രത്തില്‍ അറിവുള്ളവര്‍ പറയുന്നു. 55-60 ദശലക്ഷം വര്‍ഷം മുന്‍പ് ഉയര്‍ന്നു വന്ന് രൂപം പ്രാപിച്ച പീഠഭൂമികളില്‍ പെട്ടതാണ് കൊടൈക്കനാല്‍, മൂന്നാര്‍, വയനാട് എന്നിവ. ഭൂമിക്കു മുകളില്‍ മാത്രമല്ല അടിയിലും വിസ്മയങ്ങള്‍ സംഭവിക്കുന്നുണ്ട്.
ഗുഹയുടെ ഉള്ളിലേക്കു പോകുന്തോറും ഇരുട്ട് വന്ന് നമ്മളെ വിഴുങ്ങും. പലയിടത്തും ചതുപ്പാണ്. തണുപ്പ് കനത്തു. നനഞ്ഞ പാറയുടെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ഇടകലര്‍ന്ന ഗന്ധം. മുകളിലെ വിടവിലൂടെ വരുന്ന വെളിച്ചം പലപ്പോഴും താഴെയെത്തുന്നില്ല. ആ ഇരുട്ടിലൂടെ സ്ഥലവാസിയായ ഒരാളുടെ സഹായത്തോടെ മുന്നോട്ട് നടന്ന് ടോര്‍ച്ചടിച്ചപ്പോള്‍ കണ്ട കാഴ്ച ഇനി വരുന്ന ജന്‍മങ്ങളില്‍ (അങ്ങിനെയൊന്നുണ്ടെങ്കില്‍) പോലും ഞാന്‍ ഓര്‍ക്കുന്നതാണ്. പിണഞ്ഞു കിടക്കുന്ന രണ്ട് അസ്ഥികൂടങ്ങള്‍! തൊട്ടപ്പുറം ദ്രവിച്ചുതീര്‍ന്ന ചുരിദാര്‍. വീണതോ വീഴ്ത്തപ്പെട്ടതോ ആയ ഏതോ ദുരന്തജന്‍മങ്ങളുടെ ശേഷിപ്പുകള്‍.
ഇവിടെ വീണാല്‍ മരണം മാത്രമേ വഴിയുള്ളൂ. മരിച്ചു കിടന്നാലും ആരും അറിയില്ല. തണുപ്പു കാരണം ശരീരം അത്ര പെട്ടെന്ന് ദ്രവിക്കുകയുമില്ല. പ്രകൃതി ഒരുക്കിയ മോര്‍ച്ചറിയില്‍ മാസങ്ങളോളം, ചിലപ്പോള്‍ വര്‍ഷങ്ങള്‍ കിടക്കും. കൊടൈക്കനാലിലെ ഏകാന്തമായ കൊക്കകളില്‍ ഇതു പോലുള്ള എത്രയോ മൃതദേഹങ്ങള്‍ പാതി ജീര്‍ണ്ണിച്ചും എല്ലിന്‍ കൂടുകളായും കിടപ്പുണ്ട് എന്ന് ആ വഴികളില്‍ ഇറങ്ങിപ്പോയ പണിക്കാര്‍ പറയുന്നു. മിക്കവയും സ്ത്രീകളുടേതാണ്. വളകളും ചുരിദാറുകളും ആഭരണങ്ങളും ചിതറികിടക്കുന്നു. ആഴങ്ങളില്‍ പൊലിഞ്ഞ അശാന്തമായ ആത്മാവുകള്‍ ചെകുത്താന്റെ പാചകപ്പുരയില്‍ നിന്നും പൊങ്ങുന്ന വെളുത്ത പുകയില്‍ കലര്‍ന്നിട്ടുണ്ടാകണം. അങ്ങിനെ നോക്കുമ്പോള്‍ കൊടൈക്കനാലിലെ കോടമഞ്ഞിന്‍ കൂട്ടങ്ങള്‍ എന്നെ പേടിപ്പിക്കുന്നു. അപ്പോള്‍ സുന്ദരമായ കൊടൈക്കനാല്‍ ഭയം കൂടിയാവുന്നു.
മായാനഗരി
Posted on: 30 Jan 2011
Photos: K R Vinayan, B Muralikrishnan
സിനിമ ഇഷ്ടപ്പെടുന്നവരെല്ലാം ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണ് രാമോജി ഫിലിം സിറ്റി. സിനിമയുടെ മായാനഗരിയിലാവട്ടെ ഒഴിവുകാലം -മോഹന്‍ലാലിന്റെ ക്ഷണം.
ഒരിക്കല്‍ കൂടി ഞാന്‍ 'രാമോജി ഫിലിംസിറ്റി'യില്‍ എത്തിയിരിക്കുന്നു. 'ശിക്കാര്‍' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇത്തവണത്തെ വരവ്. ഇതിന് മുന്‍പ് എത്ര തവണ ഇവിടെ വന്നു എന്ന കാര്യം കൃത്യമായി ഓര്‍ക്കാന്‍ സാധിക്കുന്നില്ല. 'ഉദയനാണ് താരം'വും 'ഉന്നൈപ്പോല്‍ ഒരുവ'നുമടക്കം എത്രയോ സിനിമകള്‍. ഓരോന്നും ഓരോ അനുഭവങ്ങള്‍. ഒരേ സ്ഥലത്താണെങ്കിലും ഓരോ തവണയും ഓരോ കാഴ്ച്ചകള്‍ മാറി മാറി മേക്കപ്പണിഞ്ഞ് പുത്തന്‍ ഉടുപ്പണിഞ്ഞ് പുതിയഭാവങ്ങളുമായി വരുന്ന സുന്ദരിയെപോലെ രാമോജി. ഈ വേഷപ്പകര്‍ച്ചകളാണ് രാമോജിയിലെ നിത്യ സന്ദര്‍ശകന് എപ്പോഴും വിസ്മയമാകുന്നത്.
മുപ്പത് വര്‍ഷത്തെ സിനിമാജീവിതത്തിനിടെ വ്യത്യസ്തവും കടകവിരുദ്ധവുമായ ഒട്ടേറെ സ്ഥലങ്ങളില്‍ ഞാന്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. കാട്ടില്‍, കടല്‍ മധ്യത്തില്‍, തടാകത്തില്‍, ഹിമാലയത്തില്‍, യുദ്ധഭൂമിയില്‍, ഫുട്‌ബോള്‍ മൈതാനത്തില്‍, ജയിലില്‍, ക്ഷേത്രങ്ങളിലും പള്ളികളിലുമെല്ലാം മെല്ലാം...എന്നാല്‍ രാമോജിയെപ്പോലെ മറ്റൊരിടമില്ല. ഇവിടത്തെ രാത്രികളും പകലുകളും പ്രഭാതങ്ങളും മറ്റേതിടത്തേക്കാളും വ്യത്യസ്തമാണ്. മായക്കാഴ്ച്ചകളുടെ പുരിയാണ് രാമോജി. മഹാഭാരതത്തെപ്പറ്റിപ്പറയാറുണ്ട് 'ഇതിലുള്ളത് മറ്റു പലയിടത്തും കണ്ടേക്കാം. ഇതില്ലില്ലാത്തത് മറ്റൊരിടത്തും കണ്ടെന്നും വരില്ല'. രാമോജിയെക്കുറിച്ചു ഇത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
ഇവിടെ പൂന്തോട്ടങ്ങളിലൂടെ നടന്ന് നടന്ന് പോയി നിങ്ങള്‍ എത്തിച്ചേരുന്നത് മുഗള്‍കാലഘട്ടത്തിലായിരിക്കും. കൊട്ടാരങ്ങളും അന്തപ്പുരങ്ങളും സ്‌നാനഗൃഹങ്ങളും തിളങ്ങുന്ന മിനാരങ്ങളും. നോക്കിയാല്‍ കാണുന്ന ദൂരത്ത് താജ്മഹലുണ്ട്. അതിന് മുന്നില്‍ നിന്ന് നായികക്കും നായകനും ചരിത്രകാലത്തിന്റെ ഓര്‍മ്മയില്‍ പാടാം ആടാം. അവിടെ നിന്നും നടന്നു പോയി എല്ലാം തികഞ്ഞ റെയില്‍വേ സ്‌റ്റേഷനിലെത്താം, വിമാനത്താവളം കാണാം, പോസ്റ്റ് ഓഫീസില്‍ ചെന്ന് കത്ത് പോസ്റ്റ് ചെയ്യാം, ആശുപത്രിയില്‍ പോയി മരുന്നിന്റെ ഗന്ധം ശ്വസിക്കാം, പള്ളിയിലോ ക്ഷേത്രത്തിലോ പോയി പ്രാര്‍ത്ഥിക്കാം, ഷോപ്പിങ് നടത്താം, വെള്ളച്ചാട്ടങ്ങള്‍ കാണാം, ഊട്ടിയിലെ പുല്‍പ്പരപ്പിലൂടെ നടക്കാം....എല്ലാം ഇവിടെയുണ്ട്. വഴിതെറ്റാതെ നടന്നോ പ്രത്യേക വാഹനത്തില്‍ കയറിയോ കണ്ടുതീരുമ്പോള്‍ യാഥാര്‍ഥ്യമേത് അനുകരണമേത് എന്ന് തിട്ടപ്പെടുത്താന്‍ സാധിക്കാതെ വിസ്മയിച്ചു പോകും.
പ്രശസ്ത സിനിമാ നിര്‍മ്മാതാവായ രാമോജി റാവു രണ്ടായിരം ഏക്കര്‍ സ്ഥലത്ത് സങ്കല്‍പ്പിച്ച ഈ അപൂര്‍വ്വ ലോകം ഹോളിവുഡ്ഡിനോട് കിടപിടിക്കുന്നതാണ്. ഹൈദരാബാദില്‍ നിന്നും വിജയവാഡയിലേക്കു നീളുന്ന ദേശീയപാതയില്‍, മുപ്പത് കിലോമീറ്റര്‍ മാറിയാണ് രാമോജി. 1996ലാണ് ഈ ഫിലിം സിറ്റി യാഥാര്‍ഥ്യമായത്. രണ്ടായിരത്തിലധികം ആളുകള്‍ ഇതിനകത്ത് ജോലി ചെയ്യുന്നു.
സിനിമാ നിര്‍മ്മാതാക്കള്‍ക്കാണ് രാമോജി അനുഗ്രഹമാവുന്നത്. നമുക്ക് പണ്ട് ഉദയാ സ്റ്റുഡിയോ ഉണ്ടായിരുന്നു. അന്നത്തെ ആ സിനിമകള്‍ എത്രയൊക്കെ ശ്രമിച്ചാലും സെറ്റിട്ട് ചെയ്തതാണെന്ന് തോന്നുമായിരുന്നു. എന്നാല്‍ രാമോജിയില്‍ ഔട്ട് ഡോര്‍ പോലും കൃതൃമമായി നിര്‍മ്മിച്ചിരിക്കുന്നു.
തണുപ്പിനെ മറന്നുകളഞ്ഞാല്‍ ഊട്ടിയിലെ പുല്‍മേടുകളില്‍ നടക്കുന്ന ആ ദൃശ്യങ്ങള്‍ രാമോജിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. രാമോജിയില്‍ ജോലിക്ക് വേണ്ടി പോകുമ്പോഴെല്ലാം ഞാന്‍ അതിനകത്തു തന്നെയുള്ള ഹോട്ടലുകളിലൊന്നിലാണ് താമസിക്കുക. ഒന്നുകില്‍ താര അല്ലെങ്കില്‍ സിതാര. ഇവയെനിക്ക് കൂടുതല്‍ സ്വകാര്യത നല്‍കുന്നു. നഗരത്തിന്റെ ബഹളങ്ങളില്ലാതെ ശുദ്ധവായു ശ്വസിച്ച് കുറച്ച് ദിവസങ്ങള്‍. ഹോട്ടലിന്റെ മുകളില്‍ നിന്നാല്‍ ഫിലിം സിറ്റിയുടെ അത്ഭുതകരമായ ആകാശക്കാഴ്ച്ച. അവിടെ പലപല ഷൂട്ടിങ്ങുകള്‍ നടക്കുന്നു. ഒരിടത്ത് മഴനനഞ്ഞ് അടിപാടുന്ന നായികയും നായകനും മറ്റൊരിടത്ത് അണിഞ്ഞൊരുങ്ങിയ മുഗള്‍ കാലം, അതിനുമപ്പുറം ചേരിയില്‍ ഒരു കടുത്ത സംഘട്ടനം.... മറ്റെവിടെയുണ്ട് ഇത്തരത്തിലുള്ള കാഴ്ച്ചയുടെ സങ്കലനം? രാമോജിയില്‍ കടന്നാല്‍ സ്ഥലവും കാലവുമെല്ലാം ഒറ്റയടിക്ക് കീഴ്‌മേല്‍ മറിയും. ഇതാണ് ഈ നഗരിയുടെ മായികത.
രാമോജിയിലെ ദിവസങ്ങളില്‍ എന്നും രാവിലെ ഞാന്‍ ആ വിസ്മയ വഴികളിലൂടെ നടക്കാറുണ്ട്. നടന്നു പോകുമ്പോള്‍ അങ്ങ് മുകളില്‍ കണിശമായ സുരക്ഷകളാലും കമ്പിവേലികളാലും ചുറ്റപ്പെട്ട് രാമോജി റാവുവിന്റെ വീട് കാണാം. അവിടെയിരുന്നാല്‍ അദ്ദേഹത്തിന്റെ സ്വപ്‌നനഗരി മുഴുവന്‍ കാണാം. നിലാവില്‍ കുളിച്ച താജും നീലപൊയ്കയുമെല്ലാം.
ഹൈദരാബാദില്‍ വരുന്നവരെല്ലാം രാമോജി ഫിലിം സിറ്റി കൂടികാണണം. ചാര്‍മിനാര്‍ പോലെ ഗോള്‍ക്കൊണ്ട കോട്ട പോലെ, സാലര്‍ജങ് മ്യൂസിയം പോലെ ഇതുകൂടി കണ്ടാലെ നൈസാമിന്റെ സാമ്രാജ്യം പൂര്‍ണമാകു. പുതിയ കാലത്തിന്റെ ഈ അത്ഭുതം അതിന്റെ കിരീടത്തിലെ അപൂര്‍വ്വമായ രത്‌നക്കല്ലാണ്.
മഞ്ഞില്‍ വിരിയുന്ന ഓര്‍മകള്‍...
Posted on: 23 Feb 2011
Photos: Madhuraj
കൊടൈക്കനാലില്‍ ചിത്രീകരിച്ച മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെയാണ് മോഹന്‍ലാലിന്റെ താരജീവിതം തുടങ്ങുന്നത്. അന്നത്തെ വഴികളിലൂടെ അതേപോലൊരു ബൈക്കില്‍ അന്നത്തെ സുഹൃത്തുക്കളെതേടി മോഹന്‍ലാലിന്റെ ഒരു അപൂര്‍വ യാത്ര............
മഞ്ഞുപൂക്കുന്ന കൊടൈക്കനാലിന്റെ താഴ്‌വരയില്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ ഒരു യാത്രികന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ വികാരങ്ങള്‍ എന്നില്‍ നിറയുന്നു. വെറുമൊരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏത് ദേശവും പുതിയപുതിയ വഴികളും കാഴ്ചകളും അനുഭവങ്ങളും മാത്രമാണ്. നാസിക്കിലും ഷിര്‍ദ്ദിയിലും കാര്‍ഗിലിലും ശനിശിംഗനാപൂരിലുമെല്ലാം സഞ്ചരിച്ചപ്പോള്‍ എനിക്കും അങ്ങിനെതന്നെയായിരുന്നു. അപരിചിതമായ ഒരു ദേശം എനിക്കു മുന്നില്‍ സ്പന്ദിക്കുന്നതിന്റെ ആനന്ദം. എന്നാല്‍ കൊടൈക്കനാലിന്റെ തണുത്ത മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, ഈറന്‍ കാറ്റില്‍ കുളിര്‍ന്നു വിറയ്ക്കുമ്പോള്‍ ഉളളില്‍ നിറയെ വേറൊരു അനുഭൂതിയാണ്. ഒരു നര്‍ത്തകി ആദ്യമായി ചിലങ്കയണിഞ്ഞ വേദിയില്‍ നില്‍ക്കുന്നതുപോലെ, തായമ്പക്കാരന്‍ താനാദ്യമായി കൊട്ടിയ അമ്പലമുറ്റത്ത് നില്‍ക്കുംപോലെ, നാടകനടന്‍ ആദ്യ അരങ്ങില്‍ നില്‍ക്കുംപോലെ ഞാനും. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെവെച്ചാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ക്കു നടുവില്‍, മലയാളിയ്ക്കു മുന്നില്‍ കണ്ണില്‍ചോരയില്ലാത്ത വില്ലനായി നിന്നത്. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത, സ്വപ്‌നം കാണാത്ത എന്റെ ഒരു ഒരു ദീര്‍ഘയാത്രയുടെ ആരംഭബിന്ദുവാണിത്.
കലാപാരമ്പര്യമൊന്നുമില്ലാത്ത മധ്യവര്‍ഗകുടുംബമായിരുന്നു എന്റേത്. എപ്പോഴും തിരക്കിലാണ്ട അച്ഛനേയും അദ്ദേഹത്തിനുചുറ്റും ഉയര്‍ന്ന ഫയലുകളേയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാ യുവാക്കളേയും പോലെ നേരമ്പോക്കിന് സിനിമയ്ക്കു പോകും എന്നതൊഴിച്ചാല്‍ യൗവ്വനത്തില്‍ എനിക്ക് സിനിമ വേരാഴ്ത്തിയ വികാരമൊന്നുമായിരുന്നില്ല. ലോക കഌസിക് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. നടനാവുക എന്നത് എന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും എന്നെ സിനിമയിലേക്ക് തള്ളിവിട്ടത് എന്റെ സൗഹൃദങ്ങളായിരുന്നു. മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും സുരേഷ്‌കുമാറും അശോക് കുമാറുമെല്ലാം ചേര്‍ന്ന ആ സംഘമാണ് ഫാസിലിന്റെ പുതിയ സിനിമയിലേക്കുള്ള പുതുമുഖമായി എന്റെ അപേക്ഷ അയക്കുന്നത്. ഏറ്റവും അവസാനമായി അവിടെ കിട്ടിയ അപേക്ഷ എന്റെതായിരിക്കും. എന്നെ പറ്റിയും എന്റെ രൂപത്തെക്കുറിച്ചും നല്ല ബോധ്യമുള്ളതു കൊണ്ട് യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുത്തതായി അറിയിപ്പു കിട്ടിയപ്പോള്‍ ആണ് ഉള്ളില്‍ തീയാളിയത്. പ്രധാന വില്ലന്റെ വേഷമാണ്. കൊടൈക്കനാലിലാണ് ഷൂട്ടിങ്. ഒരു കമ്പിളിയുടുപ്പും അല്‍പം വസ്ത്രങ്ങളും കുത്തിനിറച്ച ബാഗുമായി അന്നൊരു നാള്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയാണെ സത്യം ഞാന്‍ കരുതിയിരുന്നില്ല ആ യാത്രയ്ക്ക് ഇത്ര ദൂരമുണ്ടാകുമെന്ന്.
വിമാനത്തില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങി അവിടെ നിന്ന് റോഡ്മാര്‍ഗമാണ് അന്ന് ഞാന്‍ കൊടൈക്കനാലില്‍ എത്തിയത് എന്നാണ് എന്റെ ഓര്‍മ. അന്നിവിടെ ഇത്രത്തോളം ബഹളമയമായിരുന്നില്ല. നീലത്തടാകവും അതിനെചുറ്റിനില്‍ക്കുന്ന നീലക്കുന്നുകളും പൈന്‍മരക്കാടും പച്ചപ്പുകളും യൂക്കാലിപ്റ്റസ് തോട്ടങ്ങളുമെല്ലാം അതുപോലെ തന്നെ. ആദ്യ ദിവസങ്ങളിലൊന്നും എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. അതുകൊണ്ട് ഈ വഴിയില്ലൊം തോന്നിയത് പോലെ കറങ്ങിനടക്കാന്‍ സാധിച്ചു. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാന്‍ കണ്‍നിറയെകണ്ടത് ആ ദിവസങ്ങളിലായിരിക്കണം. പിന്നീട് വന്നപ്പോഴെല്ലാം സമയവും തിരക്കും എന്നെ നാലുവശത്തേക്കും പിടിച്ചുവലിക്കുകയായിരുന്നു.
ഒടുവിലൊരു ദിനം പാച്ചിക്ക (ഫാസില്‍) എന്റെ ഷോട്ടെടുക്കാന്‍ തയ്യാറായി. ആ സ്ഥലം കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. കൊടൈ ബസ്റ്റാന്‍ഡിനടുത്ത് ഇപ്പോഴത്തെ അസ്‌റ്റോറിയ ഹോട്ടല്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തുള്ള കടയുടെ മുന്‍വശമായിരുന്നു അത്. 'അയാം നരേന്ദ്രന്‍' എന്നു പറഞ്ഞ് ഞാന്‍ ഇറങ്ങിവരുന്നത് അവിടെ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഇടവേള അവിടെ തുടങ്ങുന്നു. ഇടവേളകളില്ലാതെ തുടരുന്ന എന്റെ അഭിനയജീവിതവും അവിടെ തുടങ്ങുന്നു. അതിനുമുമ്പ് എന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ 'തിരനോട്ട'ത്തില്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിരുന്നെങ്കിലും ആ ചിത്രം ജനങ്ങളിലേക്കെത്തിയിരുന്നില്ല. വീണ്ടും ആ സ്ഥലത്ത് ചെന്നു നിന്നപ്പോള്‍ വിവരണാതീതമായ ഏതോ വികാരം എന്നില്‍ പടരുന്നത് ഞാനറിഞ്ഞു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
മഞ്ഞുപൂക്കുന്ന കൊടൈക്കനാലിന്റെ താഴ്‌വരയില്‍ ഒരിക്കല്‍ക്കൂടി എത്തുമ്പോള്‍ ഒരു യാത്രികന്‍ എന്നതിലുപരി മറ്റെന്തൊക്കെയോ വികാരങ്ങള്‍ എന്നില്‍ നിറയുന്നു. വെറുമൊരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ഏത് ദേശവും പുതിയപുതിയ വഴികളും കാഴ്ചകളും അനുഭവങ്ങളും മാത്രമാണ്. നാസിക്കിലും ഷിര്‍ദ്ദിയിലും കാര്‍ഗിലിലും ശനിശിംഗനാപൂരിലുമെല്ലാം സഞ്ചരിച്ചപ്പോള്‍ എനിക്കും അങ്ങിനെതന്നെയായിരുന്നു. അപരിചിതമായ ഒരു ദേശം എനിക്കു മുന്നില്‍ സ്പന്ദിക്കുന്നതിന്റെ ആനന്ദം. എന്നാല്‍ കൊടൈക്കനാലിന്റെ തണുത്ത മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍, ഈറന്‍ കാറ്റില്‍ കുളിര്‍ന്നു വിറയ്ക്കുമ്പോള്‍ ഉളളില്‍ നിറയെ വേറൊരു അനുഭൂതിയാണ്. ഒരു നര്‍ത്തകി ആദ്യമായി ചിലങ്കയണിഞ്ഞ വേദിയില്‍ നില്‍ക്കുന്നതുപോലെ, തായമ്പക്കാരന്‍ താനാദ്യമായി കൊട്ടിയ അമ്പലമുറ്റത്ത് നില്‍ക്കുംപോലെ, നാടകനടന്‍ ആദ്യ അരങ്ങില്‍ നില്‍ക്കുംപോലെ ഞാനും. മുപ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെവെച്ചാണ് എന്റെ അഭിനയജീവിതം തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ക്കു നടുവില്‍, മലയാളിയ്ക്കു മുന്നില്‍ കണ്ണില്‍ചോരയില്ലാത്ത വില്ലനായി നിന്നത്. ഞാന്‍ പോലും പ്രതീക്ഷിക്കാത്ത, സ്വപ്‌നം കാണാത്ത എന്റെ ഒരു ഒരു ദീര്‍ഘയാത്രയുടെ ആരംഭബിന്ദുവാണിത്.
കലാപാരമ്പര്യമൊന്നുമില്ലാത്ത മധ്യവര്‍ഗകുടുംബമായിരുന്നു എന്റേത്. എപ്പോഴും തിരക്കിലാണ്ട അച്ഛനേയും അദ്ദേഹത്തിനുചുറ്റും ഉയര്‍ന്ന ഫയലുകളേയും കണ്ടാണ് ഞാന്‍ വളര്‍ന്നത്. എല്ലാ യുവാക്കളേയും പോലെ നേരമ്പോക്കിന് സിനിമയ്ക്കു പോകും എന്നതൊഴിച്ചാല്‍ യൗവ്വനത്തില്‍ എനിക്ക് സിനിമ വേരാഴ്ത്തിയ വികാരമൊന്നുമായിരുന്നില്ല. ലോക കഌസിക് സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. നടനാവുക എന്നത് എന്റെ വിദൂര സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നുമില്ല. എന്നിട്ടും എന്നെ സിനിമയിലേക്ക് തള്ളിവിട്ടത് എന്റെ സൗഹൃദങ്ങളായിരുന്നു. മണിയന്‍പിള്ള രാജുവും പ്രിയദര്‍ശനും സുരേഷ്‌കുമാറും അശോക് കുമാറുമെല്ലാം ചേര്‍ന്ന ആ സംഘമാണ് ഫാസിലിന്റെ പുതിയ സിനിമയിലേക്കുള്ള പുതുമുഖമായി എന്റെ അപേക്ഷ അയക്കുന്നത്. ഏറ്റവും അവസാനമായി അവിടെ കിട്ടിയ അപേക്ഷ എന്റെതായിരിക്കും. എന്നെ പറ്റിയും എന്റെ രൂപത്തെക്കുറിച്ചും നല്ല ബോധ്യമുള്ളതു കൊണ്ട് യാതൊരു ടെന്‍ഷനുമുണ്ടായിരുന്നില്ല. എന്നാല്‍ തിരഞ്ഞെടുത്തതായി അറിയിപ്പു കിട്ടിയപ്പോള്‍ ആണ് ഉള്ളില്‍ തീയാളിയത്. പ്രധാന വില്ലന്റെ വേഷമാണ്. കൊടൈക്കനാലിലാണ് ഷൂട്ടിങ്. ഒരു കമ്പിളിയുടുപ്പും അല്‍പം വസ്ത്രങ്ങളും കുത്തിനിറച്ച ബാഗുമായി അന്നൊരു നാള്‍ വീടുവിട്ടിറങ്ങുമ്പോള്‍ അമ്മയാണെ സത്യം ഞാന്‍ കരുതിയിരുന്നില്ല ആ യാത്രയ്ക്ക് ഇത്ര ദൂരമുണ്ടാകുമെന്ന്.
വിമാനത്തില്‍ കോയമ്പത്തൂരില്‍ വന്നിറങ്ങി അവിടെ നിന്ന് റോഡ്മാര്‍ഗമാണ് അന്ന് ഞാന്‍ കൊടൈക്കനാലില്‍ എത്തിയത് എന്നാണ് എന്റെ ഓര്‍മ. അന്നിവിടെ ഇത്രത്തോളം ബഹളമയമായിരുന്നില്ല. നീലത്തടാകവും അതിനെചുറ്റിനില്‍ക്കുന്ന നീലക്കുന്നുകളും പൈന്‍മരക്കാടും പച്ചപ്പുകളും യൂക്കാലിപ്റ്റസ് തോട്ടങ്ങളുമെല്ലാം അതുപോലെ തന്നെ. ആദ്യ ദിവസങ്ങളിലൊന്നും എനിക്ക് ഷൂട്ട് ഇല്ലായിരുന്നു. അതുകൊണ്ട് ഈ വഴിയില്ലൊം തോന്നിയത് പോലെ കറങ്ങിനടക്കാന്‍ സാധിച്ചു. ഒരു പക്ഷെ കൊടൈക്കനാലിനെ ഞാന്‍ കണ്‍നിറയെകണ്ടത് ആ ദിവസങ്ങളിലായിരിക്കണം. പിന്നീട് വന്നപ്പോഴെല്ലാം സമയവും തിരക്കും എന്നെ നാലുവശത്തേക്കും പിടിച്ചുവലിക്കുകയായിരുന്നു.
ഒടുവിലൊരു ദിനം പാച്ചിക്ക (ഫാസില്‍) എന്റെ ഷോട്ടെടുക്കാന്‍ തയ്യാറായി. ആ സ്ഥലം കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. കൊടൈ ബസ്റ്റാന്‍ഡിനടുത്ത് ഇപ്പോഴത്തെ അസ്‌റ്റോറിയ ഹോട്ടല്‍ നില്‍ക്കുന്നതിന്റെ തൊട്ടടുത്തുള്ള കടയുടെ മുന്‍വശമായിരുന്നു അത്. 'അയാം നരേന്ദ്രന്‍' എന്നു പറഞ്ഞ് ഞാന്‍ ഇറങ്ങിവരുന്നത് അവിടെ നിന്നാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളുടെ ഇടവേള അവിടെ തുടങ്ങുന്നു. ഇടവേളകളില്ലാതെ തുടരുന്ന എന്റെ അഭിനയജീവിതവും അവിടെ തുടങ്ങുന്നു. അതിനുമുമ്പ് എന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നൊരുക്കിയ 'തിരനോട്ട'ത്തില്‍ അഭിനയത്തിന്റെ ഹരിശ്രീ കുറിച്ചിരുന്നെങ്കിലും ആ ചിത്രം ജനങ്ങളിലേക്കെത്തിയിരുന്നില്ല. വീണ്ടും ആ സ്ഥലത്ത് ചെന്നു നിന്നപ്പോള്‍ വിവരണാതീതമായ ഏതോ വികാരം എന്നില്‍ പടരുന്നത് ഞാനറിഞ്ഞു. അതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.
ശിലകള്‍ കാമിനികള്‍
Posted on: 15 Nov 2010
Photos: Madhuraj
ബേലൂരിലെ ശിലകള്‍ കവിതയല്ല. ഉന്നതമായ ധ്യാനം തന്നെയാണ്. ഇതിഹാസങ്ങളും പുരാണങ്ങളും ചരിത്രവും നൃത്തവും ശൃംഗാരവുമെല്ലാം ഒരു സ്വപ്‌നത്തിലെന്ന പോലെ ഈ ചുവരുകളില്‍ വിരിയുന്നു
കൊല്‍ക്കത്തയില്‍ ഗംഗാതീരത്തെ ബേലൂര്‍മഠത്തില്‍ ഞാന്‍ പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് 'വാസ്തുഹാര' ഷൂട്ട് ചെയ്യുമ്പോള്‍. സ്വാമി വിവേകാനന്ദന്‍ കണ്ട സ്വപ്‌നവും അതിന്റെ സാക്ഷാത്കാരവുമാണ് ആ മന്ദിരം. സ്വാമിയുടെ സമാധിയും അവിടെ തന്നെയാണ്. എന്റെ മനസിന്റെ ഭൂപടത്തില്‍, ബേലൂര്‍ എന്നു പറഞ്ഞാല്‍ ഗംഗാതീരത്തെ പവിത്രമായ ഈ മണ്ണ് മാത്രമായിരുന്നു.
മറ്റൊരു ബേലൂരുണ്ടെന്നറിഞ്ഞത് വളരെ കഴിഞ്ഞാണ്. കര്‍ണ്ണാടകത്തിലെ ഒരു വിദൂര ഗ്രാമത്തില്‍ ഭാരതീയ ശില്‍പ്പകലയുടെ ഏറ്റവും സൂക്ഷ്മമായ കാഴ്ചകളുടെ നടനവേദിയായി യാത്രികനെ വിസ്മയിപ്പിക്കുന്ന ഒരു കൊച്ചു ക്ഷേത്രം. വായിച്ചറിഞ്ഞും കണ്ടുവന്നവര്‍ പറഞ്ഞുകേട്ടും എന്റെ പകല്‍ സ്വപ്‌നങ്ങളില്‍ ആ ക്ഷേത്രത്തിന്റെ ചുമരുകള്‍ നിറഞ്ഞു. അതെന്നെ വശ്യമായി മോഹിപ്പിച്ചു. പോകാതിരിക്കാനാവില്ല എന്ന ഘട്ടമെത്തി. ഒടുവില്‍ ഒരു ദിവസം ഞാന്‍ ബാംഗഌരില്‍ നിന്നും ഹാസന്‍ വഴി ബേലൂരിലേക്ക് യാത്ര തുടങ്ങി.
ശാന്തവും സൗമ്യവുമായ കര്‍ണ്ണാടക ഗ്രാമങ്ങളെ കടന്നാണ് യാത്ര. ആ ഗ്രാമങ്ങള്‍ക്കെല്ലാം ഒരു ആദിമ വിശുദ്ധിയുള്ളതു പോലെ തോന്നി. കൃഷിയുടെയും കന്നുകാലികളുടെയും ഗന്ധമായിരുന്നു അവയ്ക്ക്. ആല്‍മരങ്ങളും കൊച്ചുക്ഷേത്രങ്ങളും അവയുടെ കേന്ദ്രമായി. ആളുകള്‍ ലളിതമായി ജീവിച്ചു, ശുദ്ധമായ വായു ശ്വസിച്ച് വിഷം കലരാത്ത ഭക്ഷണം കഴിച്ച്, നഗരത്തിന്റെ സംഘര്‍ഷങ്ങളില്‍ കുടുങ്ങാതെ.
ഹാസന്‍ കഴിഞ്ഞാല്‍ ഹൊയ്‌സാലരുടെ കാലം ചരിത്രബോധമുള്ള സഞ്ചാരിയെ പിടികൂടും. ദിക്കുകളില്‍ നിന്നും ദിക്കുകളിലേക്ക് പടനടത്തി നാടുകളെ വെന്ന് അവര്‍ വലിയ സാമ്രാജ്യമായി. തലക്കാട് യുദ്ധത്തില്‍ ചോളന്‍മാരെ പരാജയപ്പെടുത്തിയതിന്റെ സ്മാരകമായി വിഷ്ണുവര്‍ധന്‍ പണി തുടങ്ങിയതാണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രം. നൂറ്റിമൂന്നാമത്തെ വര്‍ഷം, അദ്ദേഹത്തിന്റെ പൗത്രന്‍ വീരബല്ലാല രണ്ടാമന്‍ ക്ഷേത്രം പൂര്‍ത്തിയാക്കി. ചെന്നകേശവ എന്നാല്‍ സുന്ദരനായ വിഷ്ണു എന്നര്‍ഥം.
ബേലൂരിലേക്ക് അടുക്കുംതോറും ഉപേക്ഷിക്കപ്പെട്ടു പോയ ഒരു പഴയ നഗരത്തിന്റെ ഛായ വഴിയോരത്ത് അവിടവിടെ കാണാം. പാതി തകര്‍ന്ന കല്‍മണ്ഡപങ്ങള്‍, വിളക്കുമാടങ്ങള്‍, ക്ഷേത്രങ്ങള്‍, പാലങ്ങള്‍, അപൂര്‍ണ്ണമായ ശില്‍പ്പങ്ങള്‍ എന്നിവയെല്ലാം ചിതറികിടക്കുന്നു. അതിനിടയില്‍ മുളച്ചുയര്‍ന്ന പുതിയ കെട്ടിടങ്ങള്‍ കാഴ്ചയില്‍ അഭംഗി സൃഷ്ടിച്ചു.
പൊടിപിടിച്ച ഒരു കൊച്ചു അങ്ങാടിയാണ് ബേലൂര്‍. എവിടെ നിന്ന് നോക്കിയാലും ക്ഷേത്രത്തിന്റെ ഗോപുരം കാണാം. തമിഴ് ശൈലിയാണ് ഗോപുരത്തിന്. ഹൊയ്‌സാലര്‍ക്കു ശേഷം വിജയനഗര സാമ്രാജ്യ കാലത്താണ് ഗോപുരം പണിതത്. അതിന്റെ സ്വരചേര്‍ച്ചയില്ലായ്മ ഒറ്റ നോട്ടത്തില്‍ മനസിലാകും. ഗോപുരം കടന്നെത്തുന്നത് ചതുരാകൃതിയിലുള്ള ദീര്‍ഘമായ തുറസിലേക്കാണ്. അതിന്റെ മധ്യത്തില്‍ നക്ഷത്രരൂപത്തില്‍, മകുടങ്ങളോ, വിമാനങ്ങളോ ഇല്ലാതെ ക്ഷേത്രം നില്‍ക്കുന്നു. വലുപ്പത്തിലല്ല സൂക്ഷ്്മതയിലാണ് ഈ ശില്‍പ്പികള്‍ ശ്രദ്ധിച്ചത് എന്ന് ഒറ്റനോട്ടത്തിലറിയാം. ഹൊയ്‌സാലരുടെ ശില്‍പ്പകലയെ തീര്‍ത്തും വ്യത്യസ്തമാക്കുന്നത് സൂക്ഷ്മതയിലുള്ള ഈ ഊന്നലാണ്.
നക്ഷത്രരൂപത്തിലുളള കല്‍ത്തറയിലേക്കു കയറുന്നതു മുതല്‍ കാഴ്ചയില്‍ ശില്‍പ്പങ്ങളുടെ ഉത്സവം തുടങ്ങുകയായി. ചുമരുകളില്‍ നിന്നും ചുമരുകളിലേക്ക് അവ കണ്ണിചേര്‍ന്ന് പടര്‍ന്നു പോകുന്നു. എവിടെ തുടങ്ങുന്നുവെന്നോ എവിടെ അവസാനിക്കുന്നുവെന്നോ അറിയില്ല. മനുഷ്യനും മൃഗങ്ങളും പക്ഷികളും വാദ്യങ്ങളും വനവും ജീവിതരംഗങ്ങളുമെല്ലാം കല്ലില്‍ പുനര്‍ജനിച്ചിരിക്കുന്നു.
കണ്ടു നില്‍ക്കുമ്പോള്‍ ശിലയില്‍ ഒരു കാലം വിടരുന്നതിന്റെ വിസ്മയം നാമറിയും. ബേലൂര്‍ ശില്‍പ്പങ്ങളിലെ ഔന്നത്യം കാണുക ബ്രാക്കറ്റ് ഫിഗേഴ്‌സ് ആയ 'മദനിക'മാരിലാണ്. കല്ലില്‍ കടഞ്ഞുണര്‍ന്ന സുന്ദരിമാരാണവര്‍. ശിലയില്‍ പോലും അവര്‍ മോഹിനികളാണ്. പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്നവരുണ്ട് അക്കൂട്ടത്തില്‍. കുളിച്ചൊരുങ്ങി കണ്ണാടി നോക്കുന്നവളുണ്ട,് ആരെയോ കാത്തിരിക്കുന്നവരുണ്ട്, ഹാരമുകളിലെ വിലാസിനിമാരുണ്ട്, കണ്ണാടി നോക്കുന്ന സുന്ദരിയുടെ കാല്‍ച്ചുവട്ടില്‍ തോഴിമാരുമുണ്ട്. എല്ലാം ഒറ്റക്കല്ലില്‍ കൊത്തിയെടുത്തതാണ് എന്നതാണ് അത്ഭുതം. നൃത്തം ചെയ്യുന്ന സുന്ദരിയെ നോക്കൂ. അവളുടെ കാലുകള്‍ ശാസ്ത്രീയ നൃത്തത്തിന്റെ അതേ ഘടനയിലാണ്. ആ രീതിയില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ അരക്കെട്ട് എങ്ങിനെയാണോ ഉണ്ടാവുക, അതേ രീതിയിലാണ് ഇവിടെയും. ഏറ്റവും ആധുനികമായ കേശാലങ്കാരങ്ങളും ചമയങ്ങളും ആഭരണങ്ങളും, ഒമ്പത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് പണിത ഈ ശില്‍പ്പങ്ങളില്‍ കാണാം! മുന്നൂറ്റിയറുപതോളം വ്യത്യസ്തമായ മുടിക്കെട്ടുകള്‍ നമുക്ക് എണ്ണി കണ്ടുപിടിക്കാന്‍ സാധിക്കും. ബോംബെയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ബ്യൂട്ടിഷ്യന്‍മാരും ആഭരണശില്‍പ്പികളും ബേലൂരില്‍ വരാറുണ്ട്. കണ്ടും വരച്ചെടുത്തും ഫോട്ടോയിലും വീഡിയോയിലും പകര്‍ത്തിയും അവരീ ശൈലികള്‍ നഗരത്തിലേക്കു കൊണ്ടുപോകുന്നു. പുതിയ കാലത്തിനനുസരിച്ച് പണിഞ്ഞെടുക്കാന്‍.
ക്ഷേത്രത്തിനകത്തേക്കു കടക്കുമ്പോള്‍ കൊത്തുപണികള്‍ നിറഞ്ഞ ഒരു കാട്ടിലേക്ക് കയറും പോലെ തോന്നി. എവിടെയും കൂറ്റന്‍ തൂണുകള്‍, അവയില്‍ നിറയെ അജ്ഞാതരായ പ്രതിഭകള്‍ തീര്‍ത്തുപോയ ആഘോഷം. ശ്രീകോവിലിന്റെ ദ്വാരപാലകര്‍ കണ്ണിന് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത വിധം വലുതും വിസ്മയകരവുമാണ്. പ്രാണവായു പകര്‍ന്നാല്‍ അവരായിരിക്കും ഈ മണ്ണില്‍ ചരിക്കുന്ന ഏറ്റവും സുന്ദരര്‍.
ശ്രീകോവിലിന്റെ മുന്നില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത നൃത്ത മണ്ഡപം. വിഷ്ണുവര്‍ധനന്റെ പത്‌നി ശാന്തളാദേവി ഇവിടെയാണ് നൃത്തമാടിയിരുന്നത്. തൊട്ടുമുകളില്‍ ശാന്തളാദേവിയുടെ ശില്‍പ്പമുണ്ട്. ശിലയില്‍ പോലും അവര്‍ സുന്ദരിയായിരുന്നു. പുറത്തു നിന്നും ഒരു കാറ്റ് അകത്തേക്ക് അടിച്ചപ്പോള്‍ ആ ശില്‍പ്പത്തിന്റെ നെറ്റിയിലെ ചുട്ടി ഒന്നിളകി! ആ
കാഴ്ച കണ്ട് ഞാന്‍ ഞെട്ടിപ്പോയി. ഒറ്റക്കല്ലില്‍ തീര്‍ത്ത ശില്‍പ്പമാണത്. എന്നിട്ടും ചുട്ടി വരെ വേറിട്ടുനില്‍ക്കുന്നു. തൊള്ളായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ കാറ്റിലും ഇളകുന്നു! ദൈവമേ എന്ന് അത്ഭുതത്തോടെ വിളിക്കാന്‍ തോന്നിപ്പോയി.
നൃത്ത മണ്ഡപത്തിനോട് ചേര്‍ന്ന് കൊച്ചു കൊച്ചു ശില്‍പ്പങ്ങള്‍ നിറഞ്ഞ ഒറ്റക്കല്‍ത്തൂണ് കാണാം. ആ തൂണ്‍ അടുത്തകാലം വരെ കറങ്ങിയിരുന്നു. കല്ലില്‍ തീര്‍ത്ത തൂണ്‍ കറങ്ങുന്ന കാഴ്ച ഒന്നാലോചിച്ചു നോക്കൂ. ശിലയിലെ സാങ്കേതിക വിദ്യ. മുകളിലെവിടെയോ നടന്ന ശിലയുടെ സ്ഥാനഭ്രംശം ഈയടുത്തകാലത്ത് തൂണിനെ നിശ്ചലമാക്കി.
നിറഞ്ഞ ശില്‍പ്പങ്ങള്‍ക്കിടയിലും ആ തൂണില്‍ ചില ഒഴിഞ്ഞ കളങ്ങള്‍ കണ്ടു. അതെന്തിനാണെന്ന് മനസിലാവാത്തതു കൊണ്ട് ഞാന്‍ ഗൈഡിനോട് ചോദിച്ചു. 'ആ ഒഴിഞ്ഞ കളങ്ങള്‍ തനിക്കു ശേഷം വരുന്ന കാലത്തോടുള്ള ശില്‍പ്പിയുടെ വെല്ലുവിളിയാണ്. പറ്റുമെങ്കില്‍ അതിലൊരു ശില്‍പ്പം കൊത്തുക എന്ന് അവര്‍ പറയുന്നു. ആര്‍ക്കും അതിനു സാധിച്ചിട്ടില്ല.' കണ്ണിറുക്കി ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
ഈ ശില്‍പ്പങ്ങള്‍ക്കു മുന്നില്‍ വെറുതെ നില്‍ക്കുമ്പോള്‍ പോലും നമുക്ക് വിറയ്ക്കുന്നു. ഒരു കല്ലുളിയുമായി ഇവയ്ക്കു മുന്നില്‍ നില്‍ക്കുന്നത് ആലോചിക്കാന്‍ കൂടി വയ്യ. അതിനു വേണ്ട ധ്യാനത്തിന്റെ ഒരു തുള്ളി പോലും എന്റെ ശിരസില്‍ തൂവിയിട്ടില്ലല്ലോ എന്നാലോചിച്ചപ്പോള്‍ എനിക്കു വല്ലാത്ത സങ്കടം തോന്നി. ഈ കുഞ്ഞു ക്ഷേത്രത്തിനു മുന്നില്‍ ഞാന്‍ ചെറുതായി ചെറുതായി ഇല്ലാതാവും പോലെ.
ക്ഷേത്രത്തിന്റെ പുറത്തെ തളത്തില്‍ കല്‍ത്തറയില്‍ കയറ്റിവെച്ചിരിക്കുന്ന ഒരു കൂറ്റന്‍ തൂണു കാണാം. കാഴ്ചയില്‍ ഒരു പാവം ശില്‍പ്പം. അടുത്തു ചെന്നു നോക്കിയാലാണ് അത്ഭുതം. താഴെ നാലുവശവും മുട്ടാതെ കേന്ദ്രഭാഗം മാത്രം സ്പര്‍ശിച്ചു കൊണ്ടാണ് അതിന്റെ നില്‍പ്പ്. ടവലോ കടലാസോ ചെറുവിരലോ സുഖമായി അതിന്റെ അടിവശത്തു കൂടി കടന്നുപോകും. gravitational forceനെ ഒറ്റബിന്ദുവിലേക്ക് ഇറക്കി കൊണ്ടുവന്നാണ് ഈ വിദ്യ സാധിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ കടന്നുവന്ന കൊടുങ്കാറ്റുകള്‍ക്കൊന്നും ഈ തൂണിനെ ഒരു തരി ഇളക്കാന്‍ സാധിച്ചിട്ടില്ല. ഞാന്‍ അതിനു മുമ്പില്‍ നമസ്‌കരിച്ചു.
ദൂരെ ചുററുമതിലില്‍ ചാരി ആ നക്ഷത്രക്ഷേത്രത്തെ നോക്കിനിന്നാല്‍ ശരിക്കും ശിലയുടെ നൃത്തം കാണാം. ചെവിയോര്‍ത്താല്‍ കല്ലുളി നാദങ്ങള്‍ കേള്‍ക്കാം. ജഗന്നാചാരി എന്നയാളായിരുന്നു ബേലൂര്‍ ക്ഷേത്രത്തിന്റെ മുഖ്യശില്‍പ്പി. നമ്മുടെ പെരുന്തച്ചന് സമാനമാണ് കന്നടദേശത്തെ ജഗന്നാചാരിയുടെ സ്ഥാനം. ക്ഷേത്രം പണി മുഴുവന്‍ തീര്‍ന്ന് സമര്‍പ്പിക്കുന്ന പ്രഭാതം. രാജാവും ജനങ്ങളും ചത്വരത്തില്‍ വന്നിരിക്കുന്നു. നടുവില്‍ വെച്ച ഗണപതി വിഗ്രഹത്തില്‍ പൂജ നടക്കുകയാണ്. അപ്പോള്‍ മുടി നീട്ടി വളര്‍ത്തി തോള്‍ ഭാണ്ഡം ധരിച്ച ഒരു യുവാവ് അങ്ങോട്ടു കടന്നുവന്നിട്ടു പറഞ്ഞു:
'ആചാരീ, ആ ഗണപതി ശില്‍പ്പത്തില്‍ പിഴവുണ്ട്.'
ജഗന്നാചാരി പരിഹാസത്തോടെ ചിരിച്ചു. പിന്നീട് വെല്ലുവിളിച്ചു: 'തെളിയിക്കാമെങ്കില്‍ ഞാനെന്റെ വലതുകരം മുറിച്ചുകളയാം.'
വെല്ലുവിളി ഒരു മന്ദസ്മിതത്തോടെ ഏറ്റെടുത്ത യുവാവ് തണുത്ത വെള്ളത്തില്‍ അരച്ച അല്‍പ്പം ചന്ദനം കൊണ്ടുവരാന്‍ പറഞ്ഞു. അത് ഗണപതി വിഗ്രഹത്തിന്റെ വയറിന്‍മേല്‍ പുരട്ടി. തുടര്‍ന്ന് കല്ലുളി കൊണ്ട് ചെറുതായൊന്നു തട്ടി. അപ്പോള്‍ ആ ഭാഗം അടര്‍ന്ന് അതിനുള്ളില്‍ നിന്ന് ഒരു തുടം വെള്ളവും ഒരു കുഞ്ഞു തവളയും ചാടിപ്പോയി. ജഗന്നാചാരിയും ജനക്കൂട്ടവും രാജാവും ഞെട്ടിനിന്നു.
പറഞ്ഞതു പോലെ ആചാരി കൈ മുറിക്കാന്‍ മഴു എടുത്തപ്പോള്‍ യുവാവ് തടുത്തു. അപ്പോള്‍ അദ്ദേഹം അവന്റെ പേരും ദേശവും ചോദിച്ചു. പരിചിതമായ ദേശം. അമ്മയാരെന്ന് ചോദിച്ചു. പേര് പറഞ്ഞപ്പോള്‍ സ്വന്തം ചോര ആ യുവാവിലൂടെ ഒഴുകുന്നതിന്റെ ചൂട് പെരുന്തച്ചനായ പിതാവ് അറിഞ്ഞു. അദ്ദേഹം അവനെ ആലിംഗനം ചെയ്തു.
ശിലയില്‍ ചെവി ചേര്‍ത്തു നില്‍ക്കുമ്പോള്‍ ബേലൂര്‍ ഇത്തരം കഥകളും നമ്മോട് പറയുന്നു...
ബേലൂരില്‍ നിന്ന് പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തായുള്ള ഹലേബീഡിലേക്കു പോകുമ്പോള്‍ പ്രൗഢിയാര്‍ന്ന ഒരു സാമ്രാജ്യ തലസ്ഥാനത്തിന്റെ ഭാവം വഴികള്‍ക്കുണ്ട്. ഹൊയ്‌സാല സാമ്രാജ്യത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടെ. ദ്വാരസമുദ്രം എന്നാണ് ഹലേബീഡിന്റെ പഴയകാല പേര്. പിന്നീട് 'പുരാതനമായ വാസസ്ഥാനം' എന്നര്‍ഥം വരുന്ന ഹലേബീഡായി അത്.
തെളിഞ്ഞ് ശുദ്ധമായ ഒരു പൊയ്കയുടെ തീരത്ത് തണല്‍ വൃക്ഷങ്ങളോട് ചേര്‍ന്നാണ് ഹലേബീഡ് ക്ഷേത്രം. വിഷ്ണുവര്‍ധനനും ശാന്തളാദേവിയും തന്നെയാണ് ഈ ക്ഷേത്രത്തിന്റെയും നിര്‍മ്മാതാക്കള്‍. ബേലൂരിലെ സൂക്ഷ്മത ഇവിടെയും കാണാം. ഒപ്പം കൂറ്റന്‍ നന്ദിയുടെ ശില്‍പ്പം ശില്‍പ്പിയുടെ മനസിന്റെ പ്രകമ്പനം പോലെ മുന്നില്‍ പെരുത്തുനില്‍ക്കും.
മാലിക് കഫൂര്‍ 14-ാം നൂറ്റാണ്ടില്‍ ഈ ശില്‍പ്പ പ്രപഞ്ചം തച്ചുതകര്‍ത്തു. ഇത്തരം ഭംഗികളെ എങ്ങിനെയാണ് തകര്‍ക്കാന്‍ സാധിക്കുന്നത് എന്ന് എനിക്ക് എത്രയാലോചിച്ചിട്ടും മനസിലായില്ല. തകര്‍ക്കലല്ല നിര്‍മ്മിക്കലാണ് കല. ഉന്നതമായ മനസിന്റെ ഉത്പന്നമാണ് അത്.
മാലിക് കഫൂര്‍ തകര്‍ത്തതിനു ശേഷം ഹലേബീഡ് വളരെക്കാലം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്നു. കാലത്തിന് അത് ആവശ്യമുള്ളതു കൊണ്ട് തിരിച്ചു കിട്ടി. ഹലേബീഡില്‍ നിന്നു തിരിച്ചിറങ്ങുമ്പോള്‍ ഗൈഡ് പറഞ്ഞു: 'ഇനി നിങ്ങള്‍ മൈസൂരിനടുത്തുള്ള സോമനാഥപുരയിലും കൂടി പോകണം. എങ്കിലേ ഹൊയ്‌സാലരുടെ കല കണ്ടു തീരൂ.'
കാലം കാത്തുവെച്ച കാഴ്ചകള്‍ തീരുന്നില്ലല്ലോ ദൈവമേ. 'നീ വെറും നിസാരന്‍' എന്ന് വീണ്ടും വീണ്ടും ബോധിപ്പിച്ചു കൊണ്ട് അവ എന്നെത്തേടി വന്നു കൊണ്ടേയിരിക്കുന്നു.
പുഴ കടന്ന് പൂക്കളുടെ താഴ്‌വരയിലേക്ക്
Posted on: 03 Aug 2010
കാടുകള്‍ താണ്ടി മലകള്‍ താണ്ടി മോഹന്‍ലാലിന്റെ സഞ്ചാരം; മറയൂരിലൂടെയും മൂന്നാറിലൂടെയും 'യാത്ര'യ്ക്ക് വേണ്ടി
പര്‍വ്വതങ്ങളിലേക്കും പ്രകൃതിയിലേക്കുമുള്ള യാത്രകള്‍ എനിക്ക് ഏറെ ഇഷ്ടമാണ്. സമതല ലോകത്തിന്റെ സംഘര്‍ഷങ്ങളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മുക്തമായി വശ്യമായ വഴികളിലൂടെയും ഒററയടിപ്പാതകളിലൂടെയും മഴയും മഞ്ഞും നനഞ്ഞ താഴ്‌വാരങ്ങളിലൂടെയും പ്രത്യേകിച്ച് ലക്ഷ്യങ്ങളോ ആലോചനളോ ഇല്ലാതെ ഒരു അലഞ്ഞുനടക്കല്‍. പക്ഷേ എന്റെ തൊഴില്‍ ജീവിതം എന്നെ അതിനനുവദിക്കാറില്ല. ഒരുനിമിഷം പോലും ഒഴിവില്ലാത്ത ദിവസങ്ങള്‍, എവിടെ പോയാലും തിരിച്ചറിയപ്പെടും എന്ന 'അപകടാ'വസ്ഥ. (ഒരു സ്ഥലത്തേക്കും 'കൂടെക്കൊണ്ടുപോവാന്‍ പററാത്ത'വനാണ് ഞാന്‍ എന്ന് എന്റെ സുഹൃത്തുക്കള്‍ പറയാറുണ്ട്. ഒരു കട്ടന്‍ചായ കുടിക്കാന്‍ പോലും കാറില്‍ നിന്നിറങ്ങാന്‍ സാധിക്കാത്തവന്‍,എല്ലാററിനും പരസഹായം വേണ്ടവന്‍.) എങ്കിലും വല്ലപ്പോഴും ചില അവസരങ്ങള്‍ വീണുകിട്ടാറുണ്ട്. ചിത്രീകരണത്തിരക്കിനിടയിലെ ചില ഇടവേളകള്‍ ഔദാര്യപൂര്‍വ്വം കനിഞ്ഞുനല്‍കുന്ന അനുഗ്രഹങ്ങള്‍. അതു ഞാന്‍ ആവേശത്തോടെയും ഇത്തിരി ആര്‍ത്തിയോടെയും ഉപയോഗിക്കുന്നു. കാട്ടരുവികള്‍ മുറിച്ചുകടന്ന്്, കൊച്ചു കുന്നുകള്‍ കിതച്ചുകയറി, പുല്‍ത്തകിടികളില്‍ കാറേറററും കിനാവുകണ്ടും മണ്‍വരമ്പുകള്‍ പകുത്ത കൃഷിയിടങ്ങളിലൂടെ എന്റെ സ്വപ്നങ്ങളിലേക്ക് ഞാന്‍ യാത്രപോകും. അപ്പോള്‍ മനസ്് ഒരു നാടോടിയുടെ നിഷ്‌ക്കളങ്കതയേയും ബാഷോവിനെപോലുള്ള ഒരു ഹൈക്കുകവിയുടെ നിസ്സംഗമായ സര്‍ഗ്ഗാത്മകതയേയും സ്പര്‍ശിക്കുന്നു. സത്യന്‍ അന്തിക്കാടിന്റെ സിനിമയായ 'ഇന്നത്തെ ചിന്താവിഷയ'ത്തിന്റെ ഗാനങ്ങള്‍ ചിത്രീകരിക്കാന്‍ മൂന്നാറില്‍ എത്തിയപ്പോള്‍ വളരെ വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് ഒരു യാത്രികനാകാന്‍ സാധിച്ചു. എന്നെ ഏററവും നന്നായി അറിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് സത്യേട്ടന്‍. പാട്ടിന്റെ പട്ടുനൂല്‍ക്കെട്ടില്‍ നിന്നുമഴിച്ച് അദ്ദേഹം എന്നെ ഇടയ്ക്കിടെ സ്വതന്ത്രനാക്കി... അപ്പോഴെല്ലാം ഒരു കുടയും തോള്‍ബാഗും ക്യാമറയുമായി ഞാന്‍ നടന്നു... എന്റെ സ്വപ്നങ്ങള്‍ വിരിയുന്ന താഴ്‌വരയിലേക്ക്... പ്രണയപൂര്‍വം...മൂന്നാറില്‍ മുമ്പ് പല തവണ വന്നിട്ടുണ്ട്്.
ഏററവും ആദ്യം വന്ന ദിവസങ്ങളാണ് ഇപ്പോഴും ഓര്‍മയില്‍ തെളിഞ്ഞുനില്‍ക്കുന്നത്; എല്ലാ ആദ്യാനുഭങ്ങളെയും പോലെതന്നെ. 'ഉയരങ്ങളില്‍' എന്ന സിനിമയില്‍ അഭിനയിക്കാനായിരുന്നു ഞാന്‍ എത്തിയത്്. ഒടുങ്ങാത്ത പകയും പെണ്‍ദാഹവുമുള്ള ഒരു കഥാപാത്രമായിരുന്നു ആ സിനിമയിലേത്. എം.ടിയുടെ രചന. ആ കഥാപാത്രത്തിന്റെ തീവ്രത മുഴുവന്‍ നെഞ്ചില്‍പേറി അന്ന് ഞാന്‍ ഈ മലമടക്കുകളില്‍ ഒരുമാസത്തിലധികം സഞ്ചരിച്ചു. മേഘക്കൂട്ടങ്ങള്‍ മുട്ടിയുരുമ്മി ശൃംഗരിക്കുന്ന കൊടുമുടികളും മഞ്ഞുപുക തിരശ്ശീല പിടിക്കുമ്പോള്‍ മറയുകയും മാറുമ്പോള്‍ തെളിയുകയും ചെയ്യുന്ന വനങ്ങളുമുള്ള ഈ നാടുമായി അന്നുമുതലേ ഞാന്‍ അനുരാഗിയായി. വീണ്ടും വീണ്ടും ഞാനീ വഴികളിലേക്കു കയറിവന്നു.
പൂഞ്ഞാര്‍രാജവംശത്തിന്റെ കൈവശഭൂമിയായിരുന്നു ഈ മൂന്നാര്‍ പ്രദേശങ്ങള്‍. മൂന്നാറിനു വടക്കുള്ള മറവൂര്‍, കാന്തല്ലൂര്‍, കീഴാന്തല്ലൂര്‍, വട്ടവട, മറയൂര്‍ എന്നീ അഞ്ചുനാടുകള്‍ മൂന്നാര്‍ രാജാവിന്റെ സാമന്തനായ കണ്ണന്‍ തേവന്‍ മന്നാടി എന്ന ഗിരിവര്‍ഗ്ഗാധിപന്റെ കീഴിലായിരുന്നു. പില്‍ക്കാലത്ത് ഈ പ്രദേശങ്ങള്‍ തിരുവിതാംകൂറിന് അധീനമായി. 1887ല്‍ ജെ.ഡി.മറോ എന്ന വെള്ളക്കാരന്‍ കണ്ണന്‍ദേവന്‍ മലകളിലെ കുറെ ഭൂമി വാങ്ങി ചായ നട്ടു. അന്നുമുതല്‍ മൂന്നാറിന്റെ കാററില്‍ സമൃദ്ധമായ ചന്ദനഗന്ധത്തിനൊപ്പം ചായയുടെ കടുംമണവും കലര്‍ന്നു. മൂന്നാറില്‍ നിന്നു മറയൂരിലേക്കു പോകുന്ന വഴിയില്‍ അടിമുടി നീലപ്പൂവുകള്‍ അണിഞ്ഞുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ കണ്ടു ഞാന്‍ വിസ്മയിച്ചുനിന്നുപോയി. പച്ചപ്പ് മാത്രം പടര്‍ന്ന പശ്ചാത്തലത്തില്‍ നീലിമയുടെ നൃത്തം. വ്യാഴവട്ടത്തിലൊരിക്കല്‍ മാത്രം വന്നുമറയുന്ന നീലക്കുറിഞ്ഞിയടക്കം എന്തെന്തു പുഷ്പങ്ങളാണ് ഈ താഴ്‌വരയില്‍ വിരിയുന്നത്! ഈ പൂക്കള്‍ക്കിടയിലൂടെ പറന്ന് എന്റെ മനസ് ഒരുനിമിഷം ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയിലേക്കുപോയി. കാഴ്ചയാല്‍ മോഹിപ്പിക്കുകയും ഗന്ധത്താല്‍ മയക്കുകയും ചെയ്യുന്ന പൂങ്കാവനം. കഴിഞ്ഞതവണ ഞാന്‍ അവിടേക്ക് പോകാന്‍ ഒരുങ്ങിയതാണ്. വഴിയടയുകയും പ്രകൃതി കോപിക്കുകയും ചെയ്തതിനാല്‍ മുടങ്ങി. പേരറിയാത്ത നീലപ്പൂക്കള്‍ വീണ മൂന്നാറിലെ ഒററയടിപ്പാതകളില്‍ കണ്‍നിറഞ്ഞ് നിന്നപ്പോള്‍ പൂക്കളുടെ താഴ്‌വര പതിഞ്ഞസ്വരത്തില്‍ എന്നെ വിളിച്ചുകൊണ്ടേയിരിക്കുന്നതുപോലെ. പോയ യാത്രകളേക്കാളുണ്ട് പോവാന്‍; കണ്ട കാഴ്ചകളേക്കാളുണ്ട് കാണാന്‍. കവിതയില്‍ പറഞ്ഞതുപോലെ: Miles to go before I sleep....
കൃഷി എനിക്കിഷ്ടമാണ്. ഉര്‍വരമായ കൃഷിഭൂമി കാണുന്നതു തന്നെ മനസിനെ ഉന്മേഷഭരിതമാക്കുന്നു. എല്ലാവിധ ആഡംബരങ്ങളും ആധുനിക ഉപകരണങ്ങളും ആര്‍ട്ട്ഗാലറിയും നിറഞ്ഞ വീടുേപാലെ എററവും ലളിതമായ കൃഷിയിടവും അതിലൊരു കൊച്ചുവീടും ഞാന്‍ സ്വപ്നം കാണുന്നുണ്ട്. തെങ്ങും വാഴയും ചേമ്പും ചേനയും എല്ലാം നിറഞ്ഞ തോട്ടത്തിനു നടുവില്‍ പുഴയ്ക്കഭിമുഖമായി മൂന്നോ നാലോ മുറികളുളള ഒരു വീട്. കൃഷിയുടെ ഗന്ധമുള്ള അവിടത്തെ പകലുകളും സായാഹ്നങ്ങളും. മൂന്നാറില്‍ നിന്ന് മറയൂരിലെ വയലുകളിലെത്തിയപ്പോള്‍ എന്നിലെ കാര്‍ഷിക പ്രണയം കൂടുതല്‍ തളിര്‍ത്തു. നെല്ലും കരിമ്പും കാരററും വിളയുന്ന മറയൂരിലെ വയലുകളില്‍ ജീവിതം ഇപ്പോഴും വിയര്‍പ്പണിഞ്ഞും ആദ്ധ്വാനപൂര്‍ണമായും ചലിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ പാരമ്യത്തിലും ഒരു കുടുക്കയില്‍ പഴഞ്ചോറുമായി പാടത്ത് പണിക്കുവരുന്ന സ്ത്രീകള്‍. വെയിലില്‍ വെന്ത്‌വെന്ത് കറുത്ത് ചുക്കിച്ചുളിഞ്ഞ ശരീരവും വെററിലക്കറ നിറഞ്ഞ് അവിടവിടെ അടര്‍ന്നുപോയ പല്ലുകളുമായി പാടവരമ്പിലെ ഓലക്കുടിലില്‍ വിശ്രമിക്കുന്ന ആ സ്ത്രീകളെ നോക്കിയിരിക്കുമ്പോള്‍ ജീവിതത്തിന്റെ സംതൃപ്തിയെക്കുറിച്ചുള്ള പുരാതനമായ സന്ദേഹങ്ങള്‍ എന്നില്‍ നിറഞ്ഞു. ഈ ജീവിതത്തില്‍ ഇവര്‍ സംതൃപ്തരാണോ? അല്ലെങ്കില്‍, ഇവരെ ധനികരാക്കിയാല്‍ എല്ലാ അസംതൃപ്തികളും തീരുമോ? കരിമ്പിന്‍തോട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, രണ്ട് ആദിവാസിക്കുഞ്ഞുങ്ങള്‍ എന്റെ മുന്നില്‍പ്പെട്ടു. മുഷിഞ്ഞുകീറിയ വസ്ത്രങ്ങളും മധുരമുള്ള പേരുമുള്ളവര്‍: മഞ്ജുവും അഞ്ജനയും. അവര്‍ക്ക് എന്നെ അറിയില്ല. അവരോടു ഞാന്‍ ചോദിച്ചു: 'എന്റെ കൂടെപ്പോരുന്നോ?' ഒരുനിമിഷം സംശയിച്ചുനിന്നതിനുശേഷം അതിലൊരു കുട്ടി മറേറ കുട്ടിയോടു പറയുകയാണ്: 'നമുക്ക് പോവാം, നിറയെ തീനി കിടയ്ക്കും'. വിശപ്പിലുരുകി വന്ന ആ വാക്കുകള്‍ എന്റെ ചെവിയില്‍ തീത്തൈലം പോലെയാണ് വന്നുവീണത്്. നഗരസമ്പന്നത അമിതഭക്ഷണത്താല്‍ മഹാരോഗങ്ങളിലേക്ക് പായുമ്പോള്‍ വിദൂരഗ്രാമങ്ങള്‍ ഒരു കുഞ്ഞുവയറുപോലും നിറയ്ക്കാനാകാതെ ഗതികെടുന്നു. കുറച്ചുനേരം ആലോചിച്ചശേഷം അഞ്ജന പറഞ്ഞു: 'നീ പൊയ്‌ക്കോ,ഞാനില്ല'. പിറേറന്ന്, ഷൂട്ടിംഗിനിടെ ഉച്ചഭക്ഷണസമയത്ത് ചോറ് ബാക്കിവച്ച് കളഞ്ഞ സുഹൃത്തിനോട് ഞാന്‍ ഈ അനുഭവം പറഞ്ഞു. അയാള്‍ നടുങ്ങിക്കൊണ്ടും നനഞ്ഞ മിഴികളോടെയുമാണ് അത് കേട്ടുതീര്‍ത്തത്. ഇനിയൊരിക്കലും എന്റെ ആ സുഹൃത്ത് ഭക്ഷണം കളയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ആ വഴിയില്‍ വച്ചുതന്നെയാണ് മറെറാരു കൊച്ചുപെണ്‍കുട്ടി എന്റെയരികില്‍ വന്നത്. പൂക്കള്‍ തുന്നിയ വൃത്തിയുള്ള വസ്ത്രം ധരിച്ച്, എണ്ണ മിനുങ്ങുന്ന മുടി ഇരുവശത്തേക്കും പിന്നിയിട്ട സുന്ദരി. അവള്‍ എന്റെ ഷര്‍ട്ടില്‍ പിടിച്ചുകൊണ്ട് ചോദിച്ചു: 'എന്നെ ഓര്‍മ്മയുണ്ടോ?' എനിക്കോര്‍മയുണ്ടായിരുന്നില്ല, എത്രയോ മുഖങ്ങള്‍ കാണുന്നു. 'എന്റെ പേര് ഓര്‍മയുണ്ടോ?' അവള്‍ വീണ്ടും ചോദിച്ചു അത് തീരെ അറിയില്ലായിരുന്നു. തിരിച്ചറിയപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് മനുഷ്യന്റെ വലിയ സംതൃപ്തികളിലൊന്ന് എന്ന് ഞാന്‍ വിശ്വസിക്കുന്നു. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ. അവളുടെ കുഞ്ഞിക്കണ്ണുകളിലേക്ക് നോക്കി നിസ്സഹായനായി ഞാന്‍ നിന്നു. അപ്പോള്‍ അവള്‍ പറഞ്ഞു. 'എന്റെ പേര് കീര്‍ത്തന. രസതന്ത്രത്തിന്റെ ഷൂട്ടിംഗിനു വന്നപ്പോള്‍ മാമനെ കണ്ടിട്ടുണ്ട്.' അപ്പോള്‍ എനിക്ക് നേരിയ ഓര്‍മ വന്നു. ആ വയലില്‍ വച്ചാണ് രസതന്ത്രത്തിലെ ഒരു പാട്ട് സത്യേട്ടന്‍ ചിത്രീകരിച്ചത്. ഞാന്‍ ആ മോളുടെ കവിളില്‍ ഒരുമ്മ കൊടുത്തു. ഹിമാലയത്തില്‍ വച്ച് എസ്.കെ. പൊറെറക്കാടിനുണ്ടായ ഒരു അനുഭവം അദ്ദേഹം സഞ്ചാരസാഹിത്യത്തില്‍ എഴുതിയത് ഓര്‍മ വന്നു. ഗൗരീകുണ്ഡിനടുത്തെ ഒരു കൃഷിയിടത്തില്‍ ഒരു കൂട്ടം കുഞ്ഞുങ്ങളുടെ നടുവില്‍ നില്‍ക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം ആ കുട്ടികളുടെ പേര് ചോദിച്ചു. ശാന്താദേവി, കമലാദേവി, ദര്‍ശിനീദേവി, മഹാദേവറാട്ടി..... ഓരോ കുട്ടിയും പേരു പറഞ്ഞു. അപ്പോള്‍ എസ്.കെ. ചോദിച്ചു: 'മുഖാരി എവിടെ?' അല്‍പം അകന്നു നിന്ന പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് ഒരു കൊച്ചുപെണ്‍കുട്ടി വിളിച്ചുപറഞ്ഞു: 'മുഖാരി ഞാനാണ്'. മുഖാരി എന്നത് ഗര്‍വ്വാള്‍ മേഖലയിലെ പെണ്‍കുട്ടികളുടെയിടയില്‍ സാധാരണമായ ഒരു പേരാണ് എന്നറിഞ്ഞുകൊണ്ട് എസ്.കെ. പ്രയോഗിച്ച ഒരു സൂത്രമായിരുന്നു അത്. തന്നെ ഒരാള്‍ തിരിച്ചറിഞ്ഞതില്‍ സന്തോഷിച്ച് ആ കുട്ടി തുള്ളിച്ചാടി. സൂക്ഷ്മനിരീക്ഷണമുള്ള ഒരു സഞ്ചാരിക്കേ ഇങ്ങനെ ചെയ്യുക സാധ്യമാകൂ. അവര്‍ക്ക് ഒരിക്കല്‍ കണ്ട ആളെപ്പോലും തിരിച്ചറിയുവാന്‍ സാധിക്കും. കഥാപാത്രങ്ങളില്‍ നിന്ന് കഥാപാത്രങ്ങളിലേക്ക് പറക്കുന്ന ഒരു നടന്‍ മാത്രമായതുകൊണ്ടാകണം എന്റെ ഓര്‍മ്മകള്‍ ഏറെ ദുര്‍ബലമാണ്. യാത്ര എന്റെ മുഖ്യമായ ഇഷ്ടങ്ങളിലൊന്നാണ്, എന്നാല്‍ അഭിനയം എന്റെ അഭിനിവേശമാണ്, എല്ലാമെല്ലാമാണ്. നടനില്‍ മറഞ്ഞു കിടക്കുന്ന സഞ്ചാരിയെ ജ്വലിപ്പിച്ചെടുക്കാന്‍ ഞാന്‍ യാത്ര തുടരുകയാണ്... ദൂരങ്ങള്‍ എന്നെ വിളിക്കുന്നു...
വാതിലുകളില്ലാത്ത ഗ്രാമത്തില്‍
Posted on: 31 Jul 2010
beyond doors
തുറന്ന മനസ്സു പോലെ ഒരു ഗ്രാമം.അതാണ് മഹാരാഷ്ട്രയിലെ ശനിശിംഗനാപൂര്‍. വാതിലുകളില്ലാത്ത ഗ്രാമം, ഭക്തിയും കൗതുകവും കലര്‍ന്ന മണ്ണിലൂടെ മോഹന്‍ലാലിന്റെ സഞ്ചാരം
വാതിലുകള്‍ ഇല്ലാത്ത വീടുകള്‍ നിറഞ്ഞ ഒരു ഗ്രാമം മഹാരാഷ്ട്രയിലുണ്ട് എന്ന് പത്രത്തില്‍ വായിച്ചപ്പേള്‍ അമ്പിളിഅമ്മാവനിലോ അമര്‍ച്ചിത്ര കഥയിലോ പണ്ടെങ്ങോ വായിച്ചു മറന്ന കാഴ്ച്ചകളാണ് ഓര്‍മ്മ വന്നത്. അതു കൊണ്ടു തന്നെ ഒരു യാഥാര്‍ഥ്യമായിട്ടല്ല കഥയായിട്ടാണ് ആ വാര്‍ത്ത എന്റെ മനസ്സില്‍ കിടന്നത്. ഞാനതെക്കുറിച്ച് എന്റേതായ രീതിയില്‍ എന്തൊക്കെയോ സങ്കല്‍പ്പങ്ങള്‍ നെയ്തു കൂട്ടി. സംഭവ്യമല്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള സുഖകരമായ സങ്കല്‍പ്പങ്ങള്‍. എന്നാല്‍ പിന്നീട് ഗൗരവമായി അന്വേഷിച്ചപ്പോള്‍, പറഞ്ഞു കേട്ടതില്‍ ഒരു തരി പോലും അതിശയോക്തിയില്ലാതെ അങ്ങിനെയൊരു ഗ്രാമം ഈ നൂറ്റാണ്ടിലും ജീവിക്കുന്നു എന്നറിഞ്ഞു. 'ശനിശിംഗനാപൂര്‍' എന്നായിരുന്നു ആ ഗ്രാമത്തിന്റെ പേര്.
ഇളം ചൂടുള്ള മറാത്താ പ്രഭാതങ്ങളിലൊന്നില്‍ ഞാന്‍ ആ ഗ്രാമത്തിലേക്കു യാത്ര പോയി. ഒരേ സമയം ഒരു കുട്ടിയുടെ നിഷ്‌കളങ്ക കൗതുകത്തോടെയും മുതിര്‍ന്നയാളുടെ കലങ്ങിയ സംശയദൃഷ്ടിയോടെയും. നാസിക്കും ഷിര്‍ദ്ദിയും കടന്ന് ഔറംഗബാദിലേക്കു നീളുന്ന പാതയിലൂടെയാണ് യാത്ര. വഴിക്കിരുവശവും നിത്യകന്യയായ ഗ്രാമങ്ങളാണ്. പലപല കൃഷികളും പശുത്തൊഴുത്തുകളും മങ്ങിയ നിറത്തിലുള്ള കൊച്ചു കൊച്ചു അങ്ങാടികളും തൂവെള്ളക്കുര്‍ത്തയും മുട്ടിനുതൊട്ടുതൊഴെവരെയെത്തുന്ന പൈജാമയും ധരിച്ച ഗ്രാമീണരും വഴിക്കിരുവശവുമുള്ള കാഴ്ച്ചകളില്‍ വരികയും പോകുകയും ചെയ്തു. ഗ്രാമങ്ങളും അവിടുത്തെ അതിലളിതമായ ജീവിതവും കാണാന്‍ കേരളത്തിന് പുറത്തു പോകണം. ദാരിദ്ര്യമുണ്ടെങ്കിലും വല്ലാത്തൊരു ശാന്തിയും മിതത്വത്തിലും പരസ്പരസഹകരണത്തിലുമൂന്നിയ ഒരു താളവുമുണ്ട് ഈ ഗ്രാമജീവിതത്തിന്. ഈ വഴിയിലൂടെ പോകുന്ന വാഹനങ്ങളധികവും ശനിശിംഗനാപ്പൂരിലേക്കു തന്നെയാണ്. മിക്കവയും മഹാരാഷ്ട്രയുടെ ദൂരദേശങ്ങളില്‍ നിന്നും ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവ. വാതിലുകളില്ലാത്ത വിശ്വസ്ത സുന്ദരമായ ഒരു ഗ്രാമം കാണാനല്ല ഈ വാഹനപ്രവാഹം. മറിച്ച്, ആ ഗ്രാമത്തിലെ അതിപ്രസിദ്ധമായ ശനീശ്വരക്ഷേത്രത്തില്‍ ദര്‍ശനം നടത്താനാണ്. മഹാരാഷ്ട്രയില്‍ പലയിടത്തും ശനീശ്വരന്റെ കോവിലുകളും ശനിപൂജകളും കാണാം. ശനിദോഷത്തെ അത്രയും പേടിയാണ് ജനങ്ങള്‍ക്ക്. 'കണ്ടകശനി കൊണ്ടേ പോകൂ' എന്ന് നമ്മുടെ നാട്ടിലും പറയാറുണ്ടല്ലോ. ശനിദോഷങ്ങളെ അകറ്റാനുള്ള പൂജകള്‍ക്ക് ഇന്ത്യയില്‍ തന്നെ പ്രസിദ്ധമാണ് ഈ ശനിശിംഗനാപ്പൂര്‍.
രണ്ടു മണിക്കൂറിലധികം യാത്രചെയ്തപ്പോള്‍ ഒരു ചെറിയ അങ്ങാടിയിലെത്തി. പൊട്ടിപ്പൊളിഞ്ഞ് പൊടിയുയരുന്ന റോഡും ഇരുവശവും കെട്ടിയുണ്ടാക്കിയ കടകളും അവയില്‍ നിന്നുയരുന്ന ഭക്തിഗാനങ്ങളും നനഞ്ഞ് വെള്ളമൂറുന്ന കാവിമുണ്ടുടുത്ത്് തലപോലും തുവര്‍ത്താതെ നടന്നു നീങ്ങുന്ന അസംഖ്യം ഭക്തജനങ്ങളും പലപല കാര്യങ്ങള്‍ക്കുള്ള പ്രലോഭനങ്ങള്‍ ചൊരിയുന്ന ഇടത്തട്ടുകാരും നിറഞ്ഞ അവിടം ചോറ്റാനിക്കരയിലേയോ കൊടുങ്ങല്ലൂരിലേയോ ക്ഷേത്രവഴികളെ ഓര്‍മ്മിപ്പിച്ചു. നനഞ്ഞ തുണിയുടെ മണമായിരുന്നു ആ അങ്ങാടിക്ക്. കുളിച്ചതിനുശേഷം പിഴിയാത്ത മുണ്ടുടുത്തു വേണം ശനീശ്വരദര്‍ശനത്തിന് എന്നാണ് പറയുക. അതുകൊണ്ടു തന്നെ കുളിമുറികളും കാവിമുണ്ടുമാണ് ഇവിടുത്തെ ഏറ്റവും വലിയ ബിസിനസ്സ്. ഒരോ കുളിമുറിക്കും ഇടനിലക്കാരുണ്ട്. കുളിക്കുക മാത്രമെ നിങ്ങള്‍ സ്വയം ചെയ്യേണ്ടതുളളൂ. മുണ്ടുടുപ്പിച്ച് ദര്‍ശനം കഴിച്ച് പ്രസാദം വാങ്ങി കയ്യില്‍ത്തരുന്നതു വരെ അവര്‍ ചെയ്തു കൊള്ളും. മടിക്കുത്തിലെ പേഴ്‌സ് കാലിയാവുന്നത് മാത്രം ശ്രദ്ധിച്ചാല്‍ മതി. കുളിമുറിയില്‍ കയറാതെ, കുളിച്ചീറനാകാതെയാണ് ഞാന്‍ ക്ഷേത്രത്തിലേക്ക് നടന്നത്. ഒന്നും പ്രാര്‍ഥിക്കാനല്ലല്ലോ ഞാന്‍ വന്നത്. മുന്‍വശത്തെ ക്യൂവിന് അധികം നീളമില്ല. മുന്നിലും പിന്നിലും നനഞ്ഞ ശരീരങ്ങള്‍. കവാടത്തില്‍ വലിയൊരു ഓട്ടുമണി കെട്ടിത്തൂക്കിയിട്ടുണ്ട്. അതടിച്ച്, വരിയില്‍ നിന്നും കുതറി ഞാന്‍ നടന്നു. ഇരുമ്പു കമ്പി കൊണ്ട് വിഭജിച്ച ഇടനാഴിയിലൂടെ നടന്നാല്‍ അകത്ത് ഒരു തുറസ്സായ സ്ഥലത്തെത്തും. അവിടെ മേല്‍ക്കൂരയോ ചുറ്റുചുമരുകളോ, ഒന്നുമില്ലാത്ത ഒരു കറുത്ത കല്ല്. അതിന് 5 അടിയോളം ഉയരമുണ്ടാകും. അതാണ് പ്രസിദ്ധമായ ശനീശ്വര പ്രതിഷ്ഠ. അത്രയേ ഉള്ളൂ. ഭക്തര്‍ കൊണ്ടു വരുന്ന എണ്ണ ഈ കല്ലില്‍ അഭിഷേകം ചെയ്യും. അതാണ് പ്രധാന വഴിപാട്. കാലങ്ങളായി ഈ കൃഷ്ണശില എണ്ണയില്‍ ആറാടിക്കൊണ്ടേയിരിക്കുന്നു. അഭിഷേകത്തിനു ശേഷം ഈ എണ്ണയത്രയും എങ്ങോട്ട് ഒഴുകിപ്പോകുന്നു എന്നു ഞാന്‍ ആലോചിച്ചു. ശനിപ്രതിഷ്ഠയുടെ അടുത്ത് ഒരു ശൂലവും തൊട്ടപ്പുറത്ത് ഒരു നന്ദിയുടെ വിഗ്രഹവുമുണ്ട്. മുന്‍വശത്ത് ശിവന്റെയും ഹനുമാന്റെയും രൂപങ്ങള്‍. വലിയ നാശനഷ്ടങ്ങള്‍ വരുത്തി വെച്ച ഒരു മഹാപ്രളയത്തിന്റെ ശേഷിപ്പില്‍ നിന്നാണ് ഈ കൃഷ്ണശില ലഭിച്ചത് എന്ന് ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍ പറയുന്നു. അതിന്റെ രൂപം അവരെ അത്ഭുതപ്പെടുത്തി. അതിലേറെ ഗ്രാമീണരെ വിസ്മയിപ്പിച്ചത് കമ്പ് കൊണ്ടു കോറി നോക്കിയപ്പോള്‍ കല്ലില്‍ നിന്നും ചോര പൊടിഞ്ഞതാണ്. പിന്നീട് ഗ്രാമീണരുടെ സ്വപ്നങ്ങളില്‍ ശനീശ്വരന്‍ നിറഞ്ഞു. അത്തരം സ്വപ്നങ്ങളിലൊന്നില്‍ മേല്‍ക്കൂരയില്ലാത്ത ക്ഷേത്രം പണിയാനുള്ള നിര്‍ദേശം അവര്‍ക്കു ലഭിച്ചു. അതാണ് ഇന്ന് കാണുന്നത്. അമാവാസി ദിവസങ്ങളിലാണ് ഇവിടേക്ക് ഏറ്റവുമധികം ഭക്തരെത്തുക. അത് ശനിയാഴ്ച്ച കൂടിയായാല്‍ ക്ഷേത്രം തീര്‍ഥാടകസാഗരമാവും. ക്ഷേത്രദര്‍ശനത്തേക്കാള്‍ എനിക്കു താല്‍പ്പര്യം വാതിലുകളില്ലാത്ത ആ ഗ്രാമം കാണുക എന്നതായിരുന്നു. ക്ഷേത്രത്തിന്റെ പുറം മതിലിനു ചേര്‍ന്ന വഴിയിലൂടെ പോയാല്‍ ഗ്രാമ ഹൃദയത്തിലെത്താം. കൊച്ചുകൊച്ചു വീടുകളും കാലിത്തൊഴുത്തുകളും അവക്കപ്പുറം വിശാലമായ കൃഷിയിടങ്ങളുമായി ഒരു തനി മറാത്തി ഗ്രാമം. അവിടവിടെ വന്‍വൃക്ഷങ്ങളുടെ പച്ചപ്പുകള്‍. വലിയ ഉള്ളി അടുക്കിവച്ച കൃഷിപ്പുരകള്‍. കൂടിനിന്ന് സംസാരിക്കുന്ന സ്ത്രീകള്‍.
അപരിചിതനായ യാത്രികനെ നോക്കി അവര്‍ ചിരിച്ചു. അജ്ഞാതനാവുന്നതിന്റെ സുഖം ഞാന്‍ അനുഭവിച്ചു. വാര്‍ത്തയില്‍ വായിച്ചത് കാല്‍പ്പനികമായ കാര്യമല്ല എന്ന് ആ ഗ്രാമത്തില്‍ ചുറ്റിനടന്നപ്പോള്‍ എനിക്ക് മനസ്സിലായി. ഒരു വീടിനും വാതിലില്ല, കടകള്‍ക്കോ ധാന്യപ്പുരകള്‍ക്കോ വാതിലില്ല. എല്ലാം എപ്പോഴും തുറന്നു കിടക്കുന്നു. ആര്‍ക്കും സ്വാഗതം. മേല്‍ക്കൂരയില്ലാത്ത ക്ഷേത്രത്തില്‍ നിന്നു തന്നെയാവണം വാതിലുകളില്ലാത്ത വീടുകള്‍ എന്നതും വന്നത്. ഗ്രാമത്തിലെ ജനങ്ങളും അങ്ങിനെതന്നെയാണ് വിശ്വസിക്കുന്നത്. കള്ളന്‍മാരില്‍ നിന്നും മോഷണത്തില്‍ നിന്നും ശനീശ്വരന്‍ സംരക്ഷിക്കും എന്നാണ് വിശ്വാസം. ആ വിശ്വാസത്തില്‍ മനസ്സര്‍പ്പിച്ച് ശനിശിംഗനാപൂരില്‍ രാത്രിപോലും കടകള്‍ അടക്കുന്നില്ല. എല്ലാം തുറന്നിട്ടാണ് ആളുകള്‍ വീട്ടിലേക്കു പോകുന്നത്്. വീടുകളും തുറന്നിടുന്നു. ഞാന്‍ ചില വീടുകള്‍ക്കകത്ത് കയറി നോക്കി. എല്ലാം കൊച്ചുകൊച്ചു വീടുകള്‍. ഒരു കുഞ്ഞു ജനവാതിലെങ്കിലും എവിടെയെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചു. പക്ഷെ നിരാശയായിരുന്നു ഫലം. ചിലയിടങ്ങളില്‍ വാതിലിന്റെ സ്ഥാനത്ത് നേരിയ കര്‍ട്ടനുകള്‍ തൂക്കിയിട്ടുണ്ട്. അത് ഉള്ളതും ഇല്ലാത്തതും കണക്കാണ്. ഒരു വാതിലിന്റെ മറപോലുമില്ലാതെ കുടുംബമായി എങ്ങിനെ ജീവിക്കും എന്ന ചോദ്യം ഇതു വായിക്കുന്നവരെപ്പോലെ എനിക്കും ഉണ്ടായിരുന്നു. വ്യക്തിയുടെ രഹസ്യജീവിതത്തെക്കുറിച്ചുള്ള ഒരുപാട് സംശയങ്ങള്‍. ചില കുടുംബനാഥന്‍മാരോടും വീട്ടിലെ മുതിര്‍ന്നവരോടും ഞാനിതു ചോദിച്ചു. 'എല്ലാം നടന്നു പോകുന്നു' എന്ന് മാത്രമായിരുന്നു ഉത്തരം. മറച്ചു വെക്കാനൊന്നുമില്ലാത്ത, തുറന്ന ഒരു മനസ്സു പോലെ തോന്നിച്ചു ആ ഗ്രാമം. വാതിലുകളില്ലാത്ത, വിഭജനങ്ങളില്ലാത്ത ഒരു ലോകം. അങ്ങനെയൊന്ന് സാധ്യമാണ് എന്ന് ഈ യാത്ര എനിക്ക് മനസ്സിലാക്കി തന്നു. അത്തരം ഇടങ്ങള്‍ ഇനിയുമുണ്ടാവട്ടെ, ഇനിയുമിനിയും അവിടങ്ങളിലേക്കുള്ള യാത്രകള്‍ ഞാന്‍ സ്വപ്നം കാണുന്നു.
ബാഹുബലിയുടെ പാദങ്ങളില്‍
Posted on: 29 Jul 2010
colossus serene
from his lofty perch, radiating the tranquil benefaction of supreme fulfilment, bahubali dominates the countryside of sharavanabelagola, as mohanlal bears humble witness.
അനുഗ്രഹം പോലെ മഴ. വെണ്‍മേഘം പോലെ മൗനമായി നടന്നു നീങ്ങുന്ന സംന്യാസിമാര്‍, ലൗകീകസാധനയുടെ പടവുകള്‍ താണ്ടി ത്യാഗവീരന്റെ തിരുമുന്നില്‍
മഴ പെയ്തുകൊണ്ടേയിരുന്ന ഒരു മധ്യാഹ്നത്തിലാണ് ഞാന്‍ ശ്രാവണബലഗോളയില്‍ എത്തുന്നത്. രണ്ട് കുന്നുകള്‍ക്കിടയില്‍ നനഞ്ഞ് കിടക്കുന്ന ഒരു കൊച്ചു നഗരം. അതിനിടയിലൂടെ നീളുന്ന തീര്‍ത്ഥാടനപാത. മധ്യത്തില്‍ ഒരു ശുദ്ധജലതീര്‍ത്ഥം. നഗരത്തില്‍, തെരുവോരത്തു നിന്ന് ഞാന്‍ വിന്ധ്യഗിരി എന്ന കുന്നിന്‍ മുകളിലേക്ക് നോക്കിയത് സ്‌കൂള്‍ പാഠപുസ്തകം മുതല്‍ കണ്ടു പരിചയിച്ച ആ കൂറ്റന്‍ ശില്‍പ്പം കാണാനായിരുന്നു: അതിശാന്തമായ മുഖവും കടഞ്ഞെടുത്ത ശരീരവും അതിലേക്ക് പടര്‍ന്ന് കയറിയ വള്ളിച്ചുറ്റുകളുമായി പൂര്‍ണ നഗ്നനായി നില്‍ക്കുന്ന ഗോമടേശ്വരന്‍ അഥവാ ബാഹുബലിയുടെ പൂര്‍ണ്ണകായ പ്രതിമ. പക്ഷേ അത് കാഴ്ചക്കുമപ്പുറത്തായിരുന്നു. കാണണമെങ്കില്‍ 650 കല്‍പ്പടവുകള്‍ കയറി വിന്ധ്യഗിരിയുടെ മുകളിലെത്തണം.
ഞാന്‍ വിശദമായ ഒരു ആയുര്‍വേദ ചികിത്സ കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. സത്യം പറഞ്ഞാല്‍ കര്‍ശന പഥ്യങ്ങളോടെ വീട്ടില്‍ വിശ്രമിക്കേണ്ട കാലം. ഇതറിയാവുന്നത് കൊണ്ട് ഭാര്യ സുചിത്ര വിളിച്ചു ചോദിച്ചു: 'ചേട്ടന്‍ ആ പടവുകള്‍ മുഴുവന്‍ കയറാന്‍ പോവുകയാണോ..?' 'അതെ' ഞാന്‍ പറഞ്ഞു. സങ്കടത്തോടെ സുചി ഫോണ്‍ വെച്ചു. എനിക്കീ പടവുകള്‍ കയറാതിരിക്കാന്‍ കഴിയില്ല. എത്രയോകാലമായി ഉള്ളില്‍ തളിര്‍ത്ത മോഹമാണ്. വായിച്ചറിഞ്ഞും നെടുമുടി വേണുവടക്കമുള്ള സഹൃദയരായ സുഹൃത്തുക്കളുടെ സന്ദര്‍ശന വിവരണങ്ങള്‍ കേട്ടും എത്രയോ മുമ്പ് ഞാനീ ആരോഹണം ഉള്ളില്‍ കുറിച്ചിട്ടിരുന്നു. മഴയായാലും വെയിലായാലും ചികിത്സയിലാണെങ്കിലും എനിക്കിതു കയറിയേ പറ്റൂ.
വിന്ധ്യഗിരി കയറുമ്പോള്‍ പാദരക്ഷ പാടില്ല. നഗ്നമായ പാദങ്ങള്‍ നനഞ്ഞ കരിങ്കല്‍പ്പടവുകളില്‍ അമര്‍ത്തിച്ചവിട്ടി കയറുമ്പോള്‍ ശരീര പീഡയുടെ ആദ്യാനുഭവം. ശിലാപ്രതലത്തില്‍ ചെത്തിയുണ്ടാക്കിയ ആ പടവുകള്‍ പോലും അത്ഭുതമാണ്. കുന്നിന്റെ പള്ളയിലൂടെ ഒരു പിരിയന്‍ ഗോവണി പോലെ അത് കയറിപ്പോകുന്നു. കയറിക്കയറിക്കിതച്ചു. മുകളിലേക്ക് നോക്കുമ്പോള്‍ കയറാന്‍ പടവുകള്‍ ഇനിയും ബാക്കി. ശബരിമല, ശ്രാവണബലഗോള,തിരുവണ്ണാമല.. ധ്യാനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും കേന്ദ്രങ്ങളെല്ലാം ഉയരങ്ങളിലാണ്. ആരോഹണവും ഏകാന്തതയും, തന്നിലേക്കുള്ള സഞ്ചാരത്തിനും ബോധോദയത്തിനും ആവശ്യമാണ്.
ബപ്പണ്ണ എഴുതിയ പുരാതനകന്നട കവിതയില്‍ ബാഹുബലിയുടെ കഥ കാണാം. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥങ്കരനായിരുന്ന ആദിനാഥന്റെ മകനായിരുന്നു ബാഹുബലി. അയോധ്യ ഭരിച്ചിരുന്ന ഭരതനായിരുന്നു ബാഹുബലിയുടെ സഹോദരന്‍. സാമ്രാജ്യത്തിന് വേണ്ടി ഭരതന്‍ സഹോദരനെ പോരിന് വിളിച്ചു. ബാഹുബലി ഭരതനെ തോല്‍പ്പിച്ചു. പക്ഷേ രാജ്യവും സാമ്രാജ്യവും ഭരതനു തന്നെ നല്‍കി. തുടര്‍ന്ന് ഒരു വര്‍ഷം അദ്ദേഹം നിന്നു കൊണ്ട് ധ്യാനിച്ചു. പക്ഷേ അന്യന്റെ ഭൂമിയില്‍ ചവിട്ടി നില്‍ക്കുന്നത് കൊണ്ട് മനസ്സിന് ശാന്തി ലഭിച്ചില്ല. ഇതു മനസ്സിലാക്കിയ ഭരതന്‍ രാജ്യം ബാഹുബലിയെ തിരികെ ഏല്‍പ്പിച്ചു. ആ മണ്ണില്‍ നിന്നു കൊണ്ട് അദ്ദേഹം ബോധോദയ പ്രാപ്തനായി. പടവുകള്‍ കയറുംതോറും ശ്വാസകോശത്തില്‍ കിതപ്പ് കുരുങ്ങി.
മഴ പൊഴിഞ്ഞു കൊണ്ടേയിരുന്നു. കയറ്റത്തിനിടെ കൊച്ചു കൊച്ചു കല്ലിന്‍ കവാടങ്ങള്‍. അവിടെ നിന്ന് താഴേക്ക് നോക്കുമ്പോള്‍, ദൂരെ, നഗരമധ്യത്തിലായി, 'ബെലകോള' എന്നറിയപ്പെടുന്ന ജലാശയം. അതിനെ ചുറ്റിയുള്ള സ്ഥലമാവണം ശ്രാവണ ബലഗോള. ആരോഹണം അവസാനഘട്ടത്തിലെത്തുമ്പോള്‍ കൂറ്റന്‍ കന്മതിലുകള്‍ക്കും കവാടങ്ങള്‍ക്കും ഇടയിലൂടെ നാം കടന്നു പോകുന്നു. അതിന്റെ ഏതോ ഘട്ടത്തില്‍ ഞാന്‍ കണ്ടു: നിരാസക്തവും നിര്‍മ്മമവുമായ ബാഹുബലിയുടെ മുഖം. ശരീരം മറ്റേതോ ആഴങ്ങളില്‍ മറഞ്ഞിരിക്കുന്നു. ഒടുവില്‍ പടവുകള്‍ തീര്‍ന്ന് ഒരു ക്ഷേത്രത്തിന്റെ മുഖമണ്ഡപത്തില്‍ ഞാനെത്തി. മുന്നില്‍ മൗനപൂര്‍ണമായ ഒരു കാവ്യം പോലെ, സുന്ദരിയായ ഒരു യുവതിയുടെ ശില്‍പ്പം നില്‍ക്കുന്നു.
വെള്ള വസ്ത്രമണിഞ്ഞ,് ഒറ്റപ്പെട്ട വെണ്‍മേഘം പോലെ, ഒരു ജൈന സംന്യാസിനി എന്നെക്കടന്നു പോയി. അകത്തേക്ക് നടക്കുമ്പോള്‍ ആദ്യം കാണുക അഴകൊത്ത ആ പാദങ്ങളാണ്. പിന്നെപ്പിന്നെ കാല്‍വണ്ണയും തുടയും അതില്‍പ്പടര്‍ന്നു കയറുന്ന വള്ളികളും ബാഹുക്കളും ശരീരമാകെയും കാണുന്നു. ഈ നഗ്നമേനി കണ്ട് കുട്ടിക്കാലത്ത് എത്ര തവണ ഞങ്ങള്‍ കണ്ണിറുക്കിച്ചിരിച്ചിരിക്കുന്നു. ദിഗംബരധാരണത്തിന്റെ പൊരുളിനെക്കുറിച്ചൊന്നും അന്ന് പിടിയില്ലായിരുന്നു. അടുത്തു നില്‍ക്കുമ്പോള്‍ ആ കൂറ്റന്‍ ശില്‍പ്പം എന്റെ കൊച്ചുകണ്ണുകളില്‍ നിറഞ്ഞു കവിയുന്നത് പോലെ തോന്നി. ഒരു വിശ്വരൂപ ദര്‍ശനത്തിന്റെ വിഭ്രമാത്മകമായ അനുഭൂതി. സൂക്ഷ്മതയേക്കാളും വലിപ്പത്തിലാണ് ഇവിടെ ശില്‍പ്പി ശ്രദ്ധിച്ചിരിക്കുന്നത്. എല്ലാ മഹാപുരുഷ ലക്ഷണങ്ങളും ബാഹുബലി പ്രതിമയില്‍ ഞാന്‍ കണ്ടു. വിസ്തൃതമായ ചുമലുകള്‍, നീണ്ട കാലുകള്‍, ദീര്‍ഘ ബാഹുക്കള്‍...
ഈ പ്രതിമ ചെയതത് ആരെന്ന് കൃത്യമായി അറിയില്ല. AD981ല്‍ രാജമല്ലയിലെ ഗംഗാ രാജാവിന്റെ മന്ത്രിയായ ചാമുണ്ഡ രാജയാണ് പ്രതിമയ്ക്ക് പുറകിലെ ബുദ്ധി കേന്ദ്രം. തന്റെ അമ്മയ്ക്ക് വേണ്ടിയാണത്രെ അദ്ദേഹം ഇത് സ്ഥാപിച്ചത്. ബാഹുബലിയുടെ കാല്‍ക്കല്‍ ആരോ അര്‍പ്പിച്ച ഒരു പുഷ്പഹാരം. അടുത്ത് നിന്ന് നോക്കുമ്പോഴാണ് ആ വിരലുകളുടെ മനോഹാരിത മനസ്സിലാവുക. മനുഷ്യന്റെ കാല്‍പ്പാദങ്ങള്‍ ഇത്ര സുന്ദരമാണ് എന്ന് ബാഹുബലിയുടെ കാല്‍ച്ചുവട്ടില്‍ നിന്നപ്പോഴാണ് മനസ്സിലായത്. പ്രതിമ നില്‍ക്കുന്ന തളത്തിനെച്ചുറ്റിയുള്ള ഇടനാഴിയില്‍ കൊച്ചു കൊച്ച് അറകൡ 30 തീര്‍ത്ഥങ്കരന്‍മാരുടെ പ്രതിമകള്‍. ഒറ്റയ്ക്ക് കണ്ടാല്‍ സാമാന്യം വലിപ്പം തോന്നിക്കുന്ന അവ ബാഹുബലി പ്രതിമ കണ്ട് കണ്‍നിറഞ്ഞത് കൊണ്ടാവണം, ചെറുതായി തോന്നി. ആ ഇടനാഴിയില്‍, മങ്ങിയ വെളിച്ചത്തില്‍, ഞാന്‍ ഒരു പാട് നേരം മൗനമായിരുന്നു; ധ്യാനത്തിന്റെ പരകോടിയില്‍ ബോധോദയത്തിന്റെ മന്ദഹാസത്തിലേക്ക് പരിവര്‍ത്തനപ്പെട്ട ആത്മാക്കള്‍ക്കുനടുവില്‍, ഒരു പൂവിതള്‍ പോലെ, കനമില്ലാതെ..
ചുറ്റുവഴിയിലൂടെ നടക്കുമ്പോള്‍ ഞാന്‍ ചന്ദ്രഗുപ്ത മൗര്യനെ ഓര്‍ത്തു. യുദ്ധങ്ങളില്‍ നിന്ന് യുദ്ധങ്ങളിലേക്ക് നീന്തി, സാമ്രാജ്യങ്ങള്‍ കാല്‍ക്കീഴിലാക്കി, ഒടുവില്‍ 'സല്ലേഖന'യ്ക്കായി (നിരാഹാരത്തിലൂടെയുള്ള മരണംവരിക്കല്‍)അദ്ദേഹം എത്തിയത് ശ്രാവണബലഗോളയിലാണ്. രാജകീയ ഭോഗങ്ങള്‍ അനുഭവിച്ചിരുന്ന ചക്രവര്‍ത്തി ഭക്ഷണമുള്‍പ്പെടെ എല്ലാം ഉപേക്ഷിച്ച്, അസ്ഥിപഞ്ജരമായി, ഈ കുന്നിന്‍മുകളില്‍ വെച്ച് അന്ത്യശ്വാസം വലിച്ചു! അദ്ദേഹത്തെ അതിലേക്ക് നയിച്ച മനോവിചാരങ്ങള്‍ എന്തായിരിക്കാം? ശരീരത്തെ പീഡിപ്പിക്കുന്നതിന് ഞാന്‍ എതിരാണെങ്കിലും, ആ ചക്രവര്‍ത്തിയുടെ അന്ത്യം എന്നെ ചിന്തിപ്പിക്കാറുണ്ട്. തിരിച്ചിറങ്ങുമ്പോഴും മഴചാറുന്നുണ്ടായിരുന്നു. കയറുന്നതിനേക്കാള്‍ വിഷമമാണ് ഇറങ്ങല്‍. കാലുകള്‍ എവിടെയൊക്കയോ വഴുതി. മഴയിലും ഞാന്‍ വിയര്‍ത്തു. വെറുമൊരു സഞ്ചാരിമാത്രമായ ഞാന്‍ ഇത്ര ക്ലേശിക്കുന്നവെങ്കില്‍ കുന്നിന്‍മുകളില്‍ ഈ ലോകം സൃഷ്ടിച്ച ശില്‍പ്പികളുടെ യത്‌നമെന്തായിരിക്കാം?! ഒരുപക്ഷേ അവര്‍ക്ക് അധ്വാനമായിരിക്കാം ധ്യാനം, കലയായിരിക്കാം ആനന്ദം.
രാമകഥാഗാനലയം...
Posted on: 22 Sep 2009
on hallowed ground
On the banks of godavari, an epiphanic window opens onto ramayana
രാമലക്ഷ്മണന്മാരുടെയും സീതാദേവിയുടെയും കാല്പാടുകള്‍ ശേഷിക്കുന്ന പഞ്ചവടിയുടെ മണ്ണില്‍, ഗോദാവരിതീരത്തെ കാറ്റില്‍, ഇതിഹാസവും ചരിത്രവും ഇഴചേരുന്ന വഴികളില്‍ രാമായണമാസത്തില്‍ മോഹന്‍ലാലിന്റെ യാത്ര.
എന്റെ മുത്തച്ഛന്‍ ഭാഗവതം വായിക്കുമായിരുന്നു. അച്ഛന്‍ അദ്ധ്യാത്മരാമായണവും. ആരേയും കേല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നില്ല രണ്ടു പേരും ഇവ വായിച്ചിരുന്നത്. ആത്മശാന്തിയ്ക്കും ആത്മസംതൃപ്തിക്കും വേണ്ടി മാത്രം. കര്‍ക്കിടമാസത്തില്‍ അച്ഛന്‍ അദ്ധ്യാത്മ രാമായണത്തിനു മുന്നില്‍ അതീവ ശാന്തനായി ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അച്ഛന്‍ ചൊല്ലുന്ന രാമായണ ശീലുകള്‍ എന്റെ കുട്ടിക്കാലത്തെ വലയം ചെയ്തു നിന്നിരിക്കണം. പുറത്ത് മഴ മതിവരാതെ പെയ്തു നിറയുമ്പോള്‍ വീടിന്റെ അകത്തളങ്ങളില്‍ അതിമധുരമായ കാവ്യത്തിന്റെ വരികള്‍ ഒഴുകും.
കഥയമമ കഥയമമ കഥകളദിസാദരം
കാകുല്‍സ്ഥ ലീലകള്‍ കേട്ടാല്‍ മതിവരാ...
എന്തു മനോഹരമായ അനുഭവമാണത്. മലയാളിക്കു കനിഞ്ഞു കിട്ടിയ സുകൃതം.
സിനിമയില്‍ എത്തിയതോടെ എന്റെ ജീവിതം സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്കുള്ള സഞ്ചാരമായി. ഒരിടത്തും സ്ഥിരമായി ഇരുന്നില്ല. അതുകൊണ്ട് തന്നെ അച്ഛനെയോ മുത്തച്ഛനെയോ പോലെ കൃത്യമായ ജീവിതചര്യകളോ ശീലങ്ങളോ, ചിട്ടകളോ, എനിക്കുണ്ടായില്ല. ഒരിടത്തു നിന്നും ഒരിടത്തേക്കൊഴുകുമ്പോള്‍ നിയതമായ ഒരു രൂപമുണ്ടാകുക ബുദ്ധിമുട്ടാണ്.
എങ്കിലും മനസ്സില്‍ രാമായണം ഉണ്ടായിരുന്നു. രാമനും സീതയും ദശരഥനും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും രാവണനും അയോദ്ധ്യയും ലങ്കയും മാരീചനും മായാസീതയും ഹനുമാനും സേതുബന്ധനവും സരയുവും കിഷ്‌കിന്ധയും ഗോദാവരിയും നിറഞ്ഞ വിസ്മയലോകം. കഥയായും ആലോചനകളായും അവ എന്നില്‍ കറങ്ങി നടന്നു. ഷൂട്ടിങ്ങിനായി കേരളത്തിന്റെ പലയിടങ്ങളില്‍ സഞ്ചരിക്കേണ്ടി വന്നപ്പോള്‍ രാമന്റെ കാല്‍പ്പാദങ്ങള്‍ നിരവധി തവണ കണ്ടു. രാമായണവുമായി ബന്ധപ്പെട്ടതെന്നു വിശ്വസിക്കപ്പെടുന്ന ഗുഹകളും കുളങ്ങളും ക്ഷേത്രങ്ങളും കണ്ടു. അതിവിചിത്രമായ കഥകള്‍ കേട്ടു. രാമേശ്വരത്ത് പോയപ്പോള്‍ കടല്‍ പകുത്ത് പോകുന്ന സേതു കണ്ടു. അപ്പോഴെല്ലാം മനസ്സില്‍ സ്വയം വിസ്മയിച്ചു, അമരമായ ഈ കഥ ഒരു വലിയ ജനതയില്‍ എത്രമാത്രം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു എന്നോര്‍ത്ത്.
അഭിനയിച്ച ചില സിനിമകളില്‍ രാമായണത്തിന്റെ വിദൂരമായ നിഴലുകള്‍ വീണിരുന്നു. 'ഭരത'ത്തിന്റെ പേരില്‍ തുടങ്ങുന്നു രാമായണബാന്ധവം. അതില്‍ രാമകഥാഗാനലയം മംഗളമായി തംബുരുവില്‍ പകരാന്‍ ശ്രുതിലയ സാഗരത്തോട് പഞ്ചാഗ്‌നി മധ്യത്തില്‍ നിന്ന് ഉരുകി പ്രാര്‍ഥിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. 'ദശരഥം' എനിക്കേറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. അങ്ങിനെ, എങ്ങിനെയൊക്കെയോ രാമായണം എന്റെ ജീവിതത്തിന്റെ പശ്ചാത്തല ശ്രുതിയായി നിന്നുപോന്നു.
രാമായണത്തിന്റെ വഴികളിലൂടെ ഒരു ദീര്‍ഘയാത്രയ്ക്കിറങ്ങിയപ്പോള്‍ എന്റെ മനസ്സില്‍ മിന്നിത്തെളിഞ്ഞത് ഇവയൊക്കയായിരുന്നു. പുലര്‍ച്ചെ മുംബൈയില്‍ നിന്നും രാമായണത്തിന്റെ കടല്‍ നിറഞ്ഞ മനസ്സുമായി യാത്ര തുടങ്ങുമ്പോള്‍ ഒരാളെക്കൂടി ഞാന്‍ ഓര്‍ത്തു: മലയാളത്തിന്റെ ഗന്ധര്‍വ്വനായ പത്മരാജനെ; എന്റെ പ്രിയപ്പെട്ട പപ്പേട്ടനെ. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത്തരമൊരു ഇന്ത്യായാത്രയ്ക്ക് ഞങ്ങള്‍ ഒരുങ്ങിയതായിരുന്നു. അതിന്റെ തയ്യാറെടുപ്പുകള്‍ വരെ നടത്തി. പക്ഷേ പല കാരണങ്ങളാല്‍ അത് മുടങ്ങി. എനിക്ക് കൂട്ടു വരാന്‍ കാത്തു നില്‍ക്കാതെ പപ്പേട്ടന്‍ നേരത്തെ പോയി. പക്ഷേ തനിച്ചാണെങ്കിലും എന്റെയുള്ളില്‍ അദ്ദേഹമുണ്ട്.
സൂര്യന്‍ ഉയര്‍ന്ന് വെളിച്ചം വീണ് തുടങ്ങുമ്പോഴേക്കും വഴിക്കിരുവശവും മറാത്താ ഗ്രാമങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. അതിരാവിലെ ഉണര്‍ന്ന് അധ്വാനത്തിന്‍േറയും അതിലളിതമായ ജീവിതത്തിന്റെയും ലോകത്തിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങള്‍. കാലത്തിന്റെ മാറ്റത്തില്‍ അവ ചെറിയ ചെറിയ അങ്ങാടികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതു പോലെ തോന്നി. മുംബൈ അതിന്റെ നീരാളികൈകള്‍ നീട്ടി അവയേയും തന്നിലേക്ക് വലിച്ചൊതുക്കാന്‍ ശ്രമിക്കും പോലെ. എന്റെ ഡ്രൈവര്‍ മലയാളിയായിരുന്നു. പ്രകാശ്. പത്തനംതിട്ട സ്വദേശി. എന്റെ നാട്ടുകാരന്‍. പത്തു വര്‍ഷം മുമ്പ് മുംബൈയില്‍ വന്ന് ജീവിതം തുടങ്ങിയ ആള്‍. പ്രകാശിന് വഴി നല്ല പരിചയമാണ്. കാഴ്ചകളും.
സമതലങ്ങളില്‍ നിന്ന് പെട്ടെന്ന് ഞങ്ങള്‍ കുന്നുകളുടെ വഴികളിലേക്കു കയറി. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ അറ്റം. വളഞ്ഞു പുളഞ്ഞു കയറി പോകുന്ന വഴികള്‍ അല്‍പ്പം കഠിനമാണ്. അവ എവിടെയൊക്കെയോ വയനാട് ചുരത്തെ ഓര്‍മ്മിപ്പിക്കുന്നു. തട്ടുകളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ ഡെക്കാണിന്റെ വിശാലമായ സമതലം. മനുഷ്യ പ്രയത്‌നത്തിന്റെയും ഭാവനയുടെയും സാക്ഷ്യമായി മലയെ തുരന്നു പോകുന്ന തീവണ്ടിത്താരകള്‍ ഇടക്കിടെ കാണാം. ബ്രിട്ടീഷുകാരുടെ കാലത്തുണ്ടാക്കിയതാണ് എന്ന് അവയുടെ നിര്‍മ്മിതിയില്‍ നിന്ന് വ്യക്തം.
പഞ്ചാബിധാബകളും വഴിയോര റസ്‌റ്റോറന്‍റുകളുമാണ് ഭക്ഷണത്തിന് ആശ്രയം. പഞ്ചവടിയിലേക്കും ഷിര്‍ദിയിലേക്കും നീളുന്ന തീര്‍ഥാടന പാതയിലെ ഭക്തരെയാണ് ഈ ഭോജനശാലകള്‍ കണ്ണുവെക്കുന്നത്. എല്ലായിടത്തും നല്ല തിരക്കാണ്. ഷിര്‍ദ്ദിസ്മൃതിയില്‍ 'ബാബാ കാ ധാബ' എന്ന് പേരിട്ട ഒരിടത്താണ് പ്രാതലിനിറങ്ങിയത്. തീര്‍ഥാടന പാതകളിലെ ഭോജന ശാലകളിലിരുന്നാല്‍ ഇന്ത്യയെന്ന വിസ്മയത്തെ നേരിട്ട് അനുഭവിക്കാം എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പലദേശക്കാരായ സ്ത്രീകളും കുട്ടികളും വൃദ്ധരും ജടാധാരികളായ സംന്യാസിമാരും നിസംഗരായ സൂഫികളും ഫക്കീര്‍മാരും എല്ലാം അവിടെ ഉണ്ടായിരുന്നു. പോയി വരുന്നവരുടെ മുഖത്ത് ആധികളും ദു:ഖങ്ങളുമെല്ലാം പറഞ്ഞു തോര്‍ന്നതിന്റെ സംതൃപ്തി; പോകുന്നവരില്‍ തിരക്കിനെക്കുറിച്ചും ദര്‍ശനസാധ്യതകളെ ക്കുറിച്ചുമുള്ള ആശങ്കകള്‍. അവ കണ്ടിരിക്കുന്നതു തന്നെ ഒരു രസമാണ്. എന്നെ ആരും തിരിച്ചറിഞ്ഞില്ല എന്നത് വലിയ അനുഗ്രഹമായി. ആള്‍ക്കൂട്ടത്തില്‍ ഒരാളായി അലിഞ്ഞ്, അലഞ്ഞു നടക്കാന്‍ എത്ര കാലമായി ഞാന്‍ മോഹിക്കുന്നു.
നാസിക്കാണ് യാത്രയുടെ ലക്ഷ്യം. അവിടെയാണ് പഞ്ചവടി. രാമായണത്തിലെ കേന്ദ്രസ്ഥാനം. ഒരുപാട് സവിശേഷതകളുള്ള ചരിത്ര നഗരം.
പല ആകൃതിയിലും വലിപ്പത്തിലുമുള്ള കുന്നുകളുടെ ഇടയിലൂടെയാണ് റോഡ് കടന്നു പോകുന്നത്. ഇരു വശവും ഏറെ ഫലഭൂയിഷ്ഠമാണ്. എങ്ങും കൃഷിയുടെ തുടിപ്പുകള്‍. ഒപ്പം വ്യവസായശാലകളും.
തീര്‍ഥഘട്ടങ്ങളിലേക്കുള്ള യാത്രയുടെ അടയാള സൂചികളാണ് അവധൂതന്‍മാര്‍. ഘാട്ട് അടുക്കുന്തോറും കാഷായധാരികളേയും ജടാധാരികളേയും കണ്ടു തുടങ്ങും. മിക്കവാറും ഒറ്റയ്ക്ക് നടക്കുന്നവര്‍. തിളച്ചു തുടങ്ങിയ വെയിലില്‍ ആളുന്ന തീനാളം പോലെ അവര്‍ ആടിയാടി നടന്നു പോവുന്നതു കണ്ടു. നടന്ന് നടന്ന് തേഞ്ഞ അവരുടെ കാല്‍പ്പാദങ്ങള്‍, അഗ്രം ചതഞ്ഞ ഊന്നുവടികള്‍. വിരക്തി നിറഞ്ഞ കണ്ണുകള്‍. എന്തായിരിക്കാം അവരുടെ മനസ്സില്‍? എപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്.
പത്തു മണിയോടെ ഞങ്ങള്‍ നാസിക്കില്‍ എത്തി. കാല്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനടിയില്‍ കാലത്തിന്റെ കടലിരമ്പുന്നു. നാസിക്കില്‍ എന്നെക്കാത്ത് മലയാളികളായ ചില സുഹൃത്തുക്കള്‍ കാത്തു നിന്നിരുന്നു. പട്ടാമ്പി സ്വദേശിയായ രവി, ഉത്തമന്‍,സോമന്‍, മോഹന്‍ സി.നായര്‍, ഗോപന്‍ എന്നിവര്‍. പാണ്ഡവലേനി ഗുഹകള്‍ക്കു താഴെവെച്ച് അവര്‍ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചു. അപരിചിത ദേശത്ത് മലയാളിയുടെ മുഖം കാണുന്നത് ഒരേ സമയം സന്തോഷവും ആശ്വാസകരവുമാണ്. എന്നെ കാണുന്നതില്‍ അവര്‍ക്കുള്ളതിനേക്കാള്‍ സന്തോഷം എനിക്കവരെ കാണുന്നതിലുണ്ട്. അവര്‍ എനിക്ക് പഞ്ചവടിയിലേക്കുള്ള വഴികാണിച്ചു.
പുരാതന കാലവും പുതിയ കാലവും കലര്‍ന്നു കിടക്കുന്ന നഗരമാണ് നാസിക്. നഗര കേന്ദ്രത്തില്‍ നിന്നും പഞ്ചവടിയിലേക്ക് പോകുമ്പോള്‍ തെരുവുകളുടെയും കെട്ടിടങ്ങളുടെയും രൂപം ഇടക്കിടെ മാറും. നാം മുന്നോട്ടു പോവുമ്പോള്‍ തന്നെ, കാലം നൂറ്റാണ്ടുകള്‍ക്കു പിറകിലേക്ക് പായും. എവിടെയൊക്കെയോ കാശിയുടെ ഓര്‍മ്മ. വഴിയുടെ അങ്ങേയറ്റത്ത് ഗോദാവരീതീരം. അവിടെ പഞ്ചവടി. രാമകുണ്ഡ് ഘാട്ട്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള കൊഴുക്കുന്ന തട്ടകം.
ഇതിഹാസകാലത്തിന്റെ ഓര്‍മ്മകളില്‍ പഞ്ചവടി കൊടുംകാടായിരുന്നു. 'എപ്പോഴും പൂത്ത കാടാണിത്' എന്ന് വാത്മീകി. ഇവിടെയാണ് രാമനും ലക്ഷ്മണനും സീതയും വനവാസകാലം കഴിച്ചുകൂട്ടിയത്. രാമലക്ഷ്മണന്‍മാര്‍ ദശരഥന് ശ്രാദ്ധമൂട്ടിയതും ഇവിടെ തന്നെ. രാവണന്‍ മാരീചനെ മാനായി മുന്നില്‍ നിര്‍ത്തി സീതയെ കട്ടുകൊണ്ടു പോയതും ഇവിടെവെച്ച് തന്നെ. എങ്ങും രാമമയം, രാമായണമയം.
അഗസ്ത്യനാണ് രാമലക്ഷ്മണന്‍മാരെ പഞ്ചവടിയിലേക്കയക്കുന്നത്. അതിനു കാരണമായി അദ്ദേഹം പറയുന്നത് രമ്യമായ ആ വനസ്ഥാനം സീതയ്ക്കു രസിക്കും എന്നാണ്. ഗോദാവരിയുടെ തീരത്തായുള്ള ഈ സ്ഥലം ഏറെ കായ്കനികളുള്ളതും നാനാ പക്ഷിഗണങ്ങളുള്ളതും രമണീയവും ജനശൂന്യവുമാണ് എന്നും വാത്മീകി അഗസ്ത്യ മഹര്‍ഷിയെ കൊണ്ട് പറയിപ്പിക്കുന്നു.
എന്നാല്‍ ഇന്ന് ഞാന്‍ നില്‍ക്കുന്ന പഞ്ചവടിയിലെ ഈ ഘാട്ട് ജനബഹുലമാണ്. രാമകുണ്ഡ് എന്നാണ് ഈ ഘാട്ടിന്റെ പേര്. ചുറ്റും തീര്‍ഥസ്‌നാനത്തിന്റെ തിരക്ക്, മന്ത്രോച്ചാരണങ്ങള്‍. പുരോഹിതരുടെ ബഹളങ്ങള്‍. മണിനാദങ്ങള്‍, രാമജപഘോഷങ്ങള്‍. ഘാട്ടിലിറങ്ങി കൈകാല്‍ മുഖം കഴുകി തൊട്ടടുത്തുള്ള കൊച്ചു ക്ഷേത്രത്തില്‍ കൈയിലൊരു നാളികേരവുമായി ഞാന്‍ കണ്ണടച്ചു നിന്നു. പുരോഹിതന്‍ എന്നെയൊരു കാവി ഷാള്‍ പുതപ്പിച്ചു. കണ്ണടച്ചു നില്‍ക്കുകയാണെങ്കിലും പതിവു പോലെ എനിക്കൊന്നും പ്രാര്‍ഥിക്കാനുണ്ടായിരുന്നില്ല. ഒന്നും ആവശ്യപ്പെടാനുമുണ്ടായിരുന്നില്ല. ചുറ്റുമുള്ള ആള്‍ക്കൂട്ടം എന്നെ തിരിച്ചറിഞ്ഞില്ല എന്ന ആശ്വാസത്തില്‍ ഞാനിത്തിരിയധികം നേരം ആ കോവിലിനു മുന്നില്‍ നിന്ന് കാഴ്ചകള്‍ കണ്ടു. പെട്ടെന്ന് എവിടെ നിന്നൊക്കെയോ 'കമ്പനി' 'ഷോലെ' എന്നീ പേരുകള്‍ കേട്ടു തുടങ്ങി. അവിടം വിടാന്‍ സമയമായി എന്ന അടയാളവാക്യമായിരുന്നു അത്.
പഞ്ചവടിയിലെ ഇതേ ഘാട്ടിലാണ് പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുക. കാഴ്ചകളാലും അനുഭവങ്ങളാലും സമ്പന്നമായ ദിനങ്ങളാണ് അവയെന്ന് അനുഭവസ്ഥര്‍ പറയുന്നു. വൈരാഗ്യത്തിന്റെ ഏതൊക്കെയോ അജ്ഞാത ലോകങ്ങളില്‍ നിന്ന് ശരീരമാസകലം വിഭൂതി തേച്ച് സംന്യാസിമാര്‍ ഈ തീരത്തേക്കിറങ്ങി വരും. മിക്കവരും പൂര്‍ണ്ണ നഗ്‌നരായിരിക്കും. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്ന സംഘങ്ങള്‍ മറ്റേതോ ലോകത്തിലൂടെയെന്ന പോലെ ഘാട്ടിലേക്കൊഴുകും. ത്രിശൂലങ്ങളും തിളങ്ങുന്ന ആരതികളും കൊണ്ട് തീരം നിറയും. എല്ലാം കണ്ടും എല്ലാത്തിനേയും ഉള്‍ക്കൊണ്ടുകൊണ്ടും ഈ ഗോദാവരി. അതിനു കുറുകെ പഴയ അഹല്യാഭായി ഹോള്‍ക്കര്‍ പാലം, ഇപ്പോഴത്തെ വിക്ടോറിയ ബ്രിഡ്ജ്.
രാമകുണ്ഡിലെ ഘാട്ടില്‍ നിന്നും നടക്കാനുള്ള ദൂരമേയുള്ളൂ പഞ്ചവടിയിലെ ഏറ്റവും പ്രധാനമായ സ്ഥലത്തേക്ക്. അഞ്ച് ആല്‍മരങ്ങള്‍ അടുത്തടുത്ത് നില്‍ക്കുന്ന ഇവിടെ വെച്ചാണ് സീതയെ രാവണന്‍ കട്ടു കൊണ്ടു പോകുന്നത്. ആല്‍മരങ്ങളുടെ വലിപ്പവും അവ പന്തലിച്ചു നില്‍ക്കുന്ന രീതിയും കണ്ടാല്‍ അവയ്ക്ക് ത്രേതായുഗത്തോളം പഴക്കമുണ്ടെന്ന് തീര്‍ഥാടകന്‍ തീര്‍ച്ചയായും വിശ്വസിക്കും. തിരക്കേറിയ ഇടത്തെരുവാണെങ്കിലും ഒരു കൊച്ചു വനത്തിന്റെ വിദൂരഛായ ഈ സ്ഥലത്തിനിപ്പോഴുമുണ്ട്. തീര്‍ച്ചയായും ഒരു കാലത്ത് ഇവിടം ഒരു വനം തന്നെയായിരുന്നിരിക്കണം. ഈ വനത്തില്‍ വെച്ചു തന്നെയാണ് ലക്ഷ്മണന്‍ ശൂര്‍പ്പണഖയുടെ മൂക്കും മുലയും അരിഞ്ഞത്. നാസിക(മൂക്ക് ) എന്ന പദത്തില്‍ നിന്ന് നാസിക് എന്ന സ്ഥലനാമമുണ്ടായി. ഈ വടവൃക്ഷ സമുച്ചയത്തിനും തൊട്ടപ്പുറത്താണ് സീതാഗുഹ(സീതാഗുംഭ). വനവാസസമയത്ത് രാമനും സീതയും ലക്ഷ്മണനും പൂജിച്ച ശിവലിംഗം ഇവിടെ കാണാം. ആദികവിയുടെ രാമന്‍ ഈ മണ്ണില്‍ ചരിച്ച ഒരു സാധാരണ മനുഷ്യനായിരുന്നല്ലോ. വിശ്വാസങ്ങളും വ്യക്തി ദൗര്‍ബ്ബല്യങ്ങളും ആശയക്കുഴപ്പങ്ങളും ആത്മശാന്തിക്കുറവുമെല്ലാം അദ്ദേഹത്തിനുമുണ്ടായിരുന്നിരിക്കണം.
ഇതിഹാസകാലത്തിന്റെ ഓര്‍മ്മകള്‍ മന്ത്രിക്കുന്ന ആ മരച്ഛായയുടെ തണുപ്പില്‍, മുന്നിലൂടെ ഒഴുകി നീങ്ങുന്ന തീര്‍ഥാടകസംഘത്തെ കണ്ടു നില്‍ക്കുമ്പോള്‍ ഞാന്‍ രാമായണത്തിനു മുന്നില്‍ ഇരിക്കുന്ന അച്ഛനേയും കര്‍ക്കിടകമഴയ്‌ക്കൊപ്പം മലയാളി ചൊല്ലുന്ന രാമായണ ശീലുകളേയും ഒരിക്കല്‍ക്കുടി ഓര്‍ത്തു. രാമലക്ഷ്മണന്‍മാര്‍ ചരിച്ച മണ്ണില്‍ നടന്നുകൊണ്ട്, സീത ഇരുന്ന വൃക്ഷച്ഛായയില്‍ നിന്ന്‌കൊണ്ട് ഇങ്ങിനെ ഓര്‍ക്കാന്‍ സാധിക്കുന്നു എന്നത് ഒരു യാത്രികന്‍ എന്ന നിലയില്‍ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.
സീതാപഹരണ സ്ഥാനത്തിനു സമീപം തന്നെയാണ് പഞ്ചവടിയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നായ കാലാറാം മന്ദിര്‍. കാലാറാം മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിലൂടെ നടക്കുമ്പോഴാണ് നാസിക് എത്രമേല്‍ പുരാതനമാണെന്ന് നമുക്കനുഭവപ്പെടുക. പൊടിപുരണ്ട തെരുവിനിരുവശവുമായി പാതി തകര്‍ന്നമര്‍ന്ന നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടങ്ങള്‍. മരം കൊണ്ടുള്ള മട്ടുപ്പാവോടെയുള്ള കെട്ടിടങ്ങള്‍ക്ക് വാഡ (നമ്രലമ) എന്നാണ് പേര്. നാസിക്കിന്റെ പ്രത്യേകതയാണീ നിര്‍മ്മാണ രീതി. പുറമേയ്ക്ക് ചെറുതും അകത്തേയ്ക്ക് കടക്കുന്തോറും വലിയൊരു ലോകം വിടര്‍ന്നുവരുന്നവയുമായ ഇത്തരം കെട്ടിടങ്ങള്‍ പ്രശസ്തമായ എല്ലാ ക്ഷേത്രതെരുവിലും കാണാം. അലഞ്ഞു നടക്കുന്ന പശുക്കളും തനിച്ചും സംഘം ചേര്‍ന്നും വരുന്ന തീര്‍ഥാടക സംഘങ്ങളും. അവയ്ക്കിടയില്‍ കാവിപൊട്ടുപോലെ വന്നു മറയുന്ന വൈരാഗികള്‍.
തെരുവില്‍ നിന്നു പെട്ടെന്നു കയറാവുന്ന ഒരു വഴിയിലൂടെ ഞാന്‍ ക്ഷേത്രത്തിലേക്കു പ്രവേശിച്ചു. ചുറ്റു മതിലിനും വിശാലമായ തുറസ്സിനും നടുവില്‍ കൃഷ്ണശിലയില്‍ തീര്‍ത്ത കോവിലാണ് കാലാറാം മന്ദിര്‍. കാലാറാം എന്നാല്‍ കറുത്തരാമന്‍ എന്നര്‍ഥം. വനവാസ കാലത്ത് ശ്രീരാമനും ലക്ഷ്മണനും സീതയും താമസിച്ചിരുന്ന അതേ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനാവശ്യമായ കൃഷ്ണശില മുഴുവന്‍ രാംജേഷ് എന്ന പര്‍വ്വതത്തില്‍ നിന്നും അടര്‍ത്തിക്കൊണ്ടു വന്നതാണ്. ക്ഷേത്രത്തിലേക്കു പ്രവേശിക്കാന്‍ നാലു വശത്തും കൂറ്റന്‍ വാതിലുകളുണ്ട്.
ചത്വരത്തിന്റെ മധ്യത്തിലുള്ള ക്ഷേത്രത്തില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങളാണ്. അവിടെയാണ് ആരാധനയും ആരതിയുമെല്ലാം. വില കൂടിയ മിന്നുന്ന വസ്ത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് വിഗ്രഹങ്ങള്‍. പ്രസിദ്ധമായ നാസിക് സില്‍ക്കിന്റെ നാട്ടില്‍ ത്രേതായുഗ നായികാനായകന്‍മാര്‍ അങ്ങിനെ തന്നെയാണ് നില്‍ക്കേണ്ടത്.
ഉച്ചപൂജയ്ക്കു മുന്നില്‍ തൊഴുതു നില്‍ക്കുമ്പോള്‍ എന്നെ ആകര്‍ഷിച്ചത് ശ്രീകോവിലിനു മുന്നിലെ തളത്തില്‍ മുഴങ്ങിയിരുന്ന യന്ത്രമണിയാണ്. ഓട്ടുമണികള്‍ നീളത്തില്‍ തൂക്കിയിടുന്ന ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ യന്ത്രമണി വൈദ്യുതോര്‍ജത്തിന്റെ സഹായത്തോടെ നിരന്തരം മുഴങ്ങികൊണ്ടിരിക്കുന്നു. ഭക്തിയിലെ യന്ത്രവത്കരണം. ത്രേതായുഗത്തില്‍ തന്നെ പുഷ്പകവിമാനം കണ്ടു ശീലിച്ച രാമന് പക്ഷേ ഇതൊരു പുതുമയായിരിക്കില്ല.
കാലാറാം ക്ഷേത്രം ചരിത്രത്തില്‍ മഹത്തായ ഒരു സമരത്തിന്റെ സ്മൃതിത്തട്ടാണ്. മാത്രമല്ല, അതിന് കേരളവുമായി ശക്തമായ ബന്ധവുമുണ്ട്. 1930-32 വര്‍ഷങ്ങളില്‍ ഡോ:അംബേദ്കര്‍ പ്രസിദ്ധമായ നാസിക് സത്യാഗ്രഹം നടത്തിയത് ഈ ക്ഷേത്രത്തിനു മുന്നിലാണ്. ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനത്തിനു വേണ്ടി നടത്തിയ ഈ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നതാകട്ടെ ഗുരുവായൂര്‍ സത്യാഗ്രഹവും. ബ്രിട്ടീഷ് ഗവണ്‍മെന്‍റിനോടും യാഥാസ്ഥിതിക വര്‍ഗ്ഗത്തിനോടും ഒരേ പോലെയാണ് അദ്ദേഹം പോരാടിയത്. ജാതീയമായ പ്രശ്‌നങ്ങള്‍ നമ്മുടെ നാട്ടിലേതിനേക്കാള്‍ രൂക്ഷമായ ഉത്തരേന്ത്യയില്‍ ആ ധീരന്‍ നടത്തിയ പോരാട്ടം ഒരു പക്ഷേ നമ്മുടേതിനേക്കാള്‍ തീവ്രമായിരുന്നിരിക്കും. അങ്ങിനെ പഞ്ചവടി ഒരേ സമയം ഇതിഹാസത്തിന്‍േറയും ചരിത്രത്തിന്‍േറയും ഭാഗമായി.
സൂര്യവംശജന്‍ തന്റെ ജീവിതത്തിലെ കഷ്ടകാണ്ഡങ്ങള്‍ കഴിച്ചുകൂട്ടിയ മണ്ണില്‍ നിന്നും മടങ്ങുമ്പോഴും ഉച്ചയായിരുന്നു. അപ്പോഴും ഗോദാവരിയില്‍ അപരിചിത തീര്‍ഥാടകര്‍ സ്‌നാനം തുടരുന്നു. ഘാട്ടുകളിലും ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും മന്ത്രോച്ചാരണങ്ങള്‍ നിലച്ചിട്ടില്ല. സംന്യാസിമാരും ഭിക്ഷാംദേഹികളും വഴിവാണിഭക്കാരും ഒരു പോലെ കലര്‍ന്ന് ലക്ഷ്യമില്ലാതെ അലയുന്നു. രാമായണം എന്ന സ്വര്‍ണ്ണനൂല്‍ എത്ര വിസ്മയകരമാം വിധത്തിലാണ് ഈ മഹാജനതയുടെ ആത്മാവിലൂടെ കടന്ന് പോകുന്നത് എന്നോര്‍ത്ത് ഞാന്‍ ഒരിക്കല്‍ക്കൂടി അത്ഭുതപ്പെട്ടു പോയി. രാമന്‍ നടന്ന ഈ വഴി തേടി വന്ന്, ഇതിഹാസഭൂമിയെ മറ്റൊരു യുഗത്തിന്റെ ഇങ്ങേയറ്റത്തു നിന്നെങ്ങിലും തൊടാന്‍ സാധിച്ചത് എന്റെ നിയോഗമാവാം. പഞ്ചവടി വിടും മുമ്പ് നാട്ടില്‍ നിന്നും ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നു: 'ഇവിടെ മഴ തുടങ്ങിയിരിക്കുന്നു.' വീടുകളിലും മനസ്സുകളിലും രാമകഥ പെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം.
മുഖപടം മാറ്റൂ, റെബേക്കാ..
Posted on: 22 Jun 2009
smouldering embers of passion
the tehzeeb and adab of nawabs linger on in cyberbad, home to the ethereal 'veiled rebecca'
ഹൈദരാബാദ്. കാഴ്ചകളുടെ നഗരസമൃദ്ധി. ഞാന്‍ തേടി നടന്നത്് പക്ഷേ അവളെ, അവളെ മാത്രം: എന്റെ പ്രിയപ്പെട്ട റെബേക്കയെ..
മോജി ഫിലിം സിറ്റിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വഴിയുടെ ഇരുവശത്തും വരണ്ടമേടുകളാണ്. കല്ലിന്റെ കുന്നുകളും ജലാംശം മുഴുവന്‍ വാര്‍ന്നുപോയ കാട്ടുചെടികളും ഏകാന്തതയും നിറഞ്ഞ്, അത് നീണ്ടു പോവുന്നു. മനുഷ്യരെ കാണുക അപൂര്‍വ്വം. മലകള്‍ക്കിടയില്‍ ഉഷ്ണക്കാറ്റ് വിങ്ങി നില്‍ക്കും. എത്ര തവണ ഞാനീ വഴിയിലൂടെ കടന്നു പോയിരിക്കുന്നു! എന്നിട്ടും, കാര്യമായൊന്നും കാണാനില്ലാഞ്ഞിട്ടും എനിക്കീ കാഴ്ച്ചകള്‍ മടുക്കുന്നില്ല! മനുഷ്യരെയും അവരുടെ ജീവിതത്തെയും കാണാന്‍ മാത്രമല്ല ഒരു യാത്രയും. ഭൂപ്രകൃതിയും ചരിത്രവും കാലാവസ്ഥയും മറ്റു ജന്തു പ്രപഞ്ചവുമെല്ലാം യാത്രികനെ സ്പര്‍ശിക്കുന്നു.
ആന്ധ്ര അതിന്റെ ഏകാന്തത കൊണ്ടും, ഹൈദരബാദ് പുരാതന ചരിത്ര ഗാംഭീര്യം കൊണ്ടുമാണ് എന്നെ വശീകരിച്ചത്. ഷൂട്ടിങിന് വരുമ്പോഴെല്ലാം ഡെക്കാണിന്റെ ഉഷ്ണക്കാറ്റിനെ (എനിക്കൊരിക്കലും സഹിക്കാനാവാത്തത്) മുറിച്ചുകടന്ന്, കോഹിനൂര്‍ രത്‌നം ശിരസ്സില്‍ ചൂടിയിരുന്ന ഹൈദരാബാദിലേക്ക് ഞാന്‍ കുതിച്ചെത്തുന്നു.
കൊല്‍ക്കത്ത പോലെ തന്നെ എനിക്ക് പ്രിയപ്പെട്ട നഗരമാണ് ഹൈദരാബാദ്. ചരിത്രത്തിന്റെ ഗന്ധം ഉള്ളതു കൊണ്ടായിരിക്കാം. പഴമയും പുതുമയും ചരിത്രവും വര്‍ത്തമാനവും വിവിധ മതവിശ്വാസങ്ങളും രാഷ്ട്രീയവും സിനിമയും കലര്‍ന്ന വിചിത്ര സമസ്യകളും എല്ലാം കൂടിച്ചേര്‍ന്നു കിടക്കുന്ന നഗരം. ചാര്‍മിനാറിന്റെ മുകളില്‍ കയറി നിന്നാല്‍ നഗരത്തിന്റെ മകുടങ്ങളും മിനാരങ്ങളും മാത്രമല്ല ചരിത്രത്തിന്റെ ചുവടുകളെ വലംവെച്ച് ഒഴുകി പോകുന്ന നിറഭേദങ്ങളുള്ള ജീവിതവും കാണാം. രാത്രിയിലെ ആ കാഴ്ച്ചകള്‍ അതിമനോഹരമാണ്. നാലു ഭാഗത്തും വീഥികള്‍. തൊട്ടപ്പുറത്തെ അതിപ്രശസ്തമായ വളകളുടെ തെരുവില്‍ നിറഞ്ഞൊഴുകുന്ന പര്‍ദ്ദാധാരിണികള്‍. അടുത്തു വരുമ്പോള്‍ മുഖത്തെ നേര്‍ത്ത വലയ്ക്കുളളിലൂടെ അവരുടെ കണ്ണുകള്‍ കത്തും. ഉടലിന്റെ സൗന്ദര്യം മുഴുവന്‍ ആ കണ്ണുകളില്‍ ഉരുക്കി ഒഴിച്ച് നിറച്ചിരിക്കുകയാണ് എന്നു തോന്നും. അവര്‍ കടന്നു പോകുമ്പോള്‍ പല പല പരിമളങ്ങളുടെ തെന്നല്‍.
ചാര്‍മിനാറിന് തൊട്ടപ്പുറത്ത് മെക്കാ മസ്ജിദ്. പുരാതന പള്ളി. മുമ്പ് അവിടെ സ്വതന്ത്രമായി വിഹരിക്കാമായിരുന്നു. കുറച്ച്കാലം മുമ്പുണ്ടായ ബോംബ് സ്‌ഫോടനത്തിന് ശേഷം, അതിന്റെ വാതിലുകള്‍ കര്‍ശനമായിരിക്കുന്നു. ചാര്‍മിനാറിന് മുകളില്‍ നിന്നും എന്നെ ഏറ്റവും അതിശയിപ്പിച്ച കഴ്ച്ച ഗോല്‍കൊണ്ട കോട്ടയുടെതാണ്. അംബരചുംബികളായ കെട്ടിടങ്ങള്‍ക്ക് നടുവിലൂടെ അങ്ങ് ദൂരെ ആ കോട്ട നീണ്ട് വളഞ്ഞ് കിടക്കുന്നു. സന്ധ്യാ പ്രകാശത്തില്‍ അത് വിഷാദകരമായ ഒരു ദൃശ്യമാണ്.
ആ കാഴ്ച്ച മനസ്സില്‍ വെച്ചു കൊണ്ടാണ് ഓരോ തവണയും ഹൈദരാബാദിലെത്തുമ്പോള്‍ ഗോല്‍കൊണ്ടയിലേക്ക് പോകുന്നത്. ഹൈദരാബാദ് നഗര കേന്ദ്രത്തില്‍ നിന്നും പതിനൊന്ന് കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഗോല്‍കൊണ്ട. 'ഗൊള്ള കൊണ്ട' എന്ന തെലുങ്ക് വാക്കില്‍ നിന്നാണ് ഗോല്‍കൊണ്ട ഉണ്ടായത്. ഇടയന്‍മാരുടെ കുന്ന് എന്നാണ് വാക്കിന്റെ അര്‍ത്ഥം. കടത്തനാടന്‍ അമ്പാടി ഷൂട്ട് ചെയ്യുമ്പോഴാണ് ഞാന്‍ ആദ്യമായി ഗോല്‍കൊണ്ട കാണുന്നത്.
നഗരത്തിന്റെ തിരക്കുകള്‍ വകഞ്ഞു വകഞ്ഞു ചെന്നാല്‍ വഴി ചെന്നു മുട്ടുക പടുകൂറ്റന്‍ കോട്ടവാതിലിന് മുന്നിലാണ്. ഇന്ത്യയിലെ വിവിധ കോട്ടകള്‍ കണ്ടിട്ടുണ്ടെങ്കിലും ഗോല്‍കൊണ്ടയുടെ കോട്ടവാതിലിന് മുന്നിലാണ് ഞാന്‍ സ്തംഭിച്ച് നിന്നിട്ടുള്ളത്. പേടിപ്പിക്കുന്ന കാഴ്ച്ചയാണത്. മരത്തില്‍ ഉരുക്കിന്റെ ആണികള്‍ തറച്ച ആ വാതില്‍ 'ഫത്തേഹ് ദര്‍വ്വാസ' (വിജയത്തിന്റെ കവാടം) എന്ന പേരിലാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. ഔറംഗസീബിന്റെ സൈന്യം ഈ വഴി കടന്നുവന്നതിന് ശേഷമാണ് കവാടത്തിന് ഇങ്ങനെയൊരു പേരുവീണത്. ഉരുക്കിന്റെ ആണികള്‍ കണ്ണിലേക്ക് വന്നു തറയ്ക്കുന്നത് പോലെ തോന്നും.
കവാടത്തില്‍ നിന്നും കോട്ടയിലേക്ക് ദീര്‍ഘമായ വഴിയാണ്. ആ വഴിയില്‍ ഇന്ന് വലിയൊരു ബസാര്‍ തന്നെ രൂപപ്പെട്ടിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ രത്‌ന വ്യാപാര കേന്ദ്രമായിരുന്നു ഒരു കാലത്ത് ഇവിടം. ഗോല്‍കൊണ്ടയിലെ രത്‌നഖനികളില്‍ വിളയുന്ന രത്‌നങ്ങള്‍ ഈ വഴിയോരങ്ങളിലിരുന്ന് തിളങ്ങി. വിവിധ ദേശങ്ങളില്‍ നിന്നും വ്യാപാരികള്‍ ഇവിടെ വന്നു. തലപ്പാവണിഞ്ഞ്, അംഗവസ്ത്രങ്ങള്‍ ധരിച്ച് അവര്‍ ഈ വഴികളിലൂടെ വിസ്മയത്തോടെ നടന്നിട്ടുണ്ടാവും. എന്റെ മനസ്സ് കാലത്തിന് ഏറെ പിറകോട്ട് പോയി. അവരിലൊരിലൊരാളായി ഞാനവിടെ നിന്നു. ഇരുട്ടിലും തിളങ്ങുന്ന രത്‌നങ്ങള്‍! അതില്‍ പ്രകാശിക്കുന്ന തെരുവ്. എന്തൊരു കാഴ്ച്ചയായരിക്കും അത്! സ്തംഭിച്ചു നില്‍ക്കുമ്പോള്‍ പിറകില്‍ നിന്നും ഒരു കാറിന്റെ ഹോണ്‍ മുഴങ്ങും. നമ്മുടെ കാലത്തിന്റെ കാഹളം.
തെരുവീഥികള്‍ കടന്ന്, കോട്ടയുടെ അകത്തു കടക്കുന്നതോടെ പുരാതന ഭാരതീയ നിര്‍മ്മാണ ചാതുരി അതിന്റെ സമസ്തസൗന്ദര്യത്തോടെയും മുന്നില്‍ വിടരും. മണ്‍വഴികള്‍ക്കിരുപുറവുമായി കല്ലില്‍ അസാമാന്യ നിര്‍മ്മിതികള്‍. കമാനഗൃഹങ്ങള്‍, നര്‍ത്തനമണ്ഡപങ്ങള്‍ (ന ര്‍ത്തന മണ്ഡപത്തിന്റെ അടിവശത്തായി തുളകള്‍ കാണാം. നൃത്തം നടക്കുമ്പോള്‍ കോഹിനൂര്‍ അടക്കമുള്ള രത്‌നങ്ങള്‍ അവിടെ വെച്ചിരുന്നു. ചെരാതുകളുടെ വെളിച്ചത്തില്‍ അവ തിളങ്ങും! നര്‍ത്തകിയുടെ ഉടലാകെ അതില്‍ നീരാടും! തൊട്ടപ്പുറത്തിരുന്ന് രാജാവ് അത് ആസ്വദിക്കും.) കോടതികള്‍, ശയ്യാ ഗൃഹങ്ങള്‍, ആഫ്രിക്കയില്‍ നിന്നു വരെ എത്തിയിരുന്ന മല്ലന്‍മാരും ഹിജഡകളും താമസിച്ചിരുന്ന സ്ഥലങ്ങള്‍, സൈന്യത്തിന്റെ ബാരക്കുകള്‍, വിവാഹ മണ്ഡപങ്ങള്‍, ജയിലുകള്‍, എങ്ങോട്ടൊക്കെയോ എത്തിക്കുന്ന തുരങ്കങ്ങള്‍. അങ്ങ് മുകളില്‍ രാജവിന്റെ ശയ്യാ ഗൃഹം. അവിടെ നിന്നാല്‍ കോട്ടമുഴുവന്‍ കാണാം. അതിനപ്പുറം ഡെക്കാന്റെ വിശാല ദേശങ്ങളും.
ഗോല്‍കൊണ്ടയില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചത് അതിന്റെ എന്‍ജിനിയറിംഗ് വൈദഗ്ധ്യമാണ്. ചില പ്രത്യേക സ്ഥലങ്ങൡ, മേല്‍ക്കൂരയ്ക്ക് തൊട്ടുതാഴെ നിന്ന് കയ്യടിച്ചാല്‍ നേരെ മുകളില്‍ നിന്ന് അത് പ്രതിധ്വനിക്കും. മേല്‍ക്കൂരയുടെ ലംബരേഖയില്‍ നിന്നും മാറി തൊട്ടപ്പുറത്തു നില്‍ക്കുന്നയാള്‍ക്ക് അത് കേള്‍ക്കാന്‍ സാധിക്കുകയുമില്ല. എന്നാല്‍ അങ്ങ് മുകളില്‍ ഒരു കിലോമീറ്ററപ്പുറത്ത് നില്‍ക്കുന്നയാള്‍ക്ക് വ്യക്തമായി അതു കേള്‍ക്കാം! ചിലയിടത്ത് ചുവരുകളോട് ചേര്‍ന്ന് നിന്ന് സംസാരിച്ചാല്‍ അങ്ങ് മുകളില്‍ രാജാവിന്റെ മുറിയില്‍ വരെ അതുകേള്‍ക്കാം! രഹസ്യമറിയാനുള്ള മാര്‍ഗ്ഗം. ആരെയും വിശ്വസിക്കാന്‍ സാധിക്കാതെ ജീവിച്ചു മരിക്കുക എന്നതാണ് ഓരോ രാജാവിന്റെയും വിധി എന്ന് ഈ കാഴ്ച്ചകള്‍ കാണുമ്പോള്‍ തോന്നുന്നു.
എന്നാല്‍ ഹൈദരാബാദില്‍ ഞാന്‍ ഏറ്റവും കാണാന്‍ ഇഷ്ടപ്പെടുന്നത് ഇതൊന്നുമല്ല. സലാര്‍ജങ് മ്യൂസിയം എന്ന വിസ്മയമാണ്. കണ്ടാലും കണ്ടാലും മതിവരാത്തത്്. മുസി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു അത്ഭുതശാല. ഇന്ത്യയിലെ മ്യൂസിയങ്ങളില്‍ മൂന്നാം സ്ഥാനമാണ് സലാര്‍ജങ്ങിന്. ഒറ്റമനുഷ്യന്റെ ശേഖരങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനവും.
ഹൈദരാബാദിലെ ഏഴാം നവാബിന്റെ പ്രധാനമന്ത്രിയായിരുന്ന നവാബ് മിര്‍ യുസഫ് അലി ഖാന്‍ സലാര്‍ജങ് മൂന്നാമനാണ് ഈ ശേഖരങ്ങളുടെ ഉടമസ്ഥനായിരുന്നത്. നാല്‍പ്പത്തിമൂവായിരത്തിലധികം കലാവസ്തുക്കളും അമ്പതിനായിരത്തിലധികം പുസ്തകങ്ങളും കയ്യെഴുത്ത് രേഖകളും ഇവിടെയുണ്ട്. ശില്‍പ്പങ്ങള്‍, ചെമ്പില്‍ കൊത്തിയ രൂപങ്ങള്‍, അലംകൃതമായ കല്ലില്‍ കൊത്തിയ രൂപങ്ങള്‍, മരത്തിലും ആനകൊമ്പിലും കൊത്തിയവ, ഗ്ലാസ്സില്‍ പതിപ്പിച്ചവ, പരവതാനികളില്‍ തുന്നിയവ അങ്ങിനെയങ്ങനെ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ശേഖരങ്ങള്‍ ആ കൂറ്റന്‍ കെട്ടിടത്തിന്റെ ചിതറികിടക്കുന്ന മുറികളില്‍ നൂറ്റാണ്ടുകള്‍ക്ക് സാക്ഷിയായിരിക്കുന്നു. ഔറംഗസീബിന്റെ വാളും നൂര്‍ജഹാന്റെയും ജഹാംഗീറിന്റെയും ഷാജഹാന്റെയും സ്വകാര്യ വസ്തുക്കളും ടിപ്പു സുല്‍ത്താന്റെ അംഗവസ്ത്രവും എല്ലാം ഇവയിലുണ്ട്. എല്ലാം ഒറ്റ മനുഷ്യന്‍ ശേഖരിച്ചത്. അദ്ദേഹം ആയുഷ്‌ക്കാലം കൊണ്ട് ശേഖരിച്ചതിന്റെ പകുതി പോലുമില്ലാ ഇവ എന്നാണ് പറയുന്നത്. പലതും കണ്ട് കിട്ടാതെ പോയി. ചിലത് മോഷ്ടിക്കപ്പെട്ടു. അവയ്ക്കു നടുവില്‍ നില്‍ക്കുമ്പോള്‍, ഞാന്‍ കൊച്ചിയിലെ വീട്ടിലെ എന്റെ കൊച്ചു മ്യൂസിയത്തെക്കുറിച്ചോര്‍ത്തുപോയി. എന്റെ പുരാവസ്തു പ്രണയം ഈ മനുഷ്യന് മുന്നില്‍ എത്ര ചെറുതാണ്.
പക്ഷേ ആ മുപ്പത്തിയെട്ട് ഗാലറികളില്‍ ഞാന്‍ തേടി നടന്നത്് അതൊന്നുമായിരുന്നില്ല. അവളെ, അവളെ മാത്രം: 'വെയില്‍ഡ് റെബേക്ക'. ലോകത്തിലെ ഏറ്റവും വിസ്മയകരമായ ശില്‍പ്പങ്ങളില്‍ ഒന്ന്. നടന്നു നടന്ന് ഒടുവില്‍ ഞാനവളുടെ മുന്നില്‍ എത്തി. പന്ത്രണ്ടാം നമ്പര്‍ ഗാലറിയില്‍ (അതോ പതിമൂന്നോ) അവള്‍ തനിച്ചു നില്‍ക്കുന്നു. ജിയോവാന്നി ബെന്‍സോണി എന്ന ഇറ്റാലിയന്‍ ശില്‍പ്പി ഒറ്റ മാര്‍ബിള്‍ കല്ലില്‍ തീര്‍ത്തതാണവളെ. മൂടുപടമിട്ടു നില്‍ക്കുന്ന അവളുടെ മുഖം അതിന്റെ നേര്‍മ്മയിലൂടെ പുറത്ത് കാണാം. എത്രമാത്രം നിഷ്‌ക്കളങ്കവും സുന്ദരവുമാണാ മുഖം! ചെമ്പകപ്പൂ പോലുള്ള വിരലുകള്‍, മൃദുവായ ശരീരം. ശില്‍പ്പത്തിലാണെങ്കിലും ജീവനോടെയാണെങ്കിലും ഇതു പോലൊരു സുന്ദരിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. ഒരടി മുന്നോട്ടോ പിന്നോട്ടോ മാറാനാകാതെ ഞാനവള്‍ക്ക് മുന്നില്‍ നിന്നു. നിമിഷങ്ങളോളം. അവളുടെ തുടയില്‍ ഒരു കറുത്ത പാടുണ്ട്. മാര്‍ബിളില്‍ പെട്ടുപോയ കറ. ശില്‍പ്പിക്കുപോലും അത് മാറ്റാന്‍ സാധിച്ചില്ല. പക്ഷേ, അവളുടെ സൗന്ദര്യത്തിന്റെ പ്രകാശത്തില്‍ ആ കറ മങ്ങി പോകുന്നു. ഹീബ്രൂ ബൈബിള്‍ പ്രകാരം റെബേക്ക ഇസഹാക്കിന്റെ പത്‌നിയാണ്. റെബേക്കയുടെ ഒന്നിലധികം ശില്‍പ്പങ്ങള്‍ ബെന്‍സോണി കൊത്തിയിട്ടുണ്ട്. അതില്‍ ഒന്നു മാത്രമാണ് സലാര്‍ജങ് മ്യൂസിയത്തിലേത്. മറ്റൊന്ന് അറ്റ്‌ലാന്‍റയിലെ ഹൈ മ്യൂസിയത്തിലും ബാക്കിയുളളത് മസാച്ചുസെറ്റ്‌സിലെ ബെര്‍ക് ഷെയര്‍ മ്യൂസിയത്തിലുമാണ് ഉളളത്. തീര്‍ച്ചയായും ബെന്‍സോണി അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചിരിക്കണം. അല്ലെങ്കില്‍ അവളില്‍ മയങ്ങാത്തവര്‍ ആരുണ്ട്?
ഹൈദരാബാദില്‍ നിന്ന് തിരിച്ചുപോകുമ്പോഴും അവളായിരുന്നു എന്റെ മനസ്സില്‍. മണ്ണിലും മേഘലോകത്തും അവള്‍മാത്രം. എന്റെ റെബേക്ക.
വിസ്മയത്തുമ്പത്ത്
Posted on: 22 Jun 2009
my heart n' soul
mohanlal on an old flame still able to arouse the embers of abiding love
യാത്രകള്‍ക്കായി ഒരവധിക്കാലം. നിങ്ങളുടെ ഈ വെക്കേഷന്‍ യാത്ര എങ്ങോട്ടാണ്? ലോകമെങ്ങും സഞ്ചരിച്ച എനിക്ക് കണ്ടിട്ടും മതിവരാത്ത, വീണ്ടും കാണാന്‍ കൊതിതോന്നുന്ന നഗരം ഒന്നേയുള്ളൂ, എന്റെ പ്രിയപ്പെട്ട കൊച്ചി! ഈ കാറ്റും കായലും സാന്ധ്യ ദൃശ്യങ്ങളും മറ്റെങ്ങും ഞാന്‍ കണ്ടിട്ടില്ല
ജലം നിറഞ്ഞയിടങ്ങള്‍ എപ്പോഴും എന്റെ സ്വപ്നങ്ങളില്‍ വന്നു പോവാറുണ്ട്. പുഴയായും കായലായും മുളങ്കൂട്ടങ്ങളും മുള്ളുവേലികളും അതിരിട്ട കുളങ്ങളായും ജലത്തിന്റെ ലോകം സ്വപ്നത്തില്‍ തിളങ്ങും. പക്ഷേ എന്റെ നാടായ തിരുവനന്തപുരത്തിന് ഈ സൗഭാഗ്യം ഏറെയില്ല. ശംഖുമുഖത്തോ കോവളത്തോ ചെന്നാല്‍ കടല്‍ കാണാം. പക്ഷേ, കടലില്‍ എപ്പോഴും ജലത്തിന് രൗദ്രഭാവമാണ്. അതിന്റെ അപാരത നമ്മെ പേടിപ്പെടുത്തും. എന്റെ ജല സ്വപ്നങ്ങളില്‍ പേടിയില്ല, നിറയെ പ്രണയമാണ്.
കൊച്ചിയിലെത്തുമ്പോള്‍ ഓരോ തവണയും എന്റെ സ്വപ്നം യാഥാര്‍ഥ്യമാവുന്നു. സ്വപ്നത്തിലെ ജലാശയത്തിന്റെ തണുപ്പില്‍ എന്റെ രാത്രികള്‍ സുന്ദരമാവുന്നു.
വിശ്രമകാലത്ത് (അങ്ങിനെയൊന്നുണ്ടാവുമോ? ) ശാന്തമായിരിക്കാന്‍ ഒരു വീട് വേണം എന്ന് തീരുമാനിച്ചപ്പോള്‍ ആദ്യമായും അവസാനമായും എന്റെ മനസ്സില്‍ വന്നത് കൊച്ചിയായിരുന്നു. കാരണം മനോഹരമായ കായലിന്റെ സാമീപ്യം തന്നെ. കൊച്ചിയില്‍ ആദ്യം വന്ന ദിവസം മുതല്‍ കായലുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അതിലെ പുലരികളും സന്ധ്യകളും, നിരന്തരം അത് ശ്വസിക്കുന്ന തണുത്ത കാറ്റും ചന്തമേറിയ ചീനവലകളും ദേശാന്തരങ്ങള്‍ താണ്ടി തളര്‍ന്ന്, ഒന്നിത്തിരി വിശ്രമിക്കാന്‍ കിടക്കുന്ന കപ്പലുകളും അവയെ ചുറ്റിപ്പോകുന്ന യാത്രാബോട്ടുകളും രാപകലുകളില്ലാതെ അലയുന്ന കൊതുമ്പു വള്ളങ്ങളും നിറഞ്ഞ വിസ്മയലോകം. അതിന്റെ തീരത്ത് 'വിസ്മയം' എന്ന പേരില്‍ത്തന്നെ ഞാനൊരു കൂടുവെച്ചു. അവിടെയിരുന്ന് ഞാന്‍ കൊച്ചിയെ കണ്‍നിറയെ കണ്ടുകൊണ്ടിരിക്കുന്നു... ഇപ്പോഴും, എപ്പോഴും.
കലങ്ങിക്കിടക്കുന്ന ഒരു ലോകമാണ് കൊച്ചി എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. പല പല സംസ്‌കാരങ്ങളും തനിമകളും ചേര്‍ന്ന ദേശം. ചരിത്രം തന്നെയാണ് അതിനെ അങ്ങിനെയാക്കിയത്. കുലശേഖര പെരുമാളും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടീഷുകാരും വാണ കൊച്ചി, എല്ലാവരില്‍ നിന്നും എന്തൊക്കെയോ സ്വീകരിച്ചിരിക്കണം. അങ്ങിനെ അറബിക്കടലിന്റെ റാണിയുടെ രക്തം സമ്മിശ്ര സംസ്‌കൃതിയുടേതായി. ഈ തീരത്തിന് ആരും അന്യരല്ല. എല്ലാവരേയും അവള്‍ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു. അനുപമമായ ആതിഥേയത്വമാണ് കൊച്ചിയുടെ മുഖപ്രസാദം.
നഗരത്തെ കാടുമായി പലരും ഉപമിക്കാറുണ്ട്. 'നഗരകാന്താരം' എന്ന പ്രയോഗം അങ്ങിനെ വന്നതാണ്. ഒരു പാട് നിഗൂഢതകളെ ഒളിപ്പിച്ചു വച്ച് ഹിംസ്ര മൃഗങ്ങള്‍ പതിയിരിക്കുന്ന കാടു പോലെ നഗരം എന്നാണ് ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ആണ്. എന്നാല്‍, എന്റെ മനസ്സ് എപ്പോഴും തിരയുന്നത് കാടിന്റെ സൗന്ദര്യങ്ങളിലാണ്. വന്‍മരങ്ങളും പേരറിയാത്ത പുഷ്പങ്ങളും ഔഷധങ്ങളും പൊയ്കകളും ഉള്‍ക്കൊള്ളുന്ന കാട്. നഗരത്തിന്റെ ഇരുണ്ട ഇടങ്ങളിലേക്ക് നോക്കാതെ ഞാന്‍ സൗന്ദര്യത്തില്‍ കണ്ണു വെയ്ക്കുന്നു.
ഏതിടത്തിന്‍േറയും സൗന്ദര്യം അതിന്റെ പ്രഭാതങ്ങളിലും സന്ധ്യകളിലുമായിരിക്കും. ശാന്തമായി കൊച്ചിയെ ഒന്നാസ്വദിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തതും ഒരു പുലരി തന്നെ.
തേവരയില്‍ എന്റെ വീടിനു മുന്നിലെ കായല്‍പ്പരപ്പില്‍ വെട്ടം വീണു തുടങ്ങുന്നേയുള്ളു. ഒരു കപ്പ് ചായയുമായി അതിന്റെ തീരത്തു നില്‍ക്കുമ്പോള്‍ എവിടെ നിന്നോ പുറപ്പെട്ട് എങ്ങോട്ടോ നീങ്ങുന്ന തോണികളും ബോട്ടുകളും. അവരില്‍ ആരൊക്കെയോ എന്നെ തിരിച്ചറിഞ്ഞു. പുഞ്ചിരിയോടെ ഒരു കൈവീശല്‍, ഞാന്‍ തിരിച്ചും. ഒരു നല്ല ദിനം തുടങ്ങാന്‍ ഇതിലും നല്ല ശുഭ ചിഹ്നമേത്?
മറൈന്‍ഡ്രൈവാണ് കൊച്ചിയുടെ കസവുകര. ഫുട്പാത്തില്‍ പ്രഭാതസവാരിക്കാരുടെ തിരക്കാണ്. പല രീതിയില്‍ പലതരത്തില്‍ ഉത്സാഹിച്ച് നടക്കുന്നവര്‍. ചിലര്‍ നടത്തത്തിനു ശേഷം മരച്ചുവട്ടിലിരുന്ന്, തണുത്ത കാറ്റേറ്റ് ശേഷിച്ച ഉറക്കം തീര്‍ക്കുന്നു. മഴവില്‍ പാലത്തിനു മുകളില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ കൊച്ചി നഗരത്തിനും കായലിനും നടുവില്‍ ഒരു ബിന്ദുവായതു പോലെ. ഉദയപ്രകാശത്തില്‍ നഗരം മുഴുവന്‍ ചുവന്നു കിടന്നു. കായലിന്റെ കവിളും തുടുത്തിരിക്കുന്നു.
'ക്രീക്ക് ക്രൂസ്' എന്ന ഒരു വിനോദസഞ്ചാരയാനത്തിലായിരുന്നു എന്റെ ജലയാത്ര. കൊച്ചിയില്‍ ഇപ്പോഴത്തെ ട്രെന്‍ഡ്, ക്രൂസ് ടൂറിസമാണത്രെ. അതിരാവിലെ മറൈന്‍ ഡ്രൈവ് ജെട്ടിയില്‍ എത്തുമ്പോള്‍ തന്റെ ക്രൂസുമായി മനോജ് റെഡി.
ഈ കായലില്‍ എത്രയോ തവണ ഷൂട്ടിങ്ങിനായി സ്പീഡ് ബോട്ടില്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ, അപ്പോഴൊന്നും ചുറ്റുപാടുകള്‍ കണ്ടിട്ടേയില്ലായിരുന്നു. അത്രയ്ക്ക് അധ്വാനമായിരുന്നു. എന്നാല്‍ ഇത്തവണ, ക്രൂസ് കരയുടെ പിടിയില്‍ നിന്നടര്‍ന്ന് കായലിന്റെ നെഞ്ചിലേക്ക് കയറിയതോടെ, കൊച്ചി അതിന്റെ സര്‍വ്വ പ്രൗഢിയോടെയും മുന്നില്‍ വിടര്‍ന്നു. ഗ്രാഫുകള്‍ പോലെ കൂറ്റന്‍ കെട്ടിടങ്ങള്‍. അവയ്ക്കിടയിലൂടെ, ഇരമ്പിയുണര്‍ന്നു വരുന്ന നഗരത്തിന്റെ ഇളക്കങ്ങളും കാഴ്ചകളും.
ഈ കെട്ടിടങ്ങള്‍ ഒന്നുമില്ലാതെ ഇവിടം വെറും ചതുപ്പായി കിടക്കുമ്പോള്‍ ഞാന്‍ ഇവിടെ ഷൂട്ടിങ്ങിന് വന്നിട്ടുണ്ട്. 'എന്റെ മാമാട്ടിക്കുട്ടിയമ്മ'യും 'ഓര്‍ക്കാപ്പുറത്തും' 'രാജാവിന്റെ മകനു'മൊക്കെ ഇവിടെയാണ് ഷൂട്ട് ചെയ്തത്. ആ ചതുപ്പിലാണ് ഇന്ന് വെട്ടിത്തിളങ്ങുന്ന കെട്ടിടങ്ങള്‍ നില്‍ക്കുന്നത്.
കായലിന്റെ അകത്തേക്കു കയറിക്കഴിഞ്ഞാല്‍ അവിടെ മറ്റൊരു ജീവിതം പുലരുന്നത് കാണാം. കൊതുമ്പു വള്ളത്തില്‍ തുഴഞ്ഞു പോകുന്ന മത്സ്യബന്ധനത്തൊഴിലാളികളും കടത്തുബോട്ടില്‍ ഒരു ദിവസത്തിന്റെ തിരക്കുകളിലേക്ക് കുതിക്കുന്ന മനുഷ്യരും. അവയ്ക്കരികില്‍, അവിടവിടെ യോട്ടുകള്‍. വല്ലാത്തൊരു ജീവിതമാണ് ഈ യോട്ടുകള്‍ക്കുള്ളില്‍. ജലത്തിലെ ജിപ്‌സികളാണവര്‍. ഒരിടത്തും സ്ഥിരമായി തങ്ങാതെ ഒഴുകിക്കൊണ്ടേയിരിക്കുന്നവര്‍. ഒരു തീരവും അവര്‍ക്ക് സ്വന്തമല്ല, ഒരു ഭൂമിയും ദേശവും അവരുടേതല്ല. ആ ജീവിതത്തില്‍ വല്ലാത്തൊരു സുഖവും കാവ്യാത്മകതയുമുണ്ട്; ഒരുപക്ഷേ ഉള്ളിലടക്കിപ്പിടിച്ച ദുഃഖവുമുണ്ടായിരിക്കാം.
ലോകത്തിന്റെ പല രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപിനോളം സുന്ദരമായ ഒരിടം ഞാന്‍ അപൂര്‍വ്വമായി മാത്രമേ കണ്ടിട്ടുള്ളു, കായലോളത്തിന്റെ കവിളില്‍ ഒരു പച്ചപ്പൊട്ട്. അതിലെ പ്രണയത്തിന്റെ വീടുകള്‍ (ഹണിമൂണ്‍ കോട്ടേജിനെ അങ്ങിനെ വിളിക്കാം എന്നു തോന്നുന്നു). ബോള്‍ഗാട്ടി എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്. ഏതു ഭാഷയിലേതാണ് ആ പദം? നൂറ്റാണ്ടുകളുടെ യാത്രയില്‍ ഏതോ വിദൂരദേശ യാത്രികന്‍ ഇട്ടു പോയ പേരായിരിക്കുമോ അത്? പല വഴിയ്ക്കന്വേഷിച്ചപ്പോള്‍ ഒടുവില്‍ ഉത്തരം കിട്ടി: മുളവുകാട് എന്ന സ്ഥലപ്പേരിന് ഡച്ചുകാര്‍ ഉച്ചരിച്ചതാണ് ബോള്‍ഗാട്ടി. (1744-ല്‍ ഡച്ചുകാരാണ് ബോള്‍ഗാട്ടി പാലസ് നിര്‍മിച്ചത്. പിന്നീട് ബ്രിട്ടീഷുകാര്‍ ഏറ്റെടുത്തു.)
ബോള്‍ഗാട്ടിയെ ഇപ്പോഴുള്ളതിലും മനോഹരമായും ഉപയോഗപ്രദമായും മാറ്റാം എന്ന് എപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം സൗന്ദര്യത്തിന്റെയും ശാന്തതയുടേയും മര്‍മ്മസ്ഥാനത്താണ് അതിന്റെ കിടപ്പ്. ആ സാധ്യതയുടെ നൂറിലൊരംശംപോലും നാം ഇപ്പോള്‍ ഉപയോഗിക്കുന്നില്ല.
ഞങ്ങളുടെ ക്രൂസ്, നങ്കൂരമിട്ടുകിടക്കുന്ന ഒരു കപ്പലിനെ ചുറ്റിക്കടന്നു പോയി. കപ്പലുകളുടെ കാഴ്ച എന്നെ എപ്പോഴും ഉന്‍മത്തനാക്കാറുണ്ട്. എത്രയെത്ര ദൂരങ്ങളുടെ കാറ്റുകളിലും കാഴ്ചകളിലൂടെയുമാണ് ഓരോ കപ്പലും കടന്നു പോകുന്നത്! എത്രയെത്ര തീരങ്ങള്‍! എന്തു മാത്രം പ്രതിസന്ധികള്‍! അതിന്റെ വിശ്രമത്തില്‍ പോലും എല്ലാം കണ്ടറിഞ്ഞതിന്റെ ഒരു ഉള്‍ക്കരുത്തുണ്ട്. കപ്പല്‍ കാണുമ്പോള്‍ എപ്പോഴും ഞാന്‍ ടൈറ്റാനിക്കിനെ ഓര്‍ക്കും. അല്ലെങ്കില്‍ ആര്‍ക്കാണ് അത് ഓര്‍ക്കാതിരിക്കാന്‍ സാധിക്കുക! കടലിലൊഴുകുന്ന ഒരോ കപ്പലും വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ആ ദുരന്തത്തെ പേടിയോടെ മനസ്സില്‍ പേറുന്നുണ്ട്.
ആ ദുരന്തം അതിന്റെ യാഥാര്‍ഥ്യത്തെ അതിശയിക്കുന്ന വിധത്തില്‍ സിനിമയാക്കിയ ജെയിംസ് കാമറൂണ്‍ അടുത്തിടെ പറഞ്ഞു: ഇനിയൊരു സിനിമ ചെയ്യാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല. എന്റെ ആയുസ്സിന്റെ നീണ്ട ഇരുപതു വര്‍ഷമാണ് ടൈറ്റാനിക്ക് കവര്‍ന്നത്! അത്രയ്ക്ക് യത്‌നമായിരുന്നു ആ സിനിമയുടെ നിര്‍മ്മാണം. അതിനേക്കാള്‍ മുകളിലല്ലാതെ കാമറൂണിന് ഇനിയൊരു സിനിമ ചെയ്യുക സാധ്യമല്ല. എല്ലാ കലാകാരന്‍മാരും അനുഭവിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണത്. അവനവന്റെ പ്രതിഭയും യത്‌നവും തന്നെയാണ് ഇവിടെ അയാളുടെ എതിരാളികള്‍.
വെയിലിന്റെ നിറം കായലില്‍ വീഴുന്നത് കണ്ടുനില്‍ക്കുക സുഖകരമായ അനുഭൂതിയാണ്. ഓളപ്പരപ്പുകള്‍ വെട്ടിത്തിളങ്ങും. തണുത്ത കാറ്റില്‍ നേരിയ ചൂടു കയറും. ദൂരെ ജലോപരിതലത്തില്‍ പ്രകാശത്തിന്റെ നേര്‍രേഖ തെളിയും.
ഉയരുകയും താഴുകയും ചെയ്യുന്ന ചീനവലകളുടെ താളാത്മകത അറിഞ്ഞേ ഫോര്‍ട്ട്‌കൊച്ചിയിലേക്ക് പ്രവേശിക്കാനാവൂ. ചരിത്രം ഇവിടെ ചീനവലകളില്‍ കുരുങ്ങികിടക്കുന്നു. വല പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ കറുത്തിരുണ്ട ശരീരത്തില്‍ താളത്തോടെ ഒഴുകി നീങ്ങുന്ന മസിലുകള്‍. അവര്‍ ആരെയും ശ്രദ്ധിക്കുന്നില്ല. ജോലി അവര്‍ക്കൊരു മൂര്‍ഛയാണെന്ന് തോന്നി. അവര്‍ക്കു പിറകില്‍, വ്യത്യസ്തമായ ജീവിതവും ചരിത്രവും കലര്‍ന്ന ഭൂമിക. സമ്പന്നവും സംഭവബഹുലവുമായ ഒരു കാലം ഒഴിഞ്ഞു പോയെങ്കിലും ഏതൊക്കെയോ അടയാളങ്ങള്‍ ഈ മണ്ണില്‍ ശേഷിക്കുന്നു.
കൊച്ചി എനിയ്ക്ക് കാഴ്ചയും സ്വപ്നവും മാത്രമല്ല. രുചി കൂടിയാണ്. ഭക്ഷണത്തിനും രുചിയ്ക്കും ഏറെ പ്രാധാന്യം നല്‍കുന്ന പ്രകൃതമായതു കൊണ്ടായിരിക്കണം എത്തിപ്പെടുന്ന സ്ഥലങ്ങളിലെ രുചിയും ഞാന്‍ ആസ്വദിക്കാറുണ്ട്. ജീവിതത്തിനും സംസ്‌കാരത്തിനും അനുസരിച്ചായിരിക്കും രുചിയും രൂപപ്പെടുക. സംസ്‌കാരങ്ങള്‍ ഒഴുകിപ്പോയ കൊച്ചിയുടെ രസനയില്‍, ഒരു പാട് രുചികള്‍ ശേഷിച്ചു. നാളികേരമരച്ചുചേര്‍ത്ത കേരള ഭക്ഷണം മുതല്‍ ചൈനയുടെ അതിവിചിത്ര സ്വാദ്് വരെ.
കൊച്ചി പകര്‍ന്ന ആതിഥ്യ മര്യാദയും രുചിയുമാണ് ട്രാവന്‍കൂര്‍ കോര്‍ട്ട് എന്ന പേരില്‍ ഒരു ഹോട്ടല്‍ കൊച്ചിയില്‍ തുടങ്ങാന്‍ എനിക്കും സുഹൃത്ത് മുഹമ്മദ് അഷറഫിനും പ്രേരണയായത്. വിവിധ രുചികള്‍ ഞങ്ങള്‍ അവിടെ വിളമ്പുന്നു. ഭക്ഷണത്തിന് രുചിയുണ്ടാവണമെങ്കില്‍ അതിനു പിന്നില്‍ ഒരു മനസുമുണ്ടാവണം എന്ന് പറയാറുണ്ട്. തുറമുഖ നഗരം വിളമ്പുന്ന നന്‍മയാണ് ഞങ്ങള്‍ ഈ വിഭവങ്ങളിലൂടെ പകരുന്നത്.
വെയില്‍ വളര്‍ന്നു തുടങ്ങുമ്പോഴേക്കും മടങ്ങാന്‍ നേരമായി. അങ്ങ് ദൂരെ നഗരം ഉണര്‍ന്നു കഴിഞ്ഞു. കരയോടിണങ്ങിക്കിടന്നിരുന്ന ബോട്ടുകള്‍ കെട്ടഴിഞ്ഞ് കായലില്‍ ചിതറി. ഒരു ദിവസത്തിന്റെ സാധ്യതകള്‍ തേടി ജീവിതം വീണ്ടും ചലിച്ചു തുടങ്ങി. ,
അതിര്‍ത്തിയിലെ രാപ്പകലുകള്‍
Posted on: 13 Feb 2009
along LOC
ഇന്ത്യ-പാക് യുദ്ധ ഭൂമിയിലൂടെ, സുരൂനദീ തീരത്തിലൂടെ, അതിര്‍ത്തിയിലെ ജീവിതങ്ങളറിഞ്ഞ് 'യാത്ര'ക്കുവേണ്ടി മോഹന്‍ലാല്‍ നടത്തിയ സഞ്ചാരം
കുരുക്ഷേത്ര' എന്ന സിനിമയ്ക്ക് ഡേറ്റ് കൊടുക്കുമ്പോള്‍ ഞാന്‍ സംവിധായകനായ മേജര്‍ രവിയോട് ചോദിച്ചു, 'മേജര്‍സാബ് നമ്മള്‍ ഇത് എവിടെയാണ് ഷൂട്ട് ചെയ്യുന്നത് ?
'കാര്‍ഗിലില്‍, ഇന്ത്യയുടെ കുരുക്ഷേത്രയുദ്ധം നടന്ന അതേ മണ്ണില്‍, മലവഴികളില്‍.' മേജര്‍ പറഞ്ഞു.
എപ്പോഴും പുതിയ കാഴ്ചകളിലേക്കും അനുഭവങ്ങളിലേക്കും സഞ്ചരിച്ചു കൊണ്ടിരിക്കാന്‍ കൊതിക്കുന്ന എന്റെ മനസ്സ് അത് കേട്ട മാത്രയില്‍ സജീവമായി.
പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ ദീര്‍ഘവും ദുര്‍ഘടവുമായ ആ സ്ഥലത്തെയും അതിന്റെ വഴികളെയും സങ്കല്‍പ്പിച്ചു. വെറുതേ ഒരു രസം. കണ്ണടച്ചാല്‍ മഞ്ഞിന്‍ ശിഖരങ്ങള്‍, അരുവികളുടെ ശബ്ദം, പൂക്കളുടെ താഴ്‌വരകള്‍, പോപ്ലാറും പൈനും അതിരിടുന്ന ചെറുവനങ്ങള്‍. ഹിമാലയ നിശബ്ദത.
ആ സങ്കല്‍പ്പലോകത്തേക്കാണ് ഞാന്‍ ശ്രീനഗറില്‍ നിന്നു യാത്ര തുടങ്ങിയത്.
അമര്‍നാഥ് ക്ഷേത്രത്തിന് ഭൂമി കൊടുത്തതിനെച്ചൊല്ലി സംഘര്‍ഷഭരിതമായ ശ്രീനഗര്‍ നഗരത്തില്‍ നിന്ന് പുറത്ത് കടന്ന് പര്‍വ്വതത്തിന്റെ വഴികളിലേക്ക് കയറിയപ്പോള്‍ ആശ്വാസം. തിളങ്ങുന്ന മഞ്ഞുമലകളും തെളിഞ്ഞ വെയിലില്‍ കുളിച്ചൊഴുകുന്ന അരുവികളുടെ കാഴ്ച്ചകളും കണ്ടു തുടങ്ങി. ഭൂമിയില്‍ സ്വര്‍ഗ്ഗമുണ്ടെങ്കെല്‍ അതിതാണ്, അതിതാണ് എന്ന വരികളെ സാധൂകരിക്കുന്നു കാശ്മീര്‍ ദേശം. പക്ഷെ മനുഷ്യര്‍ ഭ്രാന്തമായ പ്രവൃത്തികള്‍ കൊണ്ട് അതിനെ നിഷേധിക്കുകയും ചെയ്യുന്നു. കവിതയ്ക്കു മുകളിലൂടെ അര്‍ത്ഥശൂന്യമായ, ലജ്ജിപ്പിക്കുന്ന കൊലവിളികള്‍ മുഴങ്ങുന്നു.
സോനാമാര്‍ഗ്ഗ് വരെയുള്ള ഹൃദയഹാരിയായ യാത്രകഴിഞ്ഞാല്‍ റോഡ് വളഞ്ഞ് പുളഞ്ഞ് മുകളിലേക്ക് കയറാന്‍ തുടങ്ങും. പ്രശസ്തമായ സോജിലാപാസിലേക്കുള്ള പര്‍വ്വതത്തിന്റെ പിരിയന്‍ ഗോവണികള്‍. 3450 മീറ്റര്‍ ഉയരത്തിലേക്ക് അരിച്ചരിച്ചുള്ള ആരോഹണം.
'ക്യാപ്്ടന്‍ ബെന്‍ഡുകള്‍' (*aydalr Ghreo) എന്നാണ് ഈ വളവുകള്‍ അറിയപ്പെടുന്നത്. ഈ വഴികളില്‍ മരിച്ചു വീണ, ബോര്‍ഡര്‍ ഓര്‍ഗനൈസേഷനിലെ ഒരു ക്യാപ്ടന്റെ സ്മരണയ്ക്കാണ് ഈ നാമകരണം. ഫിര്‍ മരങ്ങളുടെയും ബിര്‍ച്ച് മരങ്ങളുടെയും നിരയാണ് സോജിലാപാസിനെ അലങ്കരിക്കുന്നത്. എവിടെയൊക്കെയോവെച്ച് സിന്ധുനദിയെ കണ്ടു. അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള വഴിപിരിഞ്ഞ് പോകുന്നതും കണ്ടു. ആറ് മാസം മാത്രമാണ് ഈ വഴിയിലൂടെ ഗതാഗതം. ശേഷിച്ച അര്‍ദ്ധവര്‍ഷം മഞ്ഞ് നിറഞ്ഞ് ഇത് അടഞ്ഞ് കിടക്കും. തപാലുരുപ്പടികള്‍ കൊണ്ടുപോകുന്നവരും ചില പോര്‍ട്ടര്‍മാരും മാത്രം ജീവന്‍ പണയം വെച്ച് ഈ വഴികളിലൂടെ കടന്നുപോകും.
സോജിലാപാസ് തീരുന്നതോടെ പര്‍വ്വതങ്ങളില്‍ നിന്ന് പച്ചപ്പും മഞ്ഞും മാഞ്ഞ് പോകുകയും പകരം വരണ്ട പാര്‍ശ്വങ്ങള്‍ തെളിയുകയും ചെയ്യുന്നു. നല്ല ചൂട്. ദ്രാസ് നദിയുടെ കാഴ്ച്ച. സൈബീരിയ കഴിഞ്ഞാല്‍ ലോകത്തില്‍ മനുഷ്യര്‍ പാര്‍ക്കുന്ന അതിശൈത്യ പ്രദേശമാണ് ദ്രാസ്. കാര്‍ഗില്‍ യുദ്ധത്തിലെ ഒരു പ്രധാന മര്‍മ്മ കേന്ദ്രം. അതിലൂടെ കടന്ന് പോകുമ്പോള്‍ രാജ്യത്തിനുവേണ്ടി ഈ മണ്ണില്‍ മരിച്ചു വീണ അതിധീരരായ ജവാന്‍മാര്‍ക്ക് ഞാന്‍ മനസ്സു കൊണ്ട് പുഷ്പാര്‍ച്ചന ചെയ്തു.
ഒരു പകല്‍ ഒടുങ്ങുമ്പോഴാണ് കാര്‍ഗിലില്‍ എത്തിയത്. വാച്ചില്‍ സമയം ഏഴര കഴിഞ്ഞിരിക്കുന്നു. പക്ഷെ ഇരുട്ട് വീണിട്ടില്ല. മങ്ങി തുടങ്ങിയ വെളിച്ചത്തില്‍ കാര്‍ഗിലിനെ ഞാന്‍ കണ്‍നിറയെ കണ്ടു. ഇരമ്പി ഒഴുകുന്ന സുരു നദിക്കപ്പുറവും ഇപ്പുറവുമായി ഒരു ചെറിയ ആവാസകേന്ദ്രം.
ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ മുകള്‍ നിലയില്‍ നിന്നാല്‍ രാത്രി അരണ്ടവെളിച്ചത്തില്‍ കുടുതല്‍ ശക്തിയോടെ കുതിച്ചൊഴുകുന്ന നദി ഒരു മിന്നായം പോലെ കാണം. ജനങ്ങള്‍ ഉറക്കത്തിലേക്ക് വീണ് താഴ്‌വര നിശബ്ദതയില്‍ മുങ്ങുമ്പോള്‍ വിദൂരമായ താരാട്ടുപോലെ നദിയുടെ ഒഴുക്കിന്റെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം. അന്നു രാത്രി അതുകേട്ട് ഞാനുറങ്ങി.
നടന്നു കാണുമ്പോഴാണ് ഒരു നാടിന്റെ ജീവിതത്തുടിപ്പുകളും താളവും സംസ്‌കാരവും ഏറ്റവും നന്നായി മനസ്സിലാവുക . എനിക്ക് പലപ്പോഴും അതിന് സാധിക്കാറില്ല. കാര്‍ഗിലില്‍ ഞാന്‍ ഒരു അജ്ഞാതനായതിനാല്‍ എത്ര നേരം വേണമെങ്കിലും കറങ്ങി നടക്കാനുള്ള അവസരം കിട്ടി. ഞാന്‍ അത് നന്നായി ഉപയോഗിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ ഞാന്‍ നടക്കാനിറങ്ങും.
മിതമായ വേഗത്തില്‍ നടന്നാല്‍ ഒന്നര മണിക്കൂര്‍ കൊണ്ട് കണ്ടു തീര്‍ക്കാവുന്നതേയുള്ളു കാര്‍ഗില്‍. കടകളുടെയും പട്ടാള ബാരക്കുകളുടെയും ഇടയിലൂടെ, പുഴയോരത്തുകൂടെ, ഗോതമ്പു വയലുകള്‍ക്കു നടുവിലൂടെ പോകുന്ന വൃത്തിയുള്ള വഴികള്‍. കൂട്ടത്തോടെ സഞ്ചരിക്കുന്ന സുന്ദരികളായ സ്ത്രീകള്‍. അവരുടെ ഉറുദു കലര്‍ന്ന കാശ്മീരി മൊഴി.
ഇസ്ലാം മതവിശ്വാസികളാണ് കാര്‍ഗിലില്‍ ഭൂരിഭാഗവും. കൃത്യമായി പറഞ്ഞാല്‍ ഒരു ഹിന്ദു കുടുംബവും രണ്ടു സിഖ് കുടുംബങ്ങളുമാണ് ഈ കൊച്ചു പട്ടണത്തില്‍ ആകെയുള്ളത്. ബാക്കി മുഴുവന്‍, അഞ്ചുനേരം നിസ്‌ക്കരിക്കുന്നവര്‍. അഫ്ഗാന്‍ ശൈലിയിലുള്ള നീളന്‍ കുപ്പായവും ചെമ്പന്‍ താടിയും പരുപരുത്ത മുഖവുമുള്ള മനുഷ്യര്‍. മദ്യം നിഷിദ്ധമാണ് ഈ താഴ്‌വരയ്ക്ക്. പച്ചക്കറിയും ഗോതമ്പും ബാര്‍ലിയും പ്രധാന കൃഷിയാവുമ്പോഴും മാംസഭക്ഷണം ഇവര്‍ക്ക് പ്രിയം.
ദിവസങ്ങള്‍ കഴിയുന്നതിനനുസരിച്ച് പ്രഭാതസവാരിക്കിടെ കണ്ടുമുട്ടുന്ന മുഖങ്ങള്‍ എനിക്കു പരിചിതമായി. ഞങ്ങള്‍ പുഞ്ചിരികള്‍ കൈമാറി. ചിലപ്പോള്‍ ഒന്നിച്ചു നടന്നു. അവരുടെ സംസാരത്തില്‍ നിന്നും കാര്‍ഗിലിനെ കുറിച്ചും അതിന്റെ ജീവിതത്തെക്കുറിച്ചും അവര്‍ അനുഭവിച്ച യുദ്ധത്തെക്കുറിച്ചും ഞാന്‍ അറിഞ്ഞു.
നിത്യവും കണ്ടു പരിചയിച്ച മുഹമ്മദ് ബാഖിര്‍ ആണ് സുരു നദിയെക്കുറിച്ചും അതിന്റെ ഇരു കരകളെയും ബന്ധിപ്പിക്കുന്ന 'ഇഖ്ബാല്‍ പാല'ത്തെക്കുറിച്ച് എന്നോടു പറഞ്ഞത്.
കാര്‍ഗിലില്‍ തടങ്ങളിലെ പച്ചപ്പിനെ നനച്ച് പാകിസ്താനിലേക്ക് പോകുന്ന നദിയാണ് സുരു. ഇഖ്ബാല്‍ സിങ് എന്ന പട്ടാളക്കാരനായിരുന്നു ഈ നദിക്കു കുറുകെ പാലം പണിയാനുള്ള ചുമതല. അയാള്‍ അത് വൃത്തിയായി ചെയ്തു. ഒടുവില്‍ 1954ല്‍ പണി പൂര്‍ത്തിയാവുന്ന ദിവസം ആ ജവാന്‍ പാലത്തില്‍ നിന്ന് നദിയിലേക്ക് വീണു! ശക്തമായ ഒഴുക്കില്‍ കറങ്ങിത്തിരിഞ്ഞ് അപ്രത്യക്ഷമായി. തിരച്ചിലിനൊടുവില്‍ പാക്കിസ്താനില്‍ വച്ചാണ് വിറങ്ങലിച്ച ശവശരീരം ലഭിച്ചത്. ഇഖ്ബാല്‍ സിങിന്റെ ഹൃദയഭേദകമായ ദുരന്തത്തിന്റെ സ്മരണയില്‍ ആ പാലത്തിന് 'ഇഖ്ബാല്‍ ബ്രിഡ്ജ് 'എന്ന് പേരിട്ടു. ആ പാലത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ താഴെ നദിയുടെ അലര്‍ച്ച കാതില്‍ വന്നുനിറയും. അത് കലി തുള്ളുകയാണോ, കരയുകയാണോ?
കാര്‍ഗിലിനെ നമ്മുടെ ഓര്‍മ്മയുടെ ഭൂപടത്തില്‍ തിളക്കത്തോടെ നിര്‍ത്തുന്നതിന് കാരണം യുദ്ധമാണ്. ക്യാപ്റ്റന്‍ വിക്രം അടക്കമുള്ള ധീരജവാന്‍മാരുടെ ശവമഞ്ചങ്ങള്‍ കണ്ണീരോടെ ഏറ്റുവാങ്ങിയ ദിനങ്ങള്‍ ഇന്നും നാം മറന്നിട്ടില്ല. ആ യുദ്ധത്തിന്റെ ബാക്കിപത്രങ്ങള്‍ പലയിടത്തും കാണാം.
അടച്ചിട്ട കടകളുടെ തുരുമ്പിച്ച ഷട്ടറുകളില്‍ നിറയെ തുള വീണിരിക്കുന്നു. ഷെല്ലുകള്‍ ചിതറിയപ്പോള്‍ പറ്റിയ പരിക്കാണ്. തകര്‍ന്ന പട്ടാളബാരക്കുകളും കെട്ടിടങ്ങളും. ഉപേക്ഷിക്കപ്പെട്ട ബങ്കറുകള്‍. കാര്‍ഗില്‍ പട്ടണത്തിന്റെ തൊട്ടുമുകളിലുള്ള ടൈഗര്‍ ഹില്ലിനപ്പുറത്തുനിന്ന് നിരന്തരം ചീറി വന്ന ഷെല്ലുകളില്‍ ഈ മണ്ണിലെ രാത്രികളും പകലുകളും വിറച്ചു.
യുദ്ധത്തിന് ശേഷം പെട്ടെന്ന് കാര്‍ഗില്‍ ഒരു കൊച്ചുപട്ടണമായി. കൂടുതല്‍ പട്ടാളബേസുകള്‍ വന്നു. അതിര്‍ത്തിയോട് ഉരുമ്മിക്കിടക്കുന്ന ഈ മണ്ണ് ഇമ ചിമ്മാതെ കാത്തുവയ്‌ക്കേണ്ട ഒന്നാണെന്ന് നാം തിരിച്ചറിഞ്ഞു. ആ മാറ്റങ്ങള്‍ കാര്‍ഗിലില്‍ ഇപ്പോഴും തുടരുന്നു.
ലോകമെങ്ങും ഭീകരവാദത്തിന്റെ പേരില്‍ ഇസ്ലാം പ്രതിക്കൂട്ടില്‍ നില്‍ക്കുകയും അതിന്റെ ശരിതെറ്റുകളെക്കുറിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്യുമ്പോള്‍ കാര്‍ഗില്‍ അതിന്റെ സമീപനങ്ങള്‍കൊണ്ട് അദ്ഭുതമായി മാറുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഇവിടെയുള്ള മുസ്ലിങ്ങള്‍ സമാധാനപ്രിയരും ഇന്ത്യ എന്ന വികാരം സിരകളില്‍ ആവേശേത്താടെ കൊണ്ടുനടക്കുന്നവരുമാണ്. 'കുരുക്ഷേത്ര' സിനിമയിലേക്ക് പാകിസ്താന്‍ പട്ടാളക്കാ രായി അഭിനയിക്കാന്‍ കുറച്ചു യുവാക്കളെ ആവശ്യം വന്നു. കാര്‍ഗിലില്‍ അന്വേഷിച്ചപ്പോള്‍ ഒരാള്‍ പോലും തയ്യാറായില്ല. കാരണം വ്യക്തമായിരുന്നു: പാകിസ്ഥാന്‍ പട്ടാളക്കാരാകാന്‍ ഞങ്ങളില്ല. അത് സിനിമയിലാണെങ്കില്‍ പോലും ഞങ്ങള്‍ക്ക് താത്പര്യമില്ല. ഉറക്കത്തിലും ഉണര്‍വിലും ജീവിതത്തിലും സിനിമയിലും മരണത്തില്‍ പോലും ഞങ്ങള്‍ ഇന്ത്യക്കാരാണ്!
ഇന്ത്യന്‍ ജവാന്‍മാരുടെ സമര്‍പ്പിതവും ദുഷ്‌കരവുമായ ജീവിതം കാര്‍ഗില്‍ വാസക്കാലത്ത് എനിക്ക് നേരിട്ടുകാണാന്‍ സാധിച്ചു. അതിരിനോട് ചേര്‍ന്നുനില്‍ക്കുന്ന ചില ഇന്ത്യന്‍പോസ്റ്റുകള്‍ സന്ദര്‍ശിച്ചു. 'കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുക' എന്ന ശൈലിയുടെ അര്‍ത്ഥം ഇത്തരം പോസ്റ്റുകളില്‍ ചെന്നുനില്‍ക്കുമ്പോഴാണ് മനസിലാകുക.
ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കാര്‍ഗിലിലെ ജനങ്ങളും ജവാന്‍മാരും എന്നെ സ്ഥലംമാറ്റം കിട്ടി വന്ന പുതിയ മേജറായി ധരിച്ചുതുടങ്ങി. രാവിലെ മേജര്‍ മഹാദേവന്‍ എന്നെഴുതിയ പട്ടാളയൂണിഫോമില്‍ ഞാന്‍ ലൊക്കേഷനിലേക്ക് പോകുന്നത് അവര്‍ നിത്യവും കാണുന്നതാണ്. വഴിയോരങ്ങളില്‍ ഡ്യൂട്ടിക്ക് നില്‍ക്കുന്ന പട്ടാളക്കാര്‍ സല്യൂട്ട് ചെയ്യും. ജനങ്ങള്‍ ആദരവോടെ ചിരിക്കും. രാവിലെ നടക്കാന്‍ പോകുമ്പോള്‍ ചിലര്‍ വന്ന് ചില രഹസ്യങ്ങളും പൊതുപ്രശ്‌നങ്ങളും പറയും. ഞാന്‍ അതെല്ലാം കേള്‍ക്കും. അങ്ങിനെ ഇന്ത്യയുടെ യുദ്ധഭൂമിയില്‍ ഒരു യഥാര്‍ത്ഥ മേജറിന്റെ പരിവേഷത്തില്‍ കുറേ ദിവസം കഴിയാന്‍ എനിക്കു സാധിച്ചു. അതില്‍ രാജ്യസ്‌നേഹിയായ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു.
തിരിച്ചുപോരുന്നതിന് തലേന്നും ഞാന്‍ സുരു നദിക്കരയിലൂടെ കുറെ നടന്നു. ഒരു മാസം കൊണ്ട് എനിക്ക് ഏറെ പരിചിതമായ വഴികള്‍. അതിന്റെ തീരത്തെ കൊച്ചു ഗോതമ്പ് വയലുകളിലും, ഒഴുക്കിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരക്കൂട്ടങ്ങള്‍ക്കു താഴെയും ചെന്നിരുന്നു. വീടുകളില്‍ നിന്ന് പരിചിതമുഖങ്ങളും കുഞ്ഞുങ്ങളും ചിരിച്ചു. ഞാന്‍ മനസ് കൊണ്ട് അവരോട് വിട പറഞ്ഞു.
രാത്രി. ഹോട്ടലിന്റെ മുകള്‍നിലയില്‍ നില്‍ക്കുമ്പോള്‍ ആരവങ്ങള്‍ ഒഴിഞ്ഞ കാര്‍ഗിലിനുമുകളില്‍ നദിയുടെ ഇരമ്പം. അതിന്റെ അകൃത്രിമ സംഗീതം. ചുരുങ്ങിയ കിലോമീറ്ററുകള്‍ കൂടി ഒഴുകിയാല്‍ ഈ പുഴ പാകിസ്താനിലേക്ക് കടക്കും. അതിനെ ആരും തടയില്ല. അതിന് നുഴഞ്ഞുകയറ്റങ്ങളില്ല. പുഴയോട് ആരും പാസ്‌പോര്‍ട്ടും പൗരത്വവും ചോദിക്കില്ല. സ്ഥലഭേദങ്ങളോ, വര്‍ണ്ണവര്‍ഗ്ഗ ഭേദങ്ങളോ അറിയാതെ അതൊഴുകിക്കൊണ്ടേയിരിക്കും. അതിന്റെ ഓരത്തുനിന്ന് നമ്മള്‍ യുദ്ധം ചെയ്യുന്നു.
പ്രകൃതിയില്‍ നിന്നും നാം പഠിക്കുന്നതെന്താണ്?,
COURTESY:MATHRUBHMI For More Visit Here